ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ എൻ.എസ്.എസ് ക്യാമ്പിനെത്തിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഹരി ആർ. വിശ്വനാഥിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
ആർ.എസ്.എസ്. പ്രചാരക് ആയി പ്രവർത്തിച്ചിട്ടുള്ള ഹരി ആർ. വിശ്വനാഥ്, നിലവിൽ ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്‍റെ ജില്ലാ പ്രസിഡന്‍റ് ആണ്. കഞ്ഞിക്കുഴി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ആഗസ്റ്റ് 12 മുതൽ 18 വരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട സ്കൂളിൽ എൻ.എസ്.എസ്. ക്യാമ്പ് നടന്നത്. ഈ ക്യാമ്പിൽവെച്ചാണ് വിദ്യാർഥിനിക്ക് മോശപ്പെട്ട അനുഭവമുണ്ടായത്.
അധ്യാപകൻ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ഈ സംഭവം ചോദ്യം ചെയ്ത വിദ്യാർഥിനിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. പരാതി ഒതുക്കി തീർക്കാൻ സഹ വിദ്യാർഥിയോട് അധ്യാപകൻ അപേക്ഷിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്.
സംഭവം പുറത്തുവന്നപ്പോൾ തന്നെ പൊലീസ് മാനേജ്മെന്‍റിനോട് വിവരങ്ങൾ തേടുകയും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്‍റ് ആദ്യം പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിയിൽ നിന്ന് പൊലീസ് നേരിട്ട് മൊഴി രേഖപ്പെടുത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്കൂൾ മാനേജ്മെന്‍റ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപകൻ ഒളിവിലാണെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.