മേപ്പാടി: തമിഴ്നാട്ടില്‍ ബലാത്സംഗം, കൊലപാതക കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി കൃഷ്ണഗിരി, മൈലമ്പാടി സ്വദേശി ലെനിനെ (40) ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം ഏഴുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ പസിയപുരം എം. ധനസേഖരന്‍ (29), മീനങ്ങാടി മൈലമ്പാടി വിണ്ണപറമ്പില്‍ വീട്ടില്‍ മണി എന്ന രാഹുല്‍ (28), കൃഷ്ണഗിരി ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ് (41), മൈലമ്പാടി വെളിപറമ്പില്‍ വീട്ടില്‍ കിച്ചു എന്ന രഞ്ജിത്ത് മോഹനന് (31), മീനങ്ങാടി വിത്തുപുരയില്‍ വീട്ടില്‍ ടിന്റോ തങ്കച്ചന് (35), മൈലമ്പാടി തട്ടാരത്തൊടിയില്‍ വീട്ടില്‍ ടി. അഫ്സല് (37), മൈലമ്പാടി പോട്ടായില്‍ വീട്ടില്‍ സനല്‍ മത്തായി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ സഹായിച്ച സ്പാ നടത്തിപ്പുകാരിയായ സ്ത്രീയെ പിടികൂടാനുണ്ട്. ലെനിനിന്റെ ബന്ധുവിന്റെ കൈയില്‍നിന്നും രഞ്ജിത്തില്‍നിന്നും ഗൂഗ്ള്‍ പേ വഴി ധനസേഖരന്‍ പണം വാങ്ങിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലെനിന് രക്ഷപ്പെടാന്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അമ്പലവയല്‍ കൂട്ട ബലാത്സംഗ കേസില്‍ തമിഴ്നാട് പൊലീസ് ബത്തേരി കോടതിയില്‍ ഹാജരാക്കി വൈത്തിരി സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി കോട്ടനാട് 46ല്‍വെച്ച് ചൊവ്വാഴ്ചയാണ് ലെനിൻ രക്ഷപ്പെട്ടത്. 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പ്രതിയെ പിടികൂടാന്‍ മേപ്പാടി പൊലീസിന് കഴിഞ്ഞിരുന്നു.
മൂന്ന് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ലെനിനിന്റെ സംരക്ഷണത്തിനായുണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ ധനസേഖരനെ ലെനിന് പ്രലോഭിപ്പിച്ച് തന്റെ വരുതിയിലാക്കുകയും ഇയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.