വിമാനച്ചിറക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; അപകടം പൊളിക്കാനായി കൊണ്ടുപോകുന്നതിനിടെ -VIDEO

നെയ്യാറ്റിൻകര: ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെ.എസ്.ആര്‍.ടി.സി ബസിൽ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം ജങ്ഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലർ. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറി. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ.എസ്.ആർ.ടി.സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.




30 വര്‍ഷം ആകാശത്ത് പറന്ന എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്നു ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ വിൽക്കുകയായിരുന്നു. ലേലത്തില്‍ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കി.




തുടർന്ന് വിമാനം പൂർണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. ട്രെയിലർ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നത് കൂടുതൽ തലവേദനയായി. വൻ ഗതാഗത തടസവുമുണ്ടായി.


ബ്ലോക്കില്‍ അകപ്പെട്ട മറ്റൊരു ട്രെയിലറിന്‍റെ ഡ്രൈവറെത്തിയാണ് അപകടത്തിൽപെട്ട ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്. 


Tags:    
News Summary - Several injured as plane parts hits KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.