തിരുവനന്തപുരം: പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജിന് ഗ്രീഷ്മ മുമ്പും വിഷം നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ മാതാവ് പ്രിയ. സംശയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹമുറപ്പിച്ചത് മൂന്നുമാസം മുമ്പാണ്. അതിനുശേഷം ഗ്രീഷ്മയെ കണ്ട് മടങ്ങിവന്നിരുന്ന ഷാരോണിന് പലതവണ ശാരീരികാസ്വസ്ഥതകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ, പലതവണ ഷാരോണിന് ഛര്‍ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടു. മരുന്നുകഴിച്ചപ്പോള്‍ അത് ശരിയായെന്നും ഷാരോണിന്റെ മാതാവ് പറഞ്ഞു. ഗ്രീഷ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ, ഇരുവരും കുറച്ചുകാലം അകന്നുകഴിഞ്ഞിരുന്നു.
പിന്നീട്, ഗ്രീഷ്മ വീണ്ടും സന്ദേശങ്ങള്‍ അയക്കാനും വിളിക്കാനും തുടങ്ങി. ഷാരോണിനെ ജീവനുതുല്യം സ്നേഹിക്കുന്നെന്ന് വിശ്വസിപ്പിക്കാൻ എല്ലാ ദിവസവും നെറ്റിയിൽ കുങ്കുമം ചാർത്തിയുള്ള ചിത്രം ഗ്രീഷ്മ വാട്സ്ആപ്പിൽ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നെന്ന് പ്രിയ പറയുന്നു.
ഏത് കഷായമാണ് നൽകിയതെന്ന് പല തവണ ചോദിച്ചെങ്കിലും പേരറിയില്ലെന്നാണ് ഗ്രീഷ്മ പറഞ്ഞതെന്ന് ഷാരോണിന്റെ പിതാവ് ബ്രൈറ്റ് ജയരാജ് പറഞ്ഞു. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം കളയുമെന്നാണ് ഗ്രീഷ്മ പറഞ്ഞത്. എനിക്കത് സഹിക്കാൻ പറ്റുമോ എന്നും ചോദിച്ചു.
മകനെ കൊലപ്പെടുത്തിയതിനുപിന്നിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ട്. ഈ മാസം 14ന് റെക്കോഡ് ബുക്ക് കൈമാറാൻ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീടിന് 50 മീറ്റർ ദൂരത്തെത്തിയപ്പോൾ അവൾ വിളിച്ചു. 'വീട്ടില്‍ ആരുമില്ല ഇങ്ങോട്ട് വാ' എന്നുപറഞ്ഞു.
അപ്പോൾ ഗ്രീഷ്മയുടെ പിതാവും മാതാവും വീട്ടിൽനിന്നിറങ്ങിപ്പോയതായി ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞതായും ഇരുവരും ആരോപിച്ചു. ഇക്കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പൊലീസിൽ പറഞ്ഞിരുന്നു. എന്നാൽ, അത് വ്യക്തമായി അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല.
അവരങ്ങനെ ചെയ്യില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ, അവർക്ക് പ്രത്യേക താൽപര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പൊലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പിയെടുത്തെങ്കിലും വരാമായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള സമയം പാറശ്ശാല പൊലീസ് നൽകിയെന്നും പിതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.