തിരുവനന്തപുരം: ശാസ്ത്ര കൗതുകങ്ങളിലേക്ക് കണ്ണുനട്ട് ബഹിരാകാശ ദൗത്യത്തിന്റെ നെറുകയിലേക്ക് എസ്. സോമനാഥ് എത്തുമ്പോൾ അഭിമാനത്തിന്റെ വാനംതൊടുകയാണ് മലയാളിപ്പെരുമ. ബഹിരാകാശ വിക്ഷേപണ വാഹന രൂപകല്പനയിലും വികാസത്തിലും അവയുടെ നിയന്ത്രണത്തിലും ശക്തമായ അടിത്തറ പാകിയാണ് ഐ.എസ്.ആര്.ഒയുടെ തലപ്പത്തേക്ക് എസ്. സോമനാഥ് എത്തുന്നത്.
ഐ.എസ്.ആർ.ഒയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ മലയാളിയാണിദ്ദേഹം. ചന്ദ്രയാന്‍ രണ്ടാം ദൗത്യത്തിന്റെ ആദ്യവിക്ഷേപണത്തിന് തടസ്സമായിരുന്ന ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചതുള്‍പ്പെടെ മൂന്നര പതിറ്റാണ്ടിലധികമുള്ള സേവനകാലത്ത് നിരവധി അവിസ്മരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞനാണ്. വിക്ഷേപണ വാഹന സാങ്കേതികവിദ്യയില്‍ വിദഗ്ധനായ സോമനാഥ് 2018 ലാണ് വി.എസ്.എസ്.സി ഡയറക്ടറായത്. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ മേധാവിയായിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാൻ ഉൾപ്പെടെ ബഹിരാകാശ രംഗത്ത് നിര്‍ണായക ചുവടുവെപ്പുകളുമായി മുന്നേറുമ്പോഴാണ് സോമനാഥ് ഐ.എസ്.ആര്.ഒ തലപ്പത്തെത്തുന്നത്. ആലപ്പുഴ തുറവൂര്‍ വേടംപറമ്പില്‍ ശ്രീധരപ്പണിക്കരുടെയും തങ്കമ്മയുടെയും മകനാണ് സോമനാഥ്.
കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങില്‍നിന്ന് ബി.ടെക്കും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് 1985ല്‍ ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായത്. പി.എസ്.എല്‍.വി ഏകീകരണത്തിന്റെ അമരക്കാരനായിരുന്നു. പി.എസ്.എല്‍.വി പ്രൊജക്ട് മാനേജരായി പ്രാഗല്ഭ്യം തെളിയിച്ചു. ക്രയോജനിക് എന്ജിന് വികസനത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറിനായി പ്രത്യേക എൻജിൻ വികസിപ്പിച്ചതും ജിസാറ്റ് -9 ല്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സമ്പ്രദായം വിജയകരമായി ഉപയോഗിച്ചതും നേട്ടമാണ്. ഭാര്യ വത്സല ജി.എസ്.ടി വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍: മാലിക, മാധവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.