പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടിസും. തിരുവല്ല എസ്.എച്ച്.ഒ ആയിരുന്ന ബി. സുനിൽ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി.വൈ.എസ്.പിയാണ് വിശദീകരണം തേടിയത്.
ശബരിമല കയറിയതിന്‍റെ പിറ്റേന്ന് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പി സംഭവത്തിൽ വിശദീകരണം തേടുകയായിരുന്നു.
മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം ബോധപൂർവം മറച്ചുവെച്ച്, ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്.ഒ അനുമതി തേടിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാൽ ശബരിമല ദര്‍ശനത്തിനായി എത്തിയത്. ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചായിരുന്നു മലകയറിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാത്രമല്ല, മമ്മൂട്ടിയുടെ പേരിൽ അദ്ദേഹം ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്നെഴുതിയ ശീട്ടിന്‍റെ ചിത്രം പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തിരുന്നു. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.