തിരുവനന്തപുരം: മലയാളത്തിന്റെ പ്രതിഭാധനനായ സംവിധായകൻ ഷാജി എൻ. കരുൺ ഒടുവിൽ പങ്കെടുത്തത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ. ഏപ്രിൽ 16ന് നടന്ന ചടങ്ങിലാണ് കേരള സർക്കാറിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അദ്ദേഹം ഏറ്റുവാങ്ങിയത്.
നിശാഗന്ധിയിൽ നിറഞ്ഞ കൈയടികളോടെയാണ് പുരസ്‌കാര സമർപ്പണത്തെ പ്രേക്ഷകർ സ്വീകരിച്ചത്.
രോഗാതുരമായ അവസ്ഥയിലും പൊതുചടങ്ങിൽ പങ്കെടുക്കാൻ ധൈര്യം കാട്ടിയ പ്രതിഭയാണ് ഷാജി എൻ. കരുൺ. അസുഖബാധിതനായാൽ പൊതുസമൂഹത്തിൽ നിന്ന് അകലം പാലിക്കുന്നവരിൽ നിന്ന് വ്യത്യസ്‌തനാവുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം വാങ്ങി മടങ്ങുകയല്ല അദ്ദേഹം ചെയ്‌തത്. പകരം ചടങ്ങുകൾ പൂർത്തിയാകും വരെ വേദിയിലിരിക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്‌തു.
ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടിയായിരുന്നു നിശാഗന്ധിയിൽ നടന്നത്. സംസ്ഥാനത്തിന്റെ ആദരം ഏറ്റുവാങ്ങി രണ്ടാഴ്ച തികയും മുമ്പാണ് അദ്ദേഹം വിട പറയുന്നത്.
തിരുവനന്തപുരം: മലയാള സിനിമയുടെ മുഖശ്രീയായിരുന്ന അതുല്യ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ. കരുണിന്റെ വിയോഗത്തോടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകനെന്ന നിലയിൽകൂടിയാണ് അദ്ദേഹത്തെ അറിയുന്നത്. സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു. മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകവാഹകനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേദകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത ‘പിറവി’ പറയുന്നത്. മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുള്ള ഇടപെടലുകളിലും ഷാജി എൻ. കരുൺ സജീവ സാന്നിധ്യമായിരുന്നു. പുരോഗമന രാഷ്ട്രീയത്തിന്‍റെ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു. പുരോഗമന രാഷ്ട്രീയത്തിനെതിരെ വെല്ലുവിളികൾ ഉയർന്നപ്പോഴൊക്കെ പ്രതിരോധിക്കാൻ ആദ്യമുയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ. കരുണിന്‍റേതായിരുന്നു.
തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര തലത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു ഷാജി എൻ. കരുണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമക്ക് അതുല്യ സംഭാവനകൾ നൽകി. കാലാതിവർത്തിയായ സൃഷ്ടികളൊരുക്കി ലോകസിനിമയിൽ സ്വന്തമായ ഇരിപ്പിടമുണ്ടാക്കി. തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണമാം വിധം സിനിമയെ അടയാളപ്പെടുത്തിയ വിഖ്യാത കലാകാരന് വിട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.