കൊല്ലം: സംസ്ഥാന സമ്മേളനത്തിന് വേദി ഒരുങ്ങുന്ന കൊല്ലം ജില്ല അതിരൂക്ഷ വിഭാഗീയതയുടെ കേന്ദ്രമായത് സി.പി.എമ്മിനെ ഉലക്കുന്നു. ഏതാനും വർഷം മുമ്പ് എറണാകുളത്ത് വിഭാഗീയ കടുത്തപ്പോൾ അന്ന് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.വി. ഗോവിന്ദൻ ജില്ല സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് സമാനമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. കരുനാഗപ്പള്ളിയിൽ തെറ്റായതൊന്നും അംഗീകരിക്കില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന അതിലേക്കുള്ള ചൂണ്ടുപലകയാണ്. ഒളികാമറ വിവാദമടക്കം വിഭാഗീയത രൂക്ഷമായപ്പോഴാണ് ഗോപി കോട്ടമുറിക്കലിനെ മാറ്റി 2011 മുതൽ ’13 വരെ രണ്ടുവർഷം എറണാകുളം ജില്ല സെക്രട്ടറി സ്ഥാനം എം.വി. ഗോവിന്ദൻ ഏറ്റെടുത്തത്.
ഏരിയ സമ്മേളനങ്ങൾക്കുമുമ്പ് തന്നെ കൊല്ലം ജില്ലയിൽ പലയിടത്തും വിഭാഗീയത രൂക്ഷമാവുകയും പല ലോക്കൽ സമ്മേളനങ്ങളും മുടങ്ങുകയും മാറ്റിവെക്കുകയും ചെയ്തിരുന്നു. തർക്കപരിഹാരത്തിൽ ജില്ല നേതൃത്വം പരാജയപ്പെട്ടതോടെ സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ല സെക്രട്ടേറിയറ്റ് യോഗം വിളിക്കേണ്ട സാഹചര്യവും വന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലും എം.വി. ഗോവിന്ദൻ കഴിഞ്ഞമാസം പങ്കെടുത്തു. എന്നിട്ടും രംഗം ശാന്തമായില്ല. സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവും തമ്മിലെ വടംവലിയിൽ കരുനാഗപ്പള്ളിയിൽ മാത്രം ഇരുപതിലേറെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നിർത്തിവെക്കേണ്ടിവന്നത്. രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്തു. കല്ലേലിഭാഗത്ത് സമ്മേളനം കൈയാങ്കളിയിലാണ് അവസാനിച്ചത്. കൊല്ലം ഏരിയയിലെ ചാത്തന്നൂർ ലോക്കൽ സമ്മേളനവും റദ്ദാക്കിയിരുന്നു. ശൂരനാട് ലോക്കൽ സമ്മേളനത്തിൽ നേതൃത്വത്തിന്റെ നിർദേശം അട്ടിമറിച്ച് മറ്റൊരാളെ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടിവന്നു.
ഏഴ് ലോക്കൽ സമ്മേളനങ്ങളാണ് വിഭാഗീയതയിൽ നിർത്തിവെക്കേണ്ടിവന്നത്. അതിൽ നാലെണ്ണം വ്യാഴാഴ്ച നടത്തിയതിലും ഒരെണ്ണം വീണ്ടും നിർത്തി. ഔദ്യോഗിക പക്ഷത്തിന് മേൽക്കൈയുള്ള കുലശേഖരപുരം നോർത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. സെക്രട്ടറിയായി മൂന്ന് ടേം പൂർത്തിയാക്കിയ പി. ഉണ്ണിയെ ഒഴിവാക്കി എച്ച്.എ. സലാമിനെ തെരഞ്ഞെടുത്തത് അംഗീകരിക്കാതെയാണ് ഒരുവിഭാഗം പ്രശ്നമുണ്ടാക്കിയത്. കഴിഞ്ഞദിവസം പാർട്ടി ഓഫിസിലേക്ക് മാർച്ച് നടത്തിയവർ പ്രധാനമായും മുൻ സെക്രട്ടറിക്കും തെരഞ്ഞെടുത്ത സെക്രട്ടറിക്കുമെതിരെ കേട്ടാലറയ്ക്കുന്ന മുദ്രാവാക്യമാണുയർത്തിയത്. കൊല്ലത്ത് ജില്ല സമ്മേളനം നടക്കാനിരിക്കെ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.
വെച്ചുപൊറുപ്പിക്കില്ല -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ സംഭവങ്ങൾ പാർട്ടിയുടെ ശ്രദ്ധയിലുണ്ടെന്നും തെറ്റായ ഒരു പ്രവണതയും പാർട്ടിക്കുള്ളിൽ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് വെറും വാക്കല്ല, അക്ഷരംപ്രതി നടപ്പാക്കും. തെറ്റായ പ്രവണതകളെ പാർട്ടിയുടെ ഭാഗമായി നിലനിർത്താനോ അംഗീകരിക്കാനോ ഒരിക്കലും തയാറാകില്ല. തെറ്റായ പ്രവണതകളെ തിരുത്തിക്കൊണ്ടുമാത്രമേ പാർട്ടിക്ക് മുന്നോട്ടുപോകാനാകൂ. ശരിയായ നിലപാട് സ്വീകരിച്ച് ഇതിനെയെല്ലാം കൈകാര്യംചെയ്യും. വിഷയങ്ങളെ സംഘടനപരമായി തന്നെ നേരിടും. ജില്ല കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന ആരോപണങ്ങളടക്കം എല്ലാം പരിശോധിക്കും. തെറ്റായ പ്രവണത എന്നത് നടന്ന പ്രതിഷേധമാണോ എന്ന് ചോദ്യത്താട് ‘ഉണ്ടായത് എന്താണോ അതെല്ലാം’ എന്നായിരുന്നു മറുപടി.
‘ഒറ്റപ്പെട്ടയിടങ്ങളിൽ അതാത് സ്ഥലത്തുള്ള വിഭാഗീയതയെ ഇപ്പോഴുള്ളൂ. സംസ്ഥാന അടിസ്ഥാനത്തിലോ ജില്ല അടിസ്ഥാനത്തിലോ വിഭാഗീയത കേരളത്തിലില്ല. സംഭവങ്ങൾ ഉണ്ടാകാതിരിക്കലല്ല, ഉണ്ടാകുന്ന സംഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് കാര്യമെന്നും’ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.