തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്.എഫ്.ഐ.ഒ) ഏറ്റെടുത്തത് സി.പി.എമ്മിന് വെല്ലുവിളി. അന്വേഷണം മുന്നോട്ടുപോയാൽ മുഖ്യമന്ത്രിക്കും സർക്കാറിനുമുണ്ടാക്കുന്ന പരിക്ക് ചെറുതാകില്ല.
വീണാ വിജയന്റെ കമ്പനി എക്സാലോജിക്കും കരിമണൽ കമ്പനി സി.എം.ആർ.എല്ലും തമ്മിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം മുന്നോട്ടുവെക്കാൻ പാർട്ടിക്കും സർക്കാറിനും കഴിഞ്ഞിട്ടില്ല.
രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) നടത്തിയ അന്വേഷണത്തിൽ വീണാ വിജയനെതിരായ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഗുരുതര സാമ്പത്തിക കുറ്റാന്വേഷണം നടത്താൻ ചുമതലയുള്ള എസ്.എഫ്.ഐ.ഒക്ക് കേസ് കൈമാറിയത്.
കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള ഉന്നതതല അന്വേഷണ സംവിധാനമാണ് എസ്.എഫ്.ഐ.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തോട് എട്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. കരിമണൽ കമ്പനിയിൽനിന്ന് വീണാ വിജയൻ കൈപ്പറ്റിയ പണം മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണെന്നാണ് ആക്ഷേപം.
രണ്ടു കമ്പനികൾ തമ്മിലെ കരാർ പ്രകാരമുള്ള ഇടപാടെന്ന് പാർട്ടിയും സർക്കാറും വാദിക്കുമ്പോഴും കരാർ പ്രകാരം നൽകിയ സേവനം എന്തെന്ന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്ഷന് തുക ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ വൈകാരികമായി പ്രതികരിച്ചു.
അപ്പോഴും സേവനമൊന്നും നൽകാതെ മകൾ കരിമണൽ കമ്പനിയിൽനിന്ന് വൻ തുക കൈപ്പറ്റിയെന്ന കണ്ടെത്തൽ സംബന്ധിച്ച് വിശദീകരിച്ചില്ല. അറസ്റ്റിന് അധികാരമുള്ള അന്വേഷണ എജൻസികൂടിയാണ് എസ്.എഫ്.ഐ.ഒ. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കത്തിന് രാഷ്ട്രീയ പ്രധാന്യം ഏറെയുണ്ട്. എസ്.എഫ്.ഐ.ഒ അന്വേഷണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്നാണ് വീണയുടെ ഭർത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.