എസ്.എഫ്.​ഐ പ്രതിഷേധം: സർക്കാരിനോടും ഡി.ജി.പിയോടും ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാർ എസ്.എഫ്.ഐക്കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ സർക്കാറിനോട് റിപ്പോർട്ട് തേടി രാജ്ഭവൻ. സംഭവം ഗുരുതര സുരക്ഷ വീഴ്ചയാണെന്നും സംഭവിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്.

10, 11 തീയതികളിൽ തിരുവനന്തപുരത്ത് ഗവർണർക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് രാജ്ഭവൻ കത്തിൽ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണം. ഇതുസംബന്ധിച്ച് പൊലീസ് ഉൾപ്പെടെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം. ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തെന്നും വിശദീകരിക്കാനും നിർദേശിച്ചു.

കണ്ണൂരിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നടപടിയെടുക്കാത്തതുകൊണ്ടാണ് ഇത്തരം സുരക്ഷ വീഴ്ചകൾ ആവർത്തിക്കുന്നതെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐകാർക്കെതിരെ പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പു മാത്രം ചുമത്തിയ നടപടിയെയും രാജ്ഭവൻ ചോദ്യം ചെയ്തു. ഗവർണറെ തടഞ്ഞാൽ ചുമത്തേണ്ട വകുപ്പ് ഐ.പി.സി 124 ആണ്. ഇക്കാര്യത്തിൽ പൊലീസ് വരുത്തിയ വീഴ്ചയെയും രാജ്ഭവൻ ചോദ്യം ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊലീസിന് എന്തു തോന്നുന്നുവോ അതുപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും രാജ്ഭവൻ നിർദേശം നൽകി. ഇതിനു പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് ഐ.പി.സി 124 പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. 

Tags:    
News Summary - SFI protest: Governor seeks report from govt, DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.