കോഴിക്കോട്: ആർ.എസ്.പിയെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോൺ. കുഞ്ഞുമോൻ ആദ്യം എൽ.ഡി.എഫിൽ കയറൂ എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
''ആർ.എസ്.പിയെ കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.''-ഷിബു ബേബി ജോൺ പോസ്റ്റിൽ പറയുന്നു.
ആർ.എസ്.പി എന്നും ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കേണ്ട പാർട്ടിയാണെന്നായിരുന്നു കോവൂർ കുഞ്ഞുമോൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആർ.എസ്.പി എൽ.ഡി.എഫിലേക്ക് വരണം. പാർട്ടി ശക്തിപ്പെട്ടെങ്കിൽ മാത്രമേ പ്രാദേശിക തലത്തിലും നിയമസഭയിലും അടക്കം എം.എൽ.എമാരുടെ വർധനവ് ഉണ്ടാക്കാൻ കഴിയൂ. ഞങ്ങൾ ആർ.എസ്.പിയെ സ്വാഗതം ചെയ്യുകയാണ്. പാർട്ടി ഏകീകരണമുണ്ടാകണമെന്നും കോവൂർ കുഞ്ഞുമോൻ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ ചവറ മണ്ഡലത്തിൽ മത്സരിച്ച പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഷിബു ബേബി ജോൺ അവധിയെടുത്തിരുന്നു. ആയുർവേദ ചിക്തിസക്ക് വേണ്ടി അവധിയെടുത്തതെന്നാണ് ഷിബുവിന്‍റെ വിശദീകരണം.
എന്നാൽ, ചവറ ഉൾപ്പെടെയുള്ള സീറ്റുകളിൽ ആർ.എസ്.പിക്കുണ്ടായ പരാജയത്തെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതയുടെ കൂടി പശ്ചാത്തലത്തിലാണ് അവധിയെടുക്കലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.