തിരുവനന്തപുരം: അയോധ്യയിലെ ബാബരി മസ്‌ജിദ് തകർത്ത സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആശംസ നേർന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം.പി.
ശ്രീരാമൻ ബി.ജെ.പിയുടെ സ്വത്തല്ല, ഗാന്ധിജി ശ്രീരാമ കീർത്തനം ആലപിച്ചിരുന്നു. അത്തരത്തിലുള്ള ശ്രീരാമെൻറ നാമം പോലും ഹൈജാക്ക് ചെയ്യപ്പെടരുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ എതിർത്തിട്ടില്ല, പക്ഷെ ബാബരി മസ്‌ജിദ് ധ്വംസനം എന്ന ക്രിമിനൽ കുറ്റത്തെ എതിർത്തിട്ടുണ്ട്. 1989ൽ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന് അടുത്തുള്ള തർക്കരഹിത പ്രദേശത്ത് ശിലാന്യാസം നടത്താൻ അനുമതി നൽകിയത്. അതേ സമയം പള്ളിയുടെ പൂട്ട് തുറക്കാനുള്ള അനുമതി നൽകിയത് രാജീവ് ഗാന്ധിയല്ല, ഫൈസാബാദ് ജില്ലാ ജഡ്‌ജി പൂട്ട് തുറക്കാനുള്ള വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അത് നടന്നത്. ബാബരി മസ്‌ജിദ് ധ്വംസനം നമ്മുടെ മനസാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നു
സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തെ പല കോൺഗ്രസ് നേതാക്കളും അനുകൂലിച്ചിട്ടുണ്ട്. പക്ഷെ അവരാരും ഹിന്ദുക്കളെ മുസ്ലിംകൾക്കെതിരിൽ ഇളക്കിവിട്ടിട്ടില്ല. അവർ മുസ്ലിം സമൂഹത്തിനെതിരായി വെറുപ്പിെൻറയോ വിദ്വേഷത്തിെൻറയോ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ശ്രീരാമൻ ബി ജെ പി യുടെ സ്വത്തല്ല. ശ്രീരാമനെക്കുറിച്ചുള്ള സങ്കല്പം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിവെക്കപ്പെട്ടതാണ്. ഗാന്ധിജി ശ്രീരാമ കീർത്തനം എല്ലായ്‌പോഴും ആലപിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തിൽ പോലും "ഹേ റാം" ആയിരുന്നു എന്നത് നമുക്കറിയാവുന്നതാണല്ലോ. എല്ലാവർക്കും ക്ഷേമവും സമാധാനവും പുലരുന്ന ഒരു രാമരാജ്യമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പത്തിലെ ഭാരതം. അത്തരത്തിലുള്ള ശ്രീരാമന്റെ നാമം പോലും ഹൈജാക്ക് ചെയ്യപ്പെടരുത്.
കേവലം ജപങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നവരുടെ അധീനതയിൽ ശ്രീരാമനെക്കുറിച്ചും സനാതനധർമ്മത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ വന്നുകൂടാ. രാമൻ മനുഷ്യകുലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദുത്വപ്രകാരം ശ്രീരാമൻ ആരാധിക്കപ്പെടുന്ന ഒരു ദൈവമാണ്; ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഏതൊരു വ്യക്തിയും അനുകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട ഗുണങ്ങളെയും മൂല്യങ്ങളെയുമാണ് ശ്രീരാമൻ പ്രതിനിധീകരിക്കുന്നത്.
നമുക്ക് കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാക്കി പറയാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയോധ്യയിൽ ഒരു രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർത്തിട്ടില്ല; പക്ഷെ ബാബരി മസ്‌ജിദ് ധ്വംസനം എന്ന ക്രിമിനൽ കുറ്റത്തെ എതിർത്തിട്ടുണ്ട്. 1989ൽ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന് അടുത്തുള്ള തർക്കരഹിത പ്രദേശത്ത് ശിലാന്യാസം നടത്താൻ അനുമതി നൽകിയത്. അതേ സമയം പള്ളിയുടെ പൂട്ട് തുറക്കാനുള്ള അനുമതി നൽകിയത് രാജീവ് ഗാന്ധിയല്ല; പക്ഷെ ഫൈസാബാദ് ജില്ലാ ജഡ്‌ജി പൂട്ട് തുറക്കാനുള്ള വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അത് നടന്നത്. സുപ്രീം കോടതിയുടെ ഒഫീഷ്യൽ ലിങ്ക് ഇവിടെ കൊടുക്കുന്നു; പേജ് 476 കാണുക: https://www.sci.gov.in/pdf/JUD_2.pdf
ഇന്നത്തെ സംഭവം നിങ്ങളിൽ ഉളവാക്കിയ വികാരം എന്താണെന്ന് എനിക്കറിയില്ല; പക്ഷെ ഒരു കാര്യം വ്യക്തമായി പറയാം ബാബരി മസ്‌ജിദ് ധ്വംസനം നമ്മുടെ മനസ്സാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നു. രാഹുൽ ഗാന്ധി 2007ൽ പറഞ്ഞത് ഇപ്രകാരമായിരുന്നു "എന്റെ അച്ഛൻ അമ്മയോട് പറഞ്ഞിരുന്നത് ബാബരി മസ്‌ജിദ് തകർക്കാൻ ആര് വന്നാലും പള്ളിയുടെ മുൻപിൽ ഞാൻ പോയി നിൽക്കും. പള്ളി പൊളിക്കുന്നതിന് മുൻപ് അവർക്ക് എന്നെ വധിക്കേണ്ടി വരും"
ചില "ഇടത്-ലിബറൽ ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവർ" കോൺഗ്രസിനെ സോഫ്റ്റ് ബി ജെ പി പാർട്ടി എന്നാരോപിക്കുന്നുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തെ പല കോൺഗ്രസ് നേതാക്കളും അനുകൂലിച്ചിട്ടുണ്ട്. പക്ഷെ അവരാരും ഹിന്ദുക്കളെ മുസ്ലിംകൾക്കെതിരിൽ ഇളക്കിവിട്ടിട്ടില്ല. അവർ മുസ്ലിം സമൂഹത്തിനെതിരിൽ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രസംഗങ്ങൾ നടത്തിയിട്ടില്ല. അവർ ശ്രീരാമൻ എന്ന ആരാധനാ സങ്കല്പത്തെ പ്രകീർത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന് പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം: രാമക്ഷേത്ര പ്രശ്നത്തിൽ മുസ്ലിം സമൂഹവുമായി സഹവർത്തിത്വത്തിന്റെ പാത സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരും വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് കൊണ്ട് ബാബരി മസ്‌ജിദ് തകർത്തവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലേ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളെ കൈവിട്ടു എന്ന് വിശ്വസിക്കുന്ന മുസ്ലിംകളോട് പറയാനുള്ളത് നിങ്ങൾ പരിശുദ്ധ ഖുർആനിലേക്ക് മടങ്ങുക എന്നാണ്. പരിശുദ്ധ ഖുർആൻ അദ്ധ്യായം 60 സൂക്തങ്ങൾ 8 & 9 വായിച്ചു മനസ്സിലാക്കുക :
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍."
മുസ്ലിംകളോട് ചോദിക്കാനുള്ളത് ഇത് മാത്രമാണ്: നിങ്ങളെ ആരാണ് ചതിച്ചത്? ഹിന്ദുക്കളും മുസ്ലിംകളും മറ്റു ജാതി മതവിഭാഗങ്ങളും അവരുടെ വൈവിധ്യങ്ങളോട് കൂടി ഉൾക്കൊള്ളുന്ന ഒരിന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്നവരോ, അതോ, നിങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചവരും, നിങ്ങളെ ആക്രമിച്ചവരുമായ കൂട്ടരോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.