കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യഹരജി പരിഗണിച്ചപ്പോൾ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി ജാമ്യ ഹരജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി ഹരജി ഇന്നത്തേക്ക് മാറ്റിയത്.
പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം, ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ഇന്ന് കോടതിയിൽ ആവശ്യപ്പെടും. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുന്നയാളാണ് ഇയാളെന്നും ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്നും സര്‍ക്കാര്‍ ഹൈകോടതിയിൽ നിലപാട് അറിയിക്കും.
നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നുമുള്ള ബോബിയുടെ വാദങ്ങള്‍ തള്ളിയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അഭിരാമി ബോബിയെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാക്കനാട് ജില്ല ജയിലിലാണ് ബോബിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.