ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന് പ്രതീക്ഷ നൽകി സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടക്കും. ചരക്കുകപ്പൽ സർവിസിന് മുംബൈയിലെ ഭാരത് ബ്രൈറ്റ് ഗ്രൂപ് ഷിപ്പിങ് കമ്പനി രംഗത്തുവന്നതാണ് പുത്തൻ പ്രതീക്ഷ നൽകുന്നത്. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയുടെ നേതൃത്വത്തിൽ ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും വിവിധ കാർഗോ കമ്പനി ഉടമകളും യോഗത്തിൽ പങ്കെടുക്കും.
ബുധനാഴ്ച കണ്ണൂർ ചേംബർ ഓഫ് കോമേഴ്സിലും യോഗം ചേരുന്നുണ്ട്. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കും, കൊല്ലത്തേക്കും തുടർന്ന് അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തേക്കുമുള്ള ചരക്ക് ഗതാഗത സാധ്യത സംബന്ധിച്ചാണ് ചർച്ച.
ആദ്യഘട്ടം കണ്ണൂരിൽനിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കും അടുത്ത ഘട്ടം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്നതിനാണ് ആലോചന. കയറ്റുമതിക്കും ഇറക്കുമതിക്കും മതിയായ ചരക്കുകളുണ്ടെങ്കിൽ കണ്ടെയ്നർ കാർഗോ സർവിസും ബൾക്ക് കാർഗോ സർവിസും (നോൺ കണ്ടെയ്നർ കാർഗോ) നടത്താൻ ഭാരത് ബ്രൈറ്റ് ഗ്രൂപ് സമ്മതമറിയിച്ചു. 20 ഇക്വലന്റ് യൂനിറ്റ്, 40 ഇക്വലന്റ് യൂനിറ്റ് എന്നിങ്ങനെ രണ്ടുതരം കണ്ടെയ്നർ കാർഗോ സർവിസാണുള്ളത്. ഇതിൽ 20 ഇക്വലന്റ് യൂനിറ്റ് കാർഗോ സർവിസാണ് പരിഗണനയിലുള്ളത്.
സിമന്റ്, തേങ്ങ, മാങ്ങ തുടങ്ങിയ ഉൽപന്നങ്ങൾ വലിയ അളവിൽ കൊണ്ടുപോകുന്നതാണ് ബൾക്ക് കാർഗോ. കാറുകൾ ഉൾപ്പെടെ വിവിധയിനം വാഹനങ്ങൾ, പ്ലൈവുഡ്, ടൈൽസ് തുടങ്ങിയ ചരക്കുകൾ സമുദ്രമാർഗം കയറ്റിറക്കുമതി നടത്തുന്നതിലൂടെ റോഡ് ഗതാഗതത്തേക്കാൾ വലിയ തോതിൽ ചെലവ് കുറയും. കരമാർഗമുള്ള സംസ്ഥാന സഞ്ചാരപാതയിൽ ഏകദേശം 20,000 ട്രക്കുകൾ ചരക്കുകളുമായി ദിനേന സഞ്ചരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
സമുദ്ര മാർഗമുള്ള ചരക്കുനീക്കത്തിലൂടെ റോഡിലെ തിരക്ക് ഗണ്യമായി കുറയുകയും പാരിസ്ഥിതിക മലിനീകരണ പ്രശ്നങ്ങൾക്ക് ഒരളവുവരെ പരിഹാരമാവുകയും ചെയ്യും.
കോഴിക്കോടും കണ്ണൂരിലും നടക്കുന്ന ഷിപ്പിങ് ഓപറേഷൻ യോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് വാണിജ്യ-വ്യാപാര മേഖല വീക്ഷിക്കുന്നതെന്നും കേരള തീരം ചരക്കുകടത്തിന്റെ ഏറ്റവും സുഗമമായ മേഖലയായി മാറ്റുന്നതിനുള്ള ആത്മാർഥ ശ്രമമാണിതെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.