കൊച്ചി ബോൾഗാട്ടിയിലിറങ്ങുന്ന സീ ​​​​​​​പ്ലെയിൻ

പ്രതീക്ഷയു​ടെ ചിറകിലേറി ജലവിമാനം

കൊച്ചി ബോൾഗാട്ടി മറീനയിലെ വാട്ടർ ട്രോമിൽ നിന്ന് ടേക്ക്​ ഓഫ് ചെയ്ത ജലവിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ജലംതൊട്ട​പ്പോൾ സംസ്ഥാനത്തെ വിനോദ, വ്യോമയാന മേഖല പ്രതീക്ഷയുടെ ചിറകിലാണ്. ​ രാവിലെ 10.30ന്​ പറന്നുയർന്ന്​ 10.55ന്​ മാട്ടുപ്പെട്ടി അണക്കെട്ടിലെത്തിയ സീ ​പ്ലെയിനിന്‍റെ ഈ പരീക്ഷണപ്പറക്കൽ ഏറെ കൗതുകത്തോടെയാണ്​ കേരളം കണ്ടത്​. ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണ്​ ഈ ജലവിമാന സർവിസ്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ്​ പദ്ധതി. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേ​ന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ്​ ഇപ്പോൾ സീപ്ലെയിൻ പദ്ധതിക്കായി കേന്ദ്രത്തിന്​ റൂട്ട്​ നൽകിയിരിക്കുന്നത്​. മറ്റ്​ സംസ്ഥാനങ്ങളിൽ വ്യാപാര മേഖലക്ക്​ ഊന്നൽ നൽകുമ്പോൾ കേരളത്തിൽ ടൂറിസം സാധ്യതകളാണ്​ സീ പ്ലെയിൻ ​ ലക്ഷ്യമിടുന്നത്​.

സാധ്യതകളേറെ; നേരിടാൻ കടമ്പകളും

സാധാരണ വിനോദസഞ്ചാരികൾക്കുകൂടി താങ്ങാവുന്ന നിരക്ക് ഏ‍ർപ്പെടുത്തുകയും സീപ്ലെയിനുകളുടെ നി‍ർമാണത്തിന് കമ്പനികൾ മുന്നോട്ടുവരുകയും ചെയ്താൽ കേരളത്തിൽ വൻസാധ്യതയാണ് ഉള്ളതെന്ന്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു​. യാത്രാസൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്​ടറുകളും സീപ്ലെയ്നും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആകാശ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉഡാനിലെ ആർ.സി.എസ്-എസ്.എ.എസ് പദ്ധതികൾ (റീജനൽ കണക്ടിവിറ്റി സ്കീം - സ്മോൾ എയർക്രാഫ്റ്റ് സർവിസസ്). കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുന്നതുകൊണ്ട് എയർലൈൻ കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) വഴി നികത്തും.

വി.ജി.എഫ് തുകയുടെ 80 ശതമാനം കേന്ദ്രം വഹിക്കുംവിധമാണ് ഉഡാൻ പദ്ധതിയുടെ തുടക്കം. 20 ശതമാനം മാത്രമേ സംസ്ഥാന സർക്കാറുകൾ വഹിക്കേണ്ടതുള്ളൂ.

എന്നാൽ, സീപ്ലെയ്നടക്കം ചെറു ആകാശയാനങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതിയിൽ വി.ജി.എഫ് 100 ശതമാനവും സംസ്ഥാനം വഹിക്കേണ്ടിവരും. വാട്ടർ എയ്റോഡ്രോമുകളുടെ നിർമാണം, പരിപാലനം, സുരക്ഷ, ഇന്ധനം നിറക്കാനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടറുകൾ, കാത്തിരിക്കാനുള്ള സൗകര്യം, ശുദ്ധജലം എന്നിവയെല്ലാം ഒരുക്കേണ്ടതും സംസ്ഥാനമാണ്. പദ്ധതിക്ക്​ കേ​ന്ദ്ര വ്യോമയാന ഡയറക്​ടറേറ്റിന്‍റെ ഉൾപ്പെടെ വിവിധ സാ​ങ്കേതിക അനുമതികൾ ലഭ്യമാകേണ്ടതുണ്ട്​. പരീക്ഷണപ്പറക്കലിൽ ഒതുക്കാതെ കേന്ദ്ര– സംസ്ഥാന സർക്കാറുകൾ ഒരുമിച്ച്​ മുന്നിട്ടിറങ്ങിയാലേ സീ ​​​പ്ലെയിനിന്​ ഉയർന്നു​പറക്കാൻ കഴിയൂ.

ഉയരുന്നു എതിർപ്പും

വനം വകുപ്പിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി സംഘടനകളുടെയും ആശങ്കയും പദ്ധതിയുമായി ബന്ധപ്പെട്ട്​ ഉയരുന്നുണ്ട്​. മാട്ടുപ്പെട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ് ഇടുക്കി ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്​.

പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. മീൻപിടിത്തത്തെ ബാധിക്കുന്ന തരത്തിലാണ്​ പദ്ധതിയെങ്കിൽ എതിർക്കുമെന്ന്​ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ യൂനിയനുകളുടെ സമിതിയായ ഫിഷറീസ്​ കോഓഡിനേഷൻ സമിതിയും അറിയിച്ചിട്ടുണ്ട്​.

അനുമതി ലഭിച്ചാൽ ടെൻഡർ

സംസ്ഥാന വിനോദ സഞ്ചാര മേഖലയിൽ ഉൾ​പ്പെടെ വലിയ മുന്നേറ്റത്തിന്​ അവസരം നൽകുന്നതാണ്​ സീ പ്ലെയിനെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിലെ സീ ​പ്ലെയിൻ റൂട്ടുകളുടെ വിവരങ്ങളടക്കം ​ കേ​​ന്ദ്രത്തിന്​ കൈമാറിയിട്ടുണ്ട്​​. ഈ റൂട്ടുകളിൽ അനുമതി ലഭിച്ചാൽ ഇനി ടെൻഡർ വിളിക്കും. കൊച്ചി കേന്ദ്രീകരിച്ചാകും പ്രവർത്തനമെന്ന് ​അദ്ദേഹം പറഞ്ഞു.

എന്താണ്​ സീ പ്ലെയിൻ

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. പുറംകാഴ്ചകൾ ആവോളം അസ്വദിക്കാവുന്ന വലിയ ജനാലകളുള്ളതിനാൽ യാത്ര നല്ല ദൃശ്യാനുഭവമാകും സമ്മാനിക്കുക. ഒരു വശത്ത് രണ്ടുസീറ്റുകളും മറുവശത്ത് ഒറ്റ സീറ്റുകളുടെ നിരയിൽ 19 പേർക്കും സഞ്ചരിക്കാം. വി.ഐ.പികളുടെ യാത്ര, മെഡിക്കൽ ആവശ്യങ്ങൾ, രക്ഷാപ്രവർത്തനം പോലുള്ള മറ്റ് അടിയന്തര ആവശ്യങ്ങൾക്കും ഇത്​ ഉപയോഗിക്കാം.

നീണ്ട റൺവേയുടെ ആവശ്യമില്ല എന്നതാണ്​ മറ്റൊരു പ്രത്യേകത. 800 മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി. രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിൽ പറന്നിറങ്ങും. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിലുള്ള വലിയ ചെലവ് ഒഴിവാകും എന്നത്​ ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. വിമാനത്താവളങ്ങൾക്ക്​ പുറമെ കായൽപരപ്പുകളിലും അണക്കെട്ടുകളിലും വൻതടാകങ്ങളിലും സീപ്ലെയിൻ ഇറക്കാൻ കഴിയുമെന്നതിനാൽ സംസ്ഥാനത്തിന് മികച്ച സാധ്യതയാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ട്രോമുകളിൽ നിന്നാണ്​ യാത്രക്കാർ വിമാനത്തിൽ കയറുക.

Tags:    
News Summary - Sea plane in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.