എസ്.എഫ്.ഐ 35ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളന നഗരിയായ സെൻട്രൽ സ്റ്റേഡിയത്തിൽ
സ്വാഗതസംഘം ചെയർമാൻ എം. വിജയകുമാർ പതാക ഉയർത്തുന്നു
തിരുവനന്തപുരം: രക്തസാക്ഷി സ്മരണകളാൽ വൈകാരികമായ അന്തരീക്ഷത്തിൽ എസ്.എഫ്.ഐ 35ാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കം. പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ എം. വിജയകുമാർ പതാക ഉയർത്തി.
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിലെ രക്തസാക്ഷി ധീരജിന്‍റെ സ്മൃതി മണ്ഡപത്തിൽനിന്ന് ഞായറാഴ്ച ആരംഭിച്ച പതാക ജാഥയും എറണാകുളം മഹാരാജാസ് കോളജിലെ രക്തസാക്ഷി അഭിമന്യുവിന്‍റെ സ്മൃതി മണ്ഡപത്തിൽനിന്ന് തിങ്കളാഴ്ച ആരംഭിച്ച ദീപശിഖ ജാഥയും പാറശ്ശാലയിലെ സജിൻ ഷാഹുലിന്റെ സ്മൃതികുടീരത്തിൽനിന്ന് ചൊവ്വാഴ്ച ആരംഭിച്ച കൊടിമര ജാഥയുമാണ് സെൻട്രൽ സ്റ്റേഡിയത്തിനു സമീപം സംഗമിച്ചത്.
തുടർന്ന്, നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. ജാഥാ ക്യാപ്‌റ്റൻ ഹസൻ മുബാറക്കിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പതാക ഏറ്റുവാങ്ങി.
കെ.വി. അനുരാഗിൽനിന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ദീപശിഖയും എ.എ. അക്ഷയിൽനിന്ന് സി.പി.എം ജില്ല സെക്രട്ടറി വി. ജോയ് കൊടിമരവും ഏറ്റുവാങ്ങി.
ബുധനാഴ്ച വിദ്യാർഥി റാലിക്കുശേഷം രാവിലെ 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.കെ.ജി ഹാളിലാണ് പ്രതിനിധി സമ്മേളനം. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്യൂബന്‍ മിഷന്‍ ഡെപ്യൂട്ടി ഹെഡ് ആബെല്‍ അബല്ലെ ഡെസ്പൈ മുഖ്യാതിഥിയാകും.
503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലക്ഷ്വദീപില്‍നിന്നുള്ള മൂന്ന് പ്രതിനിധികളും പങ്കെടുക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രതിനിധി സമ്മേളനം തുടരും.
വ്യാഴാഴ്ച വൈകീട്ട് മുന്‍കാല ഭാരവാഹികളുടെ സംഗമം നടക്കും. വെള്ളിയാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.