തിരുവനന്തപുരം: കെ. രാധാകൃഷ്ണന് പകരം ഒ.ആർ. കേളു മന്ത്രിസഭയിലെത്തുന്നതോടെ രണ്ടാം പിണറായി സർക്കാറിൽ ഇതു നാലാം അഴിച്ചുപണി. സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുന്ന ഘട്ടത്തിൽ ഭരണഘടന സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച മന്ത്രി സജി ചെറിയാന്റെ രാജിയായിരുന്നു ആദ്യം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലെ നാവുപിഴയുടെ പേരിൽ 2022 ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവെച്ചത്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്ന് മന്ത്രിമാർക്കായി വീതിച്ചുനല്കി. ഫിഷറീസ് വകുപ്പ് വി. അബ്ദുറഹിമാനും യുവജനക്ഷേമകാര്യ വകുപ്പ് പി.എ. മുഹമ്മദ് റിയാസിനും സാംസ്കാരികം-സിനിമ വകുപ്പുകൾ വി.എന്‍. വാസവനുമാണ് നൽകിയത്.
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെ തുടർന്ന് മന്ത്രിയായിരുന്നു എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയുടെ ചുമതലയേറ്റ സാഹചര്യത്തിൽ 2022 സെപ്റ്റംബറിലായിരുന്നു രണ്ടാമത്തെ അഴിച്ചുപണി. ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ചെന്ന് മാത്രമല്ല, സ്പീക്കറായിരുന്ന എം.ബി. രജേഷ് മന്ത്രിസഭയിലേക്കെത്തിയതും എ.എൻ. ഷംസീർ സ്പീക്കറായതും ഈ ഘട്ടത്തിലാണ്. എം.വി. ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകളാണ് രാജേഷിന് നൽകിയത്. എം.വി. ഗോവിന്ദന്റെ രാജിയോടെ കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി മാത്രമായി മന്ത്രിസഭയിൽ. ഈ നഷ്ടം സ്പീക്കർ സ്ഥാനത്തിലൂടെയാണ് നികത്തിയത്.
രാജിവെച്ച് ആറു മാസത്തിനുശേഷം 2023 ജനുവരിയിൽ സജി ചെറിയാൻ മന്ത്രി സഭയിലേക്ക് തിരിച്ചെത്തി. മുന്നണിയിലെ ധാരണപ്രകാരം മന്ത്രിമാരായിരുന്ന ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ രാജിവെച്ചതും പകരം കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്കെത്തിയതുമാണ് മൂന്നാമത്തെ അഴിച്ചുപണി. ഗതാഗത വകുപ്പാണ് കെ.ബി. ഗണേഷ് കുമാറിന് ലഭിച്ചത്. രജിസ്ട്രേഷന്, പുരാരേഖ, മ്യൂസിയം, പുരാവസ്തുവകുപ്പുകള്‍ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി. അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് പക്ഷേ, കടന്നപ്പള്ളിക്കുപകരം വി.എന്‍. വാസവനാണ് നല്‍കിയത്. നാലാം മാറ്റത്തിൽ ഒ.ആർ. കേളു മന്ത്രിസഭയിലെത്തുമ്പോഴും രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിനില്ല. അതും വാസവനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.