പെരിന്തൽമണ്ണ: ദീപശിഖ, കൊടിമരജാഥകൾ ആവേശം പടർത്തിയ നിമിഷത്തിൽ എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിന് പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പതാകയുയർത്തി.
കൊടിമരജാഥ കണ്ണൂരിലെ ധീരജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എ.പി. അൻവീർ, ജോബിസൺ ജയിംസ് എന്നിവരുടെ നേതൃത്വത്തിലും ദീപശിഖ ജാഥ ആലപ്പുഴയിലെ ചാരുംമൂട് അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആദർശ് എം. സജി, അമൽ സോഹൻ എന്നിവരുടെ നേതൃത്വത്തിലും പതാകജാഥ മഹാരാജാസ് കോളജിൽ നിന്ന് അഡ്വ. ടി.പി. രഹ്ന സബീന, സി.എസ്. സംഗീത് എന്നിവരുടെ നേതൃത്വത്തിലും തിങ്കളാഴ്ച വൈകീട്ടോടെ പൊതുസമ്മേളന വേദിയിൽ സമാപിച്ചു. വിവിധ ജാഥകളെ എസ്.എഫ്.ഐ സ്വാഗതസംഘം ഭാരവാഹികൾ സ്വീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയെ ചൊവ്വാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.
25 മുതൽ 27 വരെ ഏലംകുളം ഇ.എം.എസ് സ്മാരക മന്ദിരത്തിൽ പ്രതിനിധി സമ്മേളനവും ചർച്ചയും നടക്കും. പ്രതിനിധി സമ്മേളനം 25ന് രാവിലെ 9.30ന് സാംസ്കാരിക ചിന്തകൻ രാം പുനിയാനി ഏലംകുളം ഇ.എം.എസ് സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായി 537 പേർ പങ്കെടുക്കും. 27ന് 85 അംഗ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
25ന് വൈകീട്ട് അഞ്ചിന് മുൻ സംസ്ഥാന ഭാരവാഹി സംഗമം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും 26ന് വൈകീട്ട് അഞ്ചിന് രക്തസാക്ഷി കുടുംബ സംഗമം മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ബാലനും ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡൻറ് വി.പി. സാനു എന്നിവരും സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.