വടക്കാഞ്ചേരി: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കും ഭര്‍ത്താവിനും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലറും ഡി.വൈ.എഫ്.ഐ ബ്ളോക്ക് ജോ.സെക്രട്ടറിയുമായ പി.എന്‍. ജയന്തന്‍ പറഞ്ഞു.
താന്‍ ഉള്‍പ്പെടെ ചിലര്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പറയുന്നത് കെട്ടിച്ചമച്ചതാണ്. ചില സാമ്പത്തിക ഇടപാടുകളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. രണ്ടാഴ്ച മുമ്പ് യുവതി ഫോണില്‍ വിളിച്ച് തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിലുള്ള വിരോധമാണ് പെട്ടെന്ന് ഈ ആരോപണത്തിന് വഴിവെച്ചത്. ആ കുടുംബവുമായി നേരത്തേ ചില സാമ്പത്തിക ഇടപാടുകളുണ്ട്. അവര്‍ക്ക് അത്യാവശ്യമെന്ന് പറഞ്ഞപ്പോള്‍ മുമ്പ് മൂന്നുലക്ഷം രൂപ പലയിടങ്ങളില്‍നിന്ന് സംഘടിപ്പിച്ചുകൊടുത്തിരുന്നു. അത് തിരിച്ച് ചോദിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നമായി. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണെന്ന് യുവതി കോടതിയില്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം വല്ലതുമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷിച്ച് കുറ്റക്കാരനാണെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കണമെന്നും ജയന്തന്‍ പറഞ്ഞു.
താന്‍ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും സമ്മര്‍ദം ചെലുത്തി യുവതിയുടെ പരാതി പിന്‍വലിക്കാനും മൊഴി മാറ്റിക്കാനും പ്രേരിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം സ്വതന്ത്ര കൗണ്‍സിലര്‍ മധു അമ്പലപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.