രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ഠം ഇടറിയുള്ള പ്രസംഗം ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തുമെന്ന് ശോഭാ സുരേന്ദ്രൻ.
തന്‍റെ ഏറ്റവും ശക്തനായ വിമർശകൻ രാജ്യസഭയിൽ നിന്ന് വിരമിക്കുമ്പോൾ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്. കശ്മീരിൽ നിന്നുള്ള അവസാനത്തെ രാജ്യസഭാ എം.പിയായ ഗുലാം നബിയെ വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ് ലിം എന്നാണ് സ്വയം വിശേഷിപ്പിച്ചത്.
കോൺഗ്രസുകാരനായ നേതാവിന് ആദരവിന്‍റെ കണ്ണീർകണം സമർപ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതെന്നും ശോഭ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 'രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
കശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.'
ചൊവ്വാഴ്ച രാജ്യസഭയിൽ കോൺഗ്രസ് എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു മോദിയുടെ വികാരഭരിത നിമിഷങ്ങൾ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു.
ഗുലാം നബിയെ യഥാർഥ സുഹൃത്ത് എന്നാണ് മോദി വിശേഷിപ്പിച്ചത്. 'സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്‍റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കും' – പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേയാണ് മോദി കരഞ്ഞത്. 'കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ അവരെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും നടത്തിയ പരിശ്രമങ്ങൾ മറക്കില്ല.
ഗുലാം നബി നിരന്തരം അവർക്കായി ഇടപെട്ടു. സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി അവരെ കണ്ടത്'- പ്രധാനമന്ത്രി പറഞ്ഞു. പലപ്പോഴും വാക്കുകൾ കിട്ടാതെ വിഷമിച്ച മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.