കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു.
എസ്.എൻ.സി ലാവ്ലിൻ, പി.ഡബ്ല്യു.സി എന്നീ കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം നൽകിയെന്നാണ് ഷോണിന്‍റെ ആരോപണം. വിദേശ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈകോടതിയിൽ ഉപഹരജി നൽകി.
എക്സാലോജിക്-കരിമണൽ കമ്പനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജും എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സി.എം.ആർ.എല്ലിന്‍റെയും ഹരജികൾ നാളെ ഹൈകോടതി പരിഗണിക്കും.
പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കോടതിയിൽ ഷോൺ ജോർജ് കഴിഞ്ഞ ദിവസം സമർപ്പിച്ചിട്ടുണ്ട്.
മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടന്‍റെ ഹരജി വിജിലൻസ് കോടതി തള്ളി. ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്.
സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്നതടക്കം ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.