ജീവനെടുക്കുന്ന റീൽ നാടിന്റെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ റീലിന്റെ പേരിലുള്ള മരണയാത്രകളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചുവടെ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിരിക്കുകയാണ്.
ജീവൻ കൈയിൽപിടിച്ച് റീൽ പിടിത്തം; അപകടമുനമ്പായി ബൈപാസ് റോഡ്
തിരുവനന്തപുരം: റീലെടുക്കാനായി ജീവൻ പണയംവെച്ച് ആഡംബര ബൈക്കുകളിലും കാറുകളിലും പായുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ബൈപാസ്. കാമറകളുമായി തലങ്ങും വിലങ്ങും പായുകയാണ് റേസിങ് സംഘങ്ങൾ. ബൈക്കോട്ടം മാത്രമല്ല, സമൂഹമാധ്യമങ്ങളിലെ റീച്ചിനായി കൈവിട്ട അഭ്യാസപ്രകടനങ്ങൾക്കാണ് കഴക്കൂട്ടം-കോവളം റോഡ് രാപ്പകൽ വ്യത്യാസമില്ലാതെ വേദിയാകുന്നത്.
നേരത്തെ വൈള്ളയമ്പലം-കവടിയാർ റോഡിലായിരുന്നു റേസിങ് സംഘങ്ങൾ തമ്പടിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നതിനപ്പുറം മത്സരസ്വഭാവത്തിലായിരുന്നു രാജ്ഭവൻ ഉൾപ്പെടുന്ന അതിസുരക്ഷ നിരത്തിലെ അന്നത്തെ ബൈക്കോട്ടം. സിനിമ ടിക്കറ്റും ഭക്ഷണവുമെല്ലാമായിരുന്നു പന്തയവും സമ്മാനവും.
ഒരുവർഷം 31 അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതിൽ നാല് ജീവൻ പൊലിയുകയും ചെയ്തതോടെ അധികൃതർ ഇടപെട്ടു. കാമറകൾ സ്ഥാപിക്കുകയും പൊലീസ് പട്രോളിങ് സജീവമാകുകയും ചെയ്തതോടെ റേസിങ് സംഘങ്ങൾ ബൈപാസിലേക്ക് കുടിയേറുകയായിരുന്നു.
പരിശോധനകൾ പാതിവഴിയിൽ...
2022ൽ കോവളം-മുക്കോല ബൈപാസിൽ റേസിങ് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചതിനെതുടർന്ന് അൽപകാലം പരിശോധനകൾ ഊർജിതമാക്കിയെങ്കിലും പിന്നീട് അതെല്ലാം നിലച്ചു.
കഴക്കൂട്ടത്തെ പുതിയ മേൽപാലം, ഈഞ്ചയ്ക്കൽ, വെൺപാലവട്ടം മേൽപാലങ്ങൾ എന്നിവിടങ്ങളിലും റീൽസിനായുള്ള സാഹസിക പ്രകടങ്ങൾ വ്യാപകമാണ്. ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളാണ് അപകടം വരുത്തിവെക്കുന്നത്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ മിക്കതും നിയന്ത്രണംവിട്ട് റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറി ചിന്നിച്ചിതറുകയാണ് പതിവ്.
വാഴമുട്ടം-കോവളം, മുട്ടത്തറ-കല്ലൂംമൂട്, അമ്പലത്തറ-തിരുവല്ലം പാലം, കഴക്കൂട്ടം ടെക്നോപാർക്ക്-ആക്കുളം, ചാക്ക-ഈഞ്ചയ്ക്കൽ എന്നീ ഭാഗങ്ങളിലും സാഹസിക പാച്ചിലിന് കുറവില്ല. ദാരുണ അപകങ്ങൾ കൺമുന്നിൽ അനവധിയുണ്ടായാലും പിന്മാറാൻ യുവാക്കൾ തയാറാകുന്നില്ല എന്നതാണ് ദയനീയം.
കല്ലൂംമൂട് പാലത്തിൽ ഒരു വർഷത്തിനിടെ മൂന്നുപേരും വെൺപാലവട്ടം പാലത്തിൽ രണ്ടുപേരും ഈഞ്ചയ്ക്കലിൽ നാലുപേരും വാഹനാപകടങ്ങളിൽ മരിച്ചു. മുക്കോല ബൈപ്പാസിൽനിന്ന് കോവളത്തേക്കുള്ള റോഡിൽ രണ്ടംഗസംഘം ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് നടപടിയെടുത്തു. മൂന്നുവർഷത്തിനിടെ എഴുപതോളം അപകടങ്ങളാണ് ബൈപാസിൽ റിപ്പോർട്ട് ചെയ്തത്. സർവിസ് റോഡ് പണിയാതെ ഇരു ദിശയിലേക്കും ഒരേ വരിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ബൈപാസിലെ വാഹനാപകടങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ഒട്ടേറെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും പ്രാവർത്തികമായില്ല. റോഡുകളിലെ വെളിച്ചക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു.
പ്രതികരിച്ചാൽ ‘തന്ത വൈബ്’
സമൂഹമാധ്യമങ്ങളിൽ താരങ്ങളാകാനാണ് ബൈപാസിലെ റീൽസു പിടുത്തം. കാമറകളുമായി മുന്നിലും പിന്നിലും വശങ്ങളിലുമായി വിവിധ ആംഗിളിൽ ദൃശ്യങ്ങളെടുക്കാൻ പല വാഹനങ്ങളായിരിക്കും ഷൂട്ടിനുണ്ടാവുക. അമിതവേഗതയിലാകും നായകന്റെ പാച്ചിൽ.
ഏതെങ്കിലും ഘട്ടത്തിൽ കണ്ണൊന്ന് പാളിയാൽ കൂട്ട അപകടത്തിനാകും ഇടയാവുക. ഷൂട്ടിങ്ങായതിനാൽ ഹെൽമറ്റുമുണ്ടാകില്ല. ഉത്തരേന്ത്യൻ നിരത്തുകളിലെ സാഹസിക റീലുകളെ അനുകരിക്കാനാണ് ചെറുപ്പക്കാർ ബൈപാസിലെത്തുന്നത്. പിന്നീട് എഡിറ്റ് ചെയ്ത് തട്ടുപൊളിപ്പൻ സംഗീതവും ചേർത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. ലൈക്കിനും റീച്ചിനും ഷെയറിനും വേണ്ടിയുള്ള ഈ കൈവിട്ട കളി ലഹരിയായി മാറുന്നുവെന്നതാണ് പുതിയ പ്രവണത.
രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഇത്തരം സംഘങ്ങളുടെ വിളയാട്ടം കൂടുതലും. റോഡിൽ തിരക്കുള്ള ഈ സമയത്ത് സാഹസിക റീൽ സംഘങ്ങൾകൂടി എത്തുന്നതോടെ മറ്റ് വാഹനയാത്രികരും അപകട ഭീതിയിലാണ്. ചാക്ക, മുട്ടത്തറ, വാഴമുട്ടം എന്നിവിടങ്ങളിലാണ് സംഘങ്ങൾ കേന്ദ്രീകരിക്കുന്നത്. അമിത വേഗത്തിലും കാതുപൊട്ടുന്ന ശബ്ദത്തിലുമാണ് അഭ്യാസ പ്രകടനങ്ങൾ. പിടിവിട്ട കളിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയാൽ ‘തന്ത വൈബെന്നാണ്’ ന്യൂജൻ ആക്ഷേപം.
കണ്ണ് തുളക്കുന്ന വെള്ളിവെളിച്ചം
എതിർവാഹനത്തെ പരിഗണിക്കാതെ കണ്ണ് തുളച്ചുകയറുംവിധം ബ്രൈറ്റ് ലൈറ്റിട്ട് പായുന്നവരും അപകടങ്ങൾക്ക് കാരണക്കാരാവുന്നു. രാത്രിയുണ്ടാകുന്ന നല്ലൊരു ശതമാനം അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ അനാവശ്യ ഉപയോഗം കാരണമാകുന്നുണ്ട്. രാത്രി എതിരെ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാൻ സാധിക്കില്ല.
കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടിവരും. എതിർ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആകുന്നതോടെ കാഴ്ച തടസ്സപ്പെടുത്തുന്ന സ്ഥിതിയാകും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്രദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ ആ ദൂരത്തിനുള്ളിൽ നിർത്താൻ കഴിയുന്ന വേഗതയിലേ വാഹനം ഓടിക്കാവൂവെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ അധികം നോക്കരുത്.
തീവ്രപ്രകാശത്തിലേക്ക് നോക്കുന്നതോടെ കുറച്ചുസമയത്തേക്ക് ഡ്രൈവർ അന്ധനായതുപോലെയാകും. 80 കിലോമീറ്റർ വേഗതയിലാണെങ്കിൽ ഈ സമയംകൊണ്ട് വാഹനം 45 മീറ്റർ മുന്നോട്ടുപോയിരിക്കും. ഇതും അപകടങ്ങൾക്കിടയാക്കും.
ഗൂഗിൾ വഴിതെറ്റിക്കാം
തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദേശിക്കുന്ന ഗൂഗിൾ മാപ്പിന്റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മതപുലർത്തണമെന്നും മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് കുറവുള്ള റോഡുകളെയാണ് മാപ്പിന്റെ അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി ആദ്യം കാട്ടിത്തരിക.
ഇത്തരം റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞതുമായ നിരത്തുകളിലും സാധാരണ തിരക്കുണ്ടാകില്ല. ഇത് തിരിച്ചറിയാതെ ഗൂഗിളിന്റെ അൽഗോരിതം ഇവ നിർദേശിക്കും ഇതാകട്ടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല. പലപ്പോഴും ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ഊരാക്കുടുക്കിൽപെടാനുമിടയുണ്ട്.
റോഡ് ‘ഷോ’ർട്സ്, റീൽസ്; കാത്തിരിക്കുന്നത് ദുരന്തങ്ങൾ
കൊല്ലം: ചെയ്സിങ്ങും റെയ്സിങ്ങുമായി ജീവന് വിലകൽപ്പിക്കാതെ യുവത്വം വാഹനവുമായി ഇറങ്ങുമ്പോൾ അപകടങ്ങളും അകമ്പടിയായി എത്തുകയാണ്. റീൽസിലും ഷോർട്സിലും താരമാകാൻ ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം ഷോപീസ് ആക്കി മാറ്റുമ്പോൾ റോഡിലൂടെ നിയമമനുസരിച്ച് വാഹനം ഓടിക്കുന്നവർ കൂടി അപകടത്തിലാകുന്നു.
സോഷ്യൽ മീഡിയ ലോകത്തെ ലൈക്കുകളും കാഴ്ചക്കാരും മേൽക്കൈ നേടുമ്പോൾ റോഡിൽ പതിയിരിക്കുന്ന അപകടങ്ങൾ മനഃപൂർവം വിസ്മരിക്കപ്പെടുകയാണ്. ജില്ലയിൽ ആഡംബര ബൈക്കുകളിലും മറ്റും റോഡിൽ ചീറിപ്പായുന്നവരിൽ കൗമാരം കടക്കാത്തവർ മുതലുണ്ട്. ഇതിൽ ലൈസൻസ് ഇല്ലാത്തവരുൾപ്പെടെയുണ്ട് എന്നതാണ് ഗൗരവമേറ്റുന്നത്.
റോഡരികിൽ നിൽക്കുന്നവർക്ക് മുന്നിലുള്ള ഷോ കൂടാതെ, പാഞ്ഞുപോകുന്നത് വിഡിയോയാക്കി സോഷ്യൽ മീഡിയയിൽ വൈബ് അടിക്കാനുള്ള വ്യഗ്രതയിലാണ് ഇത്തരക്കാർ. പൊലീസ് സാന്നിധ്യമില്ലാത്ത ‘മികച്ച’ റോഡുകളാണ് ഇത്തരക്കാർ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. നഗരത്തിൽ അമിതവേഗത്തിൽ ബൈക്കിൽ പായുന്നത് പൊലീസിന്റെ ഉൾപ്പെടെ ശ്രദ്ധയിൽ പെട്ടെന്ന് പെടുമെന്നതിനാൽ പ്രാന്തപ്രദേശങ്ങളിലെ മികച്ച റോഡുകളിലാണ് മത്സരയോട്ടം കൂടുതൽ നടക്കുന്നത്.
മറ്റൊരു പ്രധാന പോയന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാന്നിധ്യമാണ്. സ്കൂൾ, കോളജ് എന്നിവക്ക് സമീപമുള്ള റോഡുകളിൽ ഇത്തരം റേസിങ് വീരന്മാരെ ധാരാളമായി കാണാമെന്ന് പൊലീസ് അധികൃതർ തന്നെ പറയുന്നു.
നഗരത്തിനുള്ളിൽ ഇരുചക്രവാഹന ഷോവീരന്മാർ പ്രധാനമായും എത്തുന്നത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കർബല-എസ്.എൻ കോളജ് ജങ്ഷൻ റോഡിലാണ്. അടുത്തിടെ ബൈക്ക് കാറിലിടിച്ച് കോളജ് വിദ്യാർഥി ഇവിടെ മരിച്ചിരുന്നു. ഫാത്തിമ മാതാ നാഷനൽ കോളജ്, എസ്.എൻ. വിമൻസ് കോളജ്, ലോ കോളജ്, എസ്.എൻ പബ്ലിക് സ്കൂൾ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡിനോട് അനുബന്ധിച്ചുണ്ട്.
ഇവിടങ്ങളിൽനിന്ന് ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ ഇറങ്ങുന്ന വൈകുന്നേരങ്ങളാണ് ഇത്തരക്കാരുടെ ‘ഷോ ടൈം’. രൂപവ്യത്യാസം വരുത്തിയ ഇരുചക്രവാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽ പോലെ ഒറ്റപ്പാച്ചിലാണ് ശൈലി, ഹെൽമറ്റ് പോലും ഉണ്ടാകാറില്ല. തിരികെ വന്നുള്ള ഷോ ഉണ്ടാകാറില്ല. റോഡരികിലുള്ള വിദ്യാർഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്.
ഒറ്റയടിക്ക് ഓടിച്ചുപോകുന്നതിനാൽ പിടികൂടുക പ്രയാസമാണെന്ന് പൊലീസും പറയുന്നു. വാഹനത്തിൽ വെച്ചുപിടിച്ചാൽ അപകടത്തിലേക്ക് തീർച്ചയായും എത്തും എന്നതാണ് പൊലീസിനെ ‘ചേസിങ്ങിൽ’ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത്തരം ഷോ ടീമുകൾ പോകുന്ന വാഹനങ്ങളുടെ നമ്പർ തിരിച്ചറിഞ്ഞ് പിഴ ചുമത്തുകയാണ് പതിവെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു.
മുമ്പ് മോട്ടോർ വാഹന വകുപ്പ് ടീം ഉൾപ്പെടെ ഈ പ്രദേശത്ത് പരിശോധന നടത്തുമായിരുന്നു. ഇപ്പോൾ അത്തരം പരിശോധന കുറഞ്ഞതോടെ ഷോ ടീമിന്റെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് പ്രദേശവാസികളും പറയുന്നത്. കൊല്ലം ബൈപാസ് റോഡിലും മത്സരയോട്ടക്കാരെ പേടിച്ചുവേണം പോകാൻ. പലയിടത്തും റോഡ് തിരക്കില്ലാതെ ഒഴിഞ്ഞുകിടക്കുന്ന സമയങ്ങളിൽ മത്സരിച്ച് ബൈക്ക് ഓടിക്കുന്ന യുവാക്കൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഓയൂർ-കൊട്ടാരക്കര റോഡിൽ ഫ്രീക്കന്മാർ വിലസുന്നു
കൊട്ടാരക്കര: ഓയൂർ-കൊട്ടാരക്കര റോഡിൽ ബൈക്കുകളിൽ ഫ്രീക്കന്മാർ വിലസുന്നത് സ്ഥിരമാണ്. കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി, ഓടനാവട്ടം കെ.ആർ.ജി.പി.എം, മുട്ടറ ഗവ. ഹയർ സെക്കൻഡറി, പൂയപ്പള്ളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളാണ് ഇവിടത്തെ വിഹാരകേന്ദ്രം.
ബൈക്കിന്റെ സൈലൻസറിൽ മാറ്റം വരുത്തി ചീറിപ്പായുന്നത് അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് പരാതി. ലൈസൻസോ ഇൻഷുറൻസോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പാച്ചിൽ. മാറ്റം വരുത്തുന്ന വാഹനങ്ങൾ എ.ഐ കാമറകളിൽ പോലും പിടിക്കപ്പെടാറില്ല.
ബസുകൾ കടന്നുപോകുന്ന റൂട്ടിൽ അമിതവേഗത്തിൽ കടന്നുപോകുന്ന ഫ്രീക്കന്മാർ നിരവധിപേരെയാണ് ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുള്ളത്. അപകടസമയത്ത് മാത്രമാണ് പൊലീസ് ഇവരെ പിടികൂടാൻ ശ്രമിക്കുന്നത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ആയതിനാൽ പൊലീസിന് യുവാക്കളെ പിടികൂടാനും കഴിയാറില്ല. ഇത്തരത്തിൽ ബൈക്ക് ഓടിക്കുന്നവരെ യുവാക്കളെ പൊലീസ് പിടികൂടണമെന്നാണ് നാട്ടുകാരുടെയും കാൽനടക്കാരായ സ്കൂൾവിദ്യാർഥികളുടെയും ആവശ്യം.
കൈവിട്ട കളി; പിടിവിട്ട യാത്ര
കോട്ടയം: റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് കോഴിക്കോട്ട് യുവാവ് മരിച്ചതിന്റെ നടുക്കത്തിലാണ് കേരളം. കോഴിക്കോട് മാത്രമല്ല, കോട്ടയത്തുമുണ്ട് അമിതവേഗത്തിൽ പാഞ്ഞുള്ള റീൽസ് ചിത്രീകരണം. കൂടുതലും ബൈക്കുകളിലാണ് നിയമം ലംഘിച്ചുള്ള അഭ്യാസം. കുതിച്ചുപായുന്ന ഇത്തരം അഭ്യാസസംഘങ്ങൾ നിരപരാധികളുടെ ജീവൻ കവർന്ന സംഭവങ്ങളും അനവധി. വിജനമായ റോഡുകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇത്തരം കുതിച്ചുപായലുകൾ.
രണ്ടുവർഷം മുമ്പ് റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി ചങ്ങനാശ്ശേരിയിൽ മൂന്നുപേര്‍ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. ചങ്ങനാശ്ശേരി ടി.ബി റോഡില്‍ ജ്വല്ലറി നടത്തിയിരുന്ന പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന് (41), പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന് ആചാരി (67), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി.എസ്. ശരത് (18) എന്നിവരാണ് മരിച്ചത്. ശരത് ഓടിച്ച ബൈക്കായിരുന്നു അപകടം വിതച്ചത്. ശരത് ധരിച്ചിരുന്ന ഹെൽമറ്റിൽ കാമറയുണ്ടായിരുന്നു.
ഈരയിൽക്കടവ്-മണിപ്പുഴ ബൈപാസിൽ റേസിങ്ങിനിടെ വ്യത്യസ്ത സംഭവങ്ങളിലായി നാലോളം യുവാക്കളാണ് മരിച്ചത്. രണ്ട് കിലോമീറ്ററോളം നിവർന്നുകിടക്കുന്ന റോഡിൽ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ പതിവായിരുന്നു.
ചങ്ങനാശ്ശേരി അപകടത്തിനുപിന്നാലെ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന കർശനമാക്കിയതോടെ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ കുറഞ്ഞു. എന്നാൽ, അടുത്തിടെ വീണ്ടും റീൽസ് ചിത്രീകരണം വർധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയിലെ റോഡുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പല അതിവേഗ ഷൂട്ടുകളും. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാൻ വയൽ റോഡുകളും പലപ്പോഴും ഇവർ തെരഞ്ഞെടുക്കാറുണ്ട്. അടുത്തിടെ വൈക്കം ടൗണിൽ ന്യൂജെൻ ബൈക്കുകളിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതായി പരാതിയുണ്ടായിരുന്നു. രാത്രിയിൽ വൈക്കം വടക്കേനട, പടിഞ്ഞാറെനട റോഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലായിരുന്നു അഭ്യാസപ്രകടനം. കുമരകം, ചുങ്കം-മെഡിക്കൽ കോളജ്,പട്ടിത്താനം ബൈപാസ് റോഡ് എന്നിവിടങ്ങളിലും നിയമവിരുദ്ധ പ്രകടനങ്ങൾ നടക്കുന്നതായി പരാതിയുണ്ട്.
ലക്ഷ്യം ‘വൈറൽ’ പോസ്റ്റ്
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ‘വൈറൽ’ പോസ്റ്റിന് വേണ്ടിയാണ് യുവാക്കളുടെ റോഡിലെ പാച്ചിൽ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഇത്തരം നാടൻ റേസിങ് വിഡിയോകൾ വ്യാപകമാണ്. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രധാനമായുള്ളത്. പൊലീസോ ഗതാഗത വകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും ‘അംഗീകാരമായി’ കണ്ട് സ്റ്റാറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്.
ഇത്തരം നിയമവിരുദ്ധ ‘റൈഡർമാരുടെ’ ഇഷ്ട ഉപകരണമാണ് ഹെൽമറ്റിൽ പിടിപ്പിക്കുന്ന ഗോപ്രോ കാമറകൾ. റോഡിലെ വിശാലമായ ദൃശ്യം ഇവ പകർത്തും. യാത്രകളുടെ ദൃശ്യങ്ങൾ പകർത്താനാണ് വ്ലോഗർമാർ ഇത് ഉപയോഗിക്കുന്നതെങ്കിൽ കുതിച്ചുപായുന്ന ദൃശ്യങ്ങൾ ലഭിക്കാനാണ് കുട്ടി റൈഡർമാർ ഉപയോഗിക്കുന്നത്. ഇത്തരക്കാർക്ക് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകുളുമുണ്ട്. ഇതിലും ഇത്തരം വിഡിയോകൾ ഇടുന്നത് പതിവാണ്. കൂട്ടുകാരുടെ അടക്കം ബൈക്കുകളുമായി അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരും ഏറെയുണ്ട്.
സൈലൻസറുകൾ അഴിച്ചുമാറ്റി അഭ്യാസം
80 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാനാണ് ബൈക്കുകളിൽ സൈലൻസറുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇത് അഴിച്ചുമാറ്റി ശബ്ദം കൂടുതൽ പുറത്തേക്കുവരുന്ന സൈലൻസറുകളാണ് അഭ്യാസപ്രകടനം നടത്തുന്ന ബൈക്കുകളിൽ ഉപയോഗിക്കുന്നത്.
നമ്പർ പ്ലേറ്റുകളും പെട്ടെന്ന് കാണാൻ സാധിക്കാത്ത തരത്തിലാകും ഘടിപ്പിച്ചിരിക്കുന്നത്. കാതടിപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽവേഗത്തിൽ വരുന്ന ബൈക്കിന്റെ മുൻവശത്തെ ടയർ റോഡിൽനിന്നുയർത്തി ഒരു ടയറിൽ സാഹസികമായി പോകുന്നവരുമുണ്ട്.
ബൈക്കുകളുടെ എൻജിന്റെ ട്യൂണിങ് നടത്തി അഭ്യാസത്തിന് ഉപയോഗിക്കുന്നവരും ഏറെയാണ്. ഹാൻഡിൽ ഉയർത്തുക, താഴ്ത്തുക, വളക്കുക എന്നീ തരത്തിലും ബൈക്കിൽ രൂപമാറ്റം വരുത്തുന്നുണ്ട്. വാഹനത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി കണക്കാക്കി നിർമിച്ചിരിക്കുന്ന ഹാൻഡിൽ മാറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
‘സ്ഥിരം വേദി’, നാല് ബൈപാസുകൾ കണ്ടെത്തൽ ഗതാഗത വകുപ്പിന്റേത്
കോട്ടയം: ജില്ലയിലെ നാല് ബൈപാസ് റോഡുകളിൽ സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്നതായി നേരത്തേ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. ചങ്ങനാശ്ശേരി ബൈപാസ്, പാറോച്ചാൽ ബൈപാസ്, മണിപ്പുഴ-ഈരയിൽക്കടവ് ബൈപാസ്, കടപ്പാട്ടൂർ 12ാം മൈൽ റിങ് റോഡ് എന്നിവയാണ് അഭ്യാസപ്രകടനത്തിന് എത്തുന്നവരുടെ ഇഷ്ടയിടമെന്നായിരുന്നു കണ്ടെത്തൽ.
ചങ്ങനാശ്ശേരി നഗരത്തിലെ തിരക്കിൽപെടാതെ കടന്നുപോകാൻ ളായിക്കാട് മുതൽ പാലാത്ര വരെ നിർമിച്ച സമാന്തര പാതയിലാണ് റേസിങ് ഏറ്റവും കൂടുതൽ നടന്നിരുന്നത്. പാലാത്രയിൽനിന്ന് ബൈപാസിലേക്ക് കയറുന്നത് മുതൽ ഏകദേശം ഒരു കിലോമീറ്റർ വളവും ചരിവും ഇല്ലാതെ നിവർന്നാണ് റോഡ്. ഈ ഭാഗത്താണ് റേസിങ് കൂടുതലായി നടക്കുന്നത്. മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനുശേഷം റീൽസിനായിട്ടുള്ള അമിത വേഗപ്രകടനങ്ങൾ കുറവുവന്നിട്ടുണ്ടെങ്കിലും പൂർണമായി ഭീതിയൊഴിഞ്ഞിട്ടില്ല.
എം.സി റോഡിലെ നാട്ടകം സിമന്റ് കവലയിൽനിന്ന് പാറോച്ചാലിലേക്കുള്ള ബൈപാസാണ് മറ്റൊരു അഭ്യാസകേന്ദ്രം. നാട്ടകം സിമന്റ്സ് കഴിഞ്ഞുള്ള വിശാലമായ പ്രദേശത്താണ് പലപ്പോഴും കൂട്ടമായുള്ള ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നത്.
റേസിങ്ങിനിടെ യുവാക്കളുടെ മരണത്തിനുവരെ കാരണമായ പാതയാണ് ഈരയിൽക്കടവ്-മണിപ്പുഴ ബൈപാസ്. രണ്ട് കിലോമീറ്ററോളം നിവർന്നു കിടക്കുന്ന റോഡിൽ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ പതിവാണ്. രാത്രിയിലും പകലും കുതിച്ചുപായുന്ന ബൈക്കുകൾ പതിവായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് ബൈക്ക് യാത്രികർ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെ പരിശോധനകൾ ശക്തമാക്കി. ഇപ്പോൾ മത്സരയോട്ടങ്ങൾ കുറഞ്ഞിട്ടുമുണ്ട്. കൊട്ടാരമറ്റത്തുനിന്ന് പാലാ-പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിലേക്കുള്ള വീതിയേറിയ റോഡിലും ബൈക്ക് പ്രകടനങ്ങൾ പതിവാണ്.
ഇപ്പോൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ വിവിധ റോഡുകളും അതിവേഗക്കാർ നിയമവിരുദ്ധ യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. കാൽനടക്കാരെ അടക്കം ഇടിച്ചുവീഴ്ത്തുന്ന സംഭവങ്ങളുമുണ്ട്. വർഷങ്ങൾക്കുമുമ്പ് പുലർച്ച നടക്കാനിറങ്ങിയ കുടുംബനാഥൻ റേസിങ് ബൈക്ക് ഇടിച്ചു മരണപ്പെട്ടിരുന്നു.
ദേശീയപാതയിൽ അപകടങ്ങൾക്ക് കുറവില്ല; മരണവും
ആലപ്പുഴ: ‘റീൽസ്’ ചിത്രീകരിച്ച് വൈറലാകാൻ കാറിലും ബൈക്കിലും അഭ്യാസപ്രകടനം നടത്തുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. ജില്ലയിലെ വാഹനാപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ ദേശീയപാതയിലും പ്രധാനപാതയിലുമുണ്ടായ അപകടങ്ങൾ ഞെട്ടിക്കുന്നതാണ്. പണി തകൃതിയായി നടക്കുന്ന ദേശീയപാതയിൽപോലും അമിതവേഗവും മത്സര ഓട്ടവുമാണ്. ഡിസംബർ രണ്ടിന് കളർകോട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മെഡിക്കൽവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതിന് പിന്നിലും അമിതവേഗം തന്നെയാണ് വില്ലൻ.
പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും നിയന്ത്രിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍. ഇത് അവരുടെ മാത്രമല്ല, നിയമം പാലിച്ച് മാന്യമായി വാഹനമോടിക്കുന്നവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്നു. സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിച്ചുപായാന്‍ കഴിയുന്ന തരത്തിലാണ് വിദ്യാർഥികളുടെ മത്സര ഓട്ടം. ജില്ല റോഡപകടങ്ങളിൽ എന്നും മുന്നിലാണ്. അപകടങ്ങൾക്ക് നഗര-ഗ്രാമ വ്യത്യാസമില്ലെങ്കിലും മരണം കൂടുതലും നടക്കുന്നത് ദേശീയപാതയിലാണ്. അരൂർ മുതൽ തുറവൂർവരെയുള്ള മേൽപാത നിർമാണ ഭാഗത്ത് റോഡിൽ രക്തസാക്ഷികൾ ഏറെയാണ്.
ലൈസൻസില്ലാതെ നാലുപേർ ഒരു സ്കൂട്ടറിൽ
എണ്ണത്തിൽ കൂടുതൽ ആളുകളുമായി സ്കൂട്ടറിലും ബൈക്കിലും കുട്ടികൾ ചീറിപ്പായുന്നത് കണ്ടാൽ ആരും അത് മൈൻഡ് ചെയ്യാറില്ല. എന്നാൽ, അത്തരമൊരു ‘വിഡിയോ’ പരാതിയായി കിട്ടിയാൽ എന്തുചെയ്യും. കഴിഞ്ഞദിവസം മോട്ടോർവാഹന വകുപ്പിന് കിട്ടിയ ഈ വിഡിയോയുടെ അന്വേഷണം ചെന്നെത്തിയത് പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളിലേക്കാണ്. രാത്രി ഒരു സ്കൂട്ടറിൽ നാലുപേർ കറങ്ങാനിറങ്ങിയതാണ് തുടക്കം. വിഡിയോ പരിശോധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ ഞെട്ടി. വാഹനം ഓടിക്കാൻ കൊടുത്ത വീട്ടുകാരടക്കം ആർക്കും ലൈസൻസില്ല. ഇതിൽ ഉൾപ്പെട്ട ഒരുവിദ്യാർഥിയുടേതായിരുന്നു സ്കൂട്ടർ.
വീട്ടുകാരെ വിളിപ്പിച്ച് എന്തിനാണ് പ്രായപൂർത്തിയാകാത്തയാൾക്ക് സ്കൂട്ടർ നൽകിയെന്ന ചോദ്യത്തിന് പഠിക്കാനായിരുന്നുവെന്നായിരുന്നു രക്ഷിതാവിന്റെ മറുപടി. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ ആർക്കും ലൈസൻസ് ഇല്ലെന്ന് ബോധ്യപ്പെട്ടു. വിദ്യാർഥികളെ അപകടത്തിലേക്ക് തള്ളിവിടുന്ന സംഭവത്തിൽ തുടർനടപടിയിയെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതർ.
അശ്രദ്ധയേറെ; ഫോൺവിളിയും ചാറ്റും കൂടി
ജില്ലയിൽ മൊബൈൽ ഫോൺ സംസാരിച്ച് വാഹനമോടിക്കുന്നരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തൽ. നിയമലംഘനമാകില്ലെന്ന ചിന്തയിലാണ് വാട്സ്ആപ് ചാറ്റൽ. അടുത്തിടെ ചാറ്റി വാഹനമോടിച്ച യുവാവിനെ പിടികൂടി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. അശ്രദ്ധയുടെ ഒരുസെക്കൻഡിലാണ് മരണമെത്തുന്നതെന്ന ചിന്തപോലുമില്ലാതെ ഹെൽമറ്റിനുള്ളിൽ ഫോൺവെച്ചാണ് പലരും വിളിക്കുന്നത്. ചെവിയോട് ചേർത്തുള്ള ഇത്തരം സംസാരം നിയമലംഘനമാകില്ലെന്നാണ് യുവാക്കളുടെ ചിന്ത. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറാറുണ്ട്. പരിശോധനയിൽ ഒറ്റനോട്ടത്തിൽ ഫോണിൽ സംസാരിക്കുയാണെന്ന് മനസ്സിലാകില്ല.
റീൽസല്ല, റേസല്ല... ഓർക്കണം റിയൽ ലൈഫാണ്...
കാക്കനാട്: റീല്‍സ് ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ചക്കിടെ മൂന്ന് പേർക്കെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കണ്ടയ്നർ ഗ്രൗണ്ടിൽ 15 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് പരസ്യവുമായി ബന്ധപ്പെട്ട റീൽസ് എടുത്തതും, കാക്കനാടും പരിസര പ്രദേശത്തും കാറിന്റെ ഡിക്ക് തുറന്നിട്ട് റീൽസ് ചിത്രീകരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കാണ് നടപടി സ്വീകരിച്ചത്.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കലുമാണ് നിലവിലുള്ള ശിക്ഷാനടപടി. റീൽസിനെത്തുന്നതിൽ കൂടുതലും മറ്റു ജില്ലക്കാർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ബിച്ചുകളിലും റീൽസ് ചിത്രീകരണത്തിനായി എത്തുന്നവരിൽ കൂടുതലും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. സുഹൃത്തുക്കളുടെ അടുത്ത് പോകുന്നുവെന്ന വ്യാജേനയാണ് ജില്ലയിൽ എത്തുന്നതും റീൽസ് ചിത്രീകരണം നടത്തുന്നതും. കാണുന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങൾക്കൊപ്പം മറ്റുപല സാമൂഹ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്.
മാരകമായി പരിക്കേറ്റ് സ്വപ്നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യർഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്.
അപകട ഷൂട്ടിങ് പതിവ്
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി കടൽ തീരത്ത് തകർന്ന പുലിമുട്ടിന് മുകളിൽ കയറി നിന്ന് കൗമാരക്കാർ റീൽ ചെയ്യുന്നത് പതിവ് സംഭവമാണ്. ഇതുവരെ ആരും അപകടത്തിൽ പെട്ടിട്ടില്ലെങ്കിലും ഏതുസമയവും ജീർണിച്ച പുലിമുട്ട് തകർന്ന് വീഴാൻ സാധ്യതയുണ്ട്. റീൽ ചെയ്യുന്ന വേളയിൽ തകർന്നാൽ അത് ദുരന്തത്തിന് ഇടവരുത്തിയേക്കും. തീരത്തെ പായൽ നിറഞ്ഞ കല്ലുകളിൽ ചവിട്ടി ഇറങ്ങുന്നതും റീൽ എടുക്കുന്നതും സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.
യുവാക്കളുടെ കേന്ദ്രമായി സീപോർട്ട്-എയർപോർട്ട് റോഡ്
കളമശ്ശേരി: രണ്ടറ്റവും കൂട്ടിമുട്ടാതെ നിർമാണം പൂർത്തിയാക്കാനിരിക്കുന്ന സീപോർട്ട് -എയർപോർട്ട് റോഡ് യുവാക്കളുടെ വാഹന മത്സര ഓട്ട കേന്ദ്രമായിരിക്കുകയാണ്. പാതി പൂർത്തിയായ നാല് വരി റോഡിൽ മത്സരത്തിനൊപ്പം കാറുകളും ബൈക്കുകളും റേസിങ് പരിശീലനത്തിനും ഇടമാക്കിയിരിക്കുന്നു. ഇതിനുപുറമേയാണ് അഴിച്ചുവിട്ട പോത്തുകൾ കുറുകെ കടന്നുള്ള അപകടങ്ങളും.
റോഡിൽ ഒരു വർഷത്തിനിടെ അപകടങ്ങളിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു. ഇതിൽ ആഡംബര ബൈക്കിൽ റേസിങ് നടത്തി വരവെ നിയന്ത്രണം വിട്ട് തെറിച്ച് വീണാണ് ഒരു യുവാവ് മരിച്ചത്. കഴിഞ്ഞ മാസം 14നാണ് അവസാന അപകടം. അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് പോത്ത് ചാവുകയും ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. വെളിച്ചമില്ലാത്ത വിജനമായ റോഡ് യുവതി-യുവാക്കളുടെ ഉല്ലാസകേന്ദ്രം കൂടിയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബൈക്ക് റേസിങ് നടത്തി വരവേ പോത്ത് വട്ടം ചാടി ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾക്കാണ് പരിക്കേറ്റത്.
വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയ സീപോർട്ട് എയർപോർട്ട് റോഡിന്റെ എച്ച്.എം.ടി റോഡുമായി ബന്ധപ്പെടുന്ന ഭാഗവും എൻ.എ.ഡി റോഡുമായി ബന്ധപ്പെടുന്ന ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചിട്ടില്ല. പൂർത്തിയായ റോഡിലൂടെ ഗതാഗതം പാടില്ലെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗനിക്കാത്തതും നിയമനടപടികൾ ഉണ്ടാകാത്തതുമാണ് അപകടങ്ങൾ പതിവാകാൻ കാരണം.
ലൈസൻസില്ലാതെ നാലുപേർ ഒരു സ്കൂട്ടറിൽ
എണ്ണത്തിൽ കൂടുതൽ ആളുകളുമായി സ്കൂട്ടറിലും ബൈക്കിലും കുട്ടികൾ ചീറിപ്പായുന്നത് കണ്ടാൽ ആരും അത് മൈൻഡ് ചെയ്യാറില്ല. എന്നാൽ, അത്തരമൊരു ‘വിഡിയോ’ പരാതിയായി കിട്ടിയാൽ എന്തുചെയ്യും. കഴിഞ്ഞദിവസം മോട്ടോർവാഹന വകുപ്പിന് കിട്ടിയ ഈ വിഡിയോയുടെ അന്വേഷണം ചെന്നെത്തിയത് പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളിലേക്കാണ്. രാത്രി ഒരു സ്കൂട്ടറിൽ നാലുപേർ കറങ്ങാനിറങ്ങിയതാണ് തുടക്കം. വിഡിയോ പരിശോധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ ഞെട്ടി. വാഹനം ഓടിക്കാൻ കൊടുത്ത വീട്ടുകാരടക്കം ആർക്കും ലൈസൻസില്ല. ഇതിൽ ഉൾപ്പെട്ട ഒരുവിദ്യാർഥിയുടേതായിരുന്നു സ്കൂട്ടർ.
വീട്ടുകാരെ വിളിപ്പിച്ച് എന്തിനാണ് പ്രായപൂർത്തിയാകാത്തയാൾക്ക് സ്കൂട്ടർ നൽകിയെന്ന ചോദ്യത്തിന് പഠിക്കാനായിരുന്നുവെന്നായിരുന്നു രക്ഷിതാവിന്റെ മറുപടി. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ ആർക്കും ലൈസൻസ് ഇല്ലെന്ന് ബോധ്യപ്പെട്ടു. വിദ്യാർഥികളെ അപകടത്തിലേക്ക് തള്ളിവിടുന്ന സംഭവത്തിൽ തുടർനടപടിയിയെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതർ.
അശ്രദ്ധയേറെ; ഫോൺവിളിയും ചാറ്റും കൂടി
ജില്ലയിൽ മൊബൈൽ ഫോൺ സംസാരിച്ച് വാഹനമോടിക്കുന്നരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തൽ. നിയമലംഘനമാകില്ലെന്ന ചിന്തയിലാണ് വാട്സ്ആപ് ചാറ്റൽ. അടുത്തിടെ ചാറ്റി വാഹനമോടിച്ച യുവാവിനെ പിടികൂടി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. അശ്രദ്ധയുടെ ഒരുസെക്കൻഡിലാണ് മരണമെത്തുന്നതെന്ന ചിന്തപോലുമില്ലാതെ ഹെൽമറ്റിനുള്ളിൽ ഫോൺവെച്ചാണ് പലരും വിളിക്കുന്നത്. ചെവിയോട് ചേർത്തുള്ള ഇത്തരം സംസാരം നിയമലംഘനമാകില്ലെന്നാണ് യുവാക്കളുടെ ചിന്ത. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറാറുണ്ട്. പരിശോധനയിൽ ഒറ്റനോട്ടത്തിൽ ഫോണിൽ സംസാരിക്കുയാണെന്ന് മനസ്സിലാകില്ല.
വേണ്ട ജീവനെടുക്കും റീൽസ് ചിത്രീകരണം
റോഡിൽ അപകടകരമായ രീതിയിൽ റീൽസ് എടുത്ത യുവാവ് കോഴിക്കോട് ദാരുണമായി വാഹനമിടിച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. റീൽസ് എടുക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയുമെന്നത് തെറ്റല്ല. പക്ഷേ, സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുക്കാതെയുള്ള റീൽസ്, വിഡിയോ ചിത്രീകരണം തടയുകതന്നെ വേണം. വയനാട്ടിലും അപകടകരമായ രീതിയിലുള്ള റീൽസ് ചിത്രീകരണമുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണമാണിവിടെ...
മുത്തങ്ങയിൽ കാട്ടാനയുമൊത്ത് വിഡിയോ പിടിത്തം
സുൽത്താൻബത്തേരി: മുത്തങ്ങയിൽ കാട്ടാനയുമൊത്ത് സഞ്ചാരികൾ വിഡിയോ എടുക്കുന്നത് പതിവ് സംഭവമാണ്. നിരവധിപേർ ഭാഗ്യംകൊണ്ടു മാത്രമാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. വലിയ നിയന്ത്രണം ഇക്കാര്യത്തിൽ വനം വകുപ്പ് വരുത്തിയിട്ടുണ്ടെങ്കിലും സഞ്ചാരികൾ അതൊന്നും കാര്യമാക്കുന്നില്ല. മുത്തങ്ങ മുതൽ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ റോഡരികിൽ കാട്ടാനക്കൂട്ടങ്ങൾ സാധാരണ കാഴ്ചയാണ്.
വാഹനത്തിൽ സഞ്ചരിക്കുന്നവർ ഇതുകണ്ട് വിഡിയോ എടുക്കാൻ വണ്ടി നിർത്തി കാട്ടാനയുടെ അടുത്തേക്ക് പോകും. ഇതര സംസ്ഥാനക്കാരായ ടൂറിസ്റ്റുകളാണ് ഇക്കാര്യത്തിൽ മുന്നിൽ. വിഡിയോ വൈറലാകുമ്പോൾ പിന്നീട് അവരെ തിരഞ്ഞുപിടിച്ച് പിഴയടപ്പിക്കാൻ വനം വകുപ്പിന് ഏറെ മിനക്കെടേണ്ടി വരുന്നു. കഴിഞ്ഞ ജനുവരി അവസാനം ഇതേ രീതിയിലുള്ള സംഭവമുണ്ടായി.
വിഡിയോയിൽ കണ്ട കാർയാത്രക്കാരെ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ വരെ വനം വകുപ്പിന് തിരയേണ്ടി വന്നു. മുത്തങ്ങ വനപ്രദേശം വഴി ഇരുചക്ര വാഹനങ്ങളിൽ കർണാടകയിലേക്ക് പോകുന്ന, ജില്ലക്ക് പുറത്തുനിന്നും ചുരം കയറി എത്തുന്ന യുവാക്കളായ സഞ്ചാരികളുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്. വിഡിയോ ചിത്രീകരിക്കാൻ ഇത്തരം സഞ്ചാരികൾക്കും ഏറെ താൽപര്യമാണ്.
ബാണാസുര ഡാമിൽ അനധികൃത റീൽസ് നിർമാണം വ്യാപകം
വെള്ളമുണ്ട: ബാണാസുര ഡാമിലെ വൃഷ്ടിപ്രദേശങ്ങളിൽ അനധികൃത റീൽസ് നിർമാണവും ഫോട്ടോ എടുപ്പും വ്യാപകമെന്ന് പരാതി. ജില്ലക്ക് പുറത്തുള്ളവരും അകത്തുള്ളവരും വ്യാപകമായി ഡാമിലിറങ്ങിയും അല്ലാതെയും റീൽസും ഫോട്ടോയുമെടുക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഡാമിലെ വൃഷ്ടി പ്രദേശത്തിനപ്പുറമുള്ള വനത്തിലും ആളുകൾ കയറുന്നത് പതിവുകാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
അണക്കെട്ടിലൂടെയാണ് വനത്തിൽ പ്രവേശിക്കുന്നതെന്നും പരാതിയുണ്ട്. രാത്രി വൈകി ഡാമിലിറങ്ങുന്ന സംഘത്തെ കുറിച്ചും അനധികൃത മീൻപിടിത്തത്തെ കുറിച്ചും മുമ്പ് പരാതി ഉയരുകയും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മീൻ പിടിച്ചും തീ കൂട്ടിയും ഫോട്ടോ എടുത്തും പകൽ മുഴുവൻ ഡാം പരിസരത്ത് ചെലവഴിക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവരുമുണ്ട്. രാത്രി പരിശോധനക്ക് മാർഗമില്ലാത്തത് ഇത്തരം സംഘങ്ങൾക്ക് അനുഗ്രഹമാവുന്നു.
മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി നിരവധിപേർ മരിച്ചിരുന്നു. ഈ അപകടത്തിനുശേഷമാണ് ഡാം വൃഷ്ടിപ്രദേശത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് കലക്ടർ കർശനമായി നിരോധിക്കുകയും ഈ പ്രദേശത്ത് കമ്പിവേലി സ്ഥാപിക്കുകയും ചെയ്തത്. ബഹുഭൂരിപക്ഷവും കൊട്ടത്തോണി മുങ്ങിയും ചങ്ങാടം മുങ്ങിയുമുള്ള അപകട മരണങ്ങളാണ്. മഞ്ഞൂറ, പത്താം മൈൽ, പതിനൊന്നാം മൈൽ തുടങ്ങിയ ഡാമിന്റെ വിവിധ ഭാഗങ്ങളിൽ കൊട്ടത്തോണികൾ ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ മീൻ പിടിക്കുന്നത് പതിവായിരുന്നു. . ഹൈഡൽ ടൂറിസം കേന്ദ്രത്തിന് ഡി.ടി.പി.സി നൽകിയ സ്പീഡ് ബോട്ടാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഡാം സുരക്ഷ പരിശോധനക്കായി ബോർഡ് ഉപയോഗിക്കുന്നത്. ഇത് പകൽ സമയത്ത് മാത്രമെ പ്രയോജനപ്പെടാറുള്ളൂ. രാത്രി പരിശോധിക്കാൻ ഒരു സംവിധാനവും ഡാമിലില്ല.
ഹൈറേഞ്ച് മേഖലയിൽ സെൽഫിയും റീൽസും അപകടം വരുത്തുന്നു ...
പൊഴുതന: വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധയില്ലാതെ സെൽഫിയും റീൽസും എടുക്കുന്നത് വർധിച്ചതോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നു. കഴിഞ്ഞ 10വർഷത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ജില്ലയിലുണ്ടായത്.
വിദൂര മേഖലകളിലെ ചെക്ക്ഡാമുകളിലും വെള്ളച്ചാട്ടങ്ങളിലും കുളിക്കാനിറങ്ങി അപകടത്തിൽപെടുന്നവരിൽ യുവാക്കളും വിദ്യാർഥികളുമാണ് ഏറെയും. വനാതിർത്തിയിൽ യാത്ര ചെയ്യുമ്പോൾ വന്യമൃഗങ്ങളുടെ ഫോട്ടോയും റീൽസും എടുക്കുന്നതു മൂലവും ആന, കാട്ടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്ത നിരവധി പേർ അകപ്പെട്ടിട്ടുണ്ട്.
സാഹസികത തേടുന്നതോടൊപ്പം പ്രകൃതിഭംഗി ഫോണിൽ പകർത്തുന്നതിനിടെ അറിയാതെ അപകടത്തിൽപെടുന്നവരിൽ ജില്ലക്ക് പുറത്തുള്ളവരാണ് ഏറെയും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ഫോളോവേഴ്സ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്നവരാണ് അധികവും. വിനോദസഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി, പൂക്കോട്, സൂചിപ്പാറ തുടങ്ങിയവക്ക് പുറമെ സ്വകാര്യ സാഹസിക കേന്ദ്രങ്ങളായ കുറിച്യർമല, ആനക്കുന്ന് തുടങ്ങിയ സ്ഥലങ്ങൾ വെള്ളവും താഴ്ചയും നിറഞ്ഞ സ്ഥലങ്ങളാണ്.
വിജനമായ മേഖലകളിൽ ചെക്ക്ഡാമുകൾക്ക് സമീപം അപകടസൂചന നൽകുന്ന ബോർഡുകളുമില്ല. ആഴമുള്ള ജലാശയങ്ങളിലും തീരത്തും പോകുന്നതിനും അപകടസാധ്യതയുള്ള അരുവികളിൽ സെൽഫി, റീൽസ് എന്നിവ എടുക്കാനും വിലക്കുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ലൈഫ് ഗാർഡുകൾ അടക്കം സുരക്ഷ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതും ഭീഷണിയായി മാറുകയാണ്.
ജീവൻ പന്താടി സാഹസികത; മൂന്നാറിൽ കൈവിട്ട കളി
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ യുവാക്കളുടെ അപകടകരമായ യാത്ര അവസാനിക്കുന്നില്ല. അമിതവേഗത്തിൽ പോകുന്ന ഓഫ്റോഡ് വാഹനങ്ങളിൽ അടക്കം ജീവൻപണയപ്പെടുത്തുന്ന നിയമലംഘനം ഈ പ്രദേശത്ത് അരങ്ങേറുന്നു. കാറിൽനിന്ന് പുറത്തേക്ക് ഉയർന്നുനിന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തുള്ള യാത്രയും ഇവിടെ പതിവാണ്.
വാഹനങ്ങളിൽ സാഹസിക യാത്ര നടത്തുന്ന യുവാക്കൾ മൂന്നാറിനെ കുരുതിക്കളം ആക്കുകയാണ്. കാറുകളിൽ സാഹസിക യാത്ര കൂടുതൽ നടക്കുന്നത് ചിന്നക്കനാൽ ഗ്യാപ് റോഡിലാണ്. ഈ വർഷം ഗ്യാപ് റോഡിൽ മാത്രം 14 കേസാണ് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത്. മൂന്നാറിലും വാഗമൺ ഉൾപ്പെടെ ജില്ലയിൽ 22 കേസാണ് എടുത്തത്. ഗ്യാപ് റോഡ് വീതികൂട്ടി മനോഹരമാക്കിയതും പ്രകൃതിരമണീയതയും യുവാക്കളെ കൂടുതൽ ആകർഷിക്കുന്നത് മൂലമാണ് സാഹസിക യാത്രക്ക് ഇവിടം തെരഞ്ഞെടുക്കുന്നത്. എടുത്ത കേസുകളിൽ കൂടുതലും ഇതര ജില്ലക്കാരാണ് പ്രതികൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയവർ സാഹസിക ഡ്രൈവിങ് നടത്തിയതിൽ നാല് കേസ് എടുത്തപ്പോൾ തദ്ദേശീയർ രണ്ട് കേസിലും ഉൾപ്പെട്ടു. കാറിൽ എത്തുന്നവരാണ് കൂടുതലും സാഹസികത കാട്ടുന്നത്. ബൈക്ക് റൈഡേഴ്സുകാർ ധാരാളമായി എത്തുന്നുണ്ടെങ്കിലും അപകടകരമായ രീതിയിലുള്ള കേസുകൾ കുറവാണ്. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെ ഇടപെടലുകളും സാഹസിക യാത്രയിൽ കുറവുവരുത്തിയിട്ടുണ്ട്.
ജീവൻ നഷ്ടമാകുന്നത് ആഘോഷം കഴിഞ്ഞു മടങ്ങുന്നവർക്ക്
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് ജില്ലയില്‍ എറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാർ ലക്ഷ്യമിടുന്ന കൗമാരക്കൂട്ടങ്ങളും യുവാക്കളും തിരികെയുള്ള യാത്രയിലാണ് അപകടത്തിൽപെടുന്നത്. കൈവിട്ടുള്ള കളിയാണ് അപകടം പതിയിരിക്കുന്ന പാതയിൽ ജീവൻ പൊലിയാൻ ഇടയാക്കുന്ന ഘടകങ്ങളിൽ ഒന്ന്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർ ചെന്നുപെടുന്നത് അഗാധതയിലേക്കാണ്. ലഹരി ഉപയോഗിച്ചതിന്റെ പ്രത്യാഘാതം തിരിച്ചുള്ള യാത്രയിലാകും ഏറെ എന്നതും പ്രശ്നമാണ്.
ഒരുവര്‍ഷം ശരാശരി പത്തിനും ഇരുപതിനും ഇടയില്‍ മരണങ്ങള് ഈ പാതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള കാനനപാതയിലും കൂമ്പന്‍പാറ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളിലുമാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. ദിവസവും അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. റോഡിനെ കുറിച്ച് ധാരണയില്ലാത്തതും അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം. ഇരുചക്ര വാഹനങ്ങളുമായി കൗമാരക്കാരും യുവാക്കളും ചീറിപ്പായുകയാണ്.
ദിവസങ്ങൾ മുമ്പ് നേര്യമംഗലത്ത് രണ്ട് യുവാക്കള്‍ മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. തൊട്ടുമുമ്പ് കല്ലാര്‍കുട്ടി-അടിമാലി റോഡില്‍ മറ്റൊരു അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കുകളുമായി അമിത വേഗത്തില്‍ പായുന്ന കുട്ടികളും യുവാക്കളുമാണ് അപകടങ്ങള്‍ വരുത്തിവെക്കുന്നത്. അപകടം വര്‍ധിച്ചിട്ടും സാഹസിക ഡ്രൈവിങ്ങിൽ ഹരം കാണുന്നവരുടെ എണ്ണം കുറയുന്നില്ല. പൊലീസും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന ഹെല്‍മെറ്റിലും സീറ്റ് ബെല്‍റ്റിലും മാത്രമാണ്.
മതിയായ പരിശോധന നടക്കാത്തതിനാലാണ് നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് ആരോപണം ഉയരുന്നുണ്ട്. ബൈക്കുകളുടെ വേഗം പരിശോധിക്കാൻ ജില്ലയില്‍ ഒരു സംവിധാനവും നിലവിലില്ല. രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ ചെത്തിനടക്കുന്നവരും ധാരാളമാണ്.
റൈഡർമാർക്ക് റീൽസ് നാട്ടുകാർക്ക് ജീവഭയം...
കൊല്ലങ്കോട്: മേഖലയിൽ അമിതവേഗതയിൽ ബൈക്കോടിച്ചുള്ള അപകടങ്ങൾ വർധിച്ചുവരികയാണ്. കൊല്ലങ്കോടിനൻറെ സൗന്ദര്യം ആസ്വദിക്കാനായി എത്തുന്ന ചില ബൈക്ക് റൈഡർമാരാണ് അമിതവേഗത്തിൽ സഞ്ചരിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ബൈക്കിന്റെ മുന്നിലും ഹെൽമറ്റിലും കാമറകൾ സ്ഥാപിച്ചു അമിതവേഗത്തിൽ ഓടിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് ഇവർ വിളിച്ചുവരുത്തുന്നത്.
നെന്മേനി, തേക്കിൻചിറ, വരുത്തി, കാച്ചാങ്കുറുശ്ശി, നെടുമണി, വട്ടേക്കാട് എന്നിവിടങ്ങളിലെ ഇടവഴികളിലും ഗ്രാമീണ വഴികളിലുമാണ് ഇവരുടെ റൈഡ്. ഫോട്ടോഷൂട്ട്, വിഡിയോ ഷൂട്ട് എന്ന പേരിൽ ബൈക്കിൽ കാമറ ഘടിപ്പിച്ചു കൊണ്ടുള്ള വേഗത മിക്കപ്പോഴും വഴിയാത്രക്കാരെയും വിദ്യാർഥികളെയും പരിക്കേൽപ്പിക്കാൻ കാരണമായിട്ടുണ്ട്. കൊല്ലങ്കോട്-തേക്കിൻചിറ റോഡിൽ കഴിഞ്ഞ നാലുമാസത്തിനിടെ പത്തിലധികം ബൈക്ക് യാത്രക്കാരെയാണ് നാട്ടുകാർ തടഞ്ഞുനിർത്തി താക്കീത് കൊടുത്ത് വിട്ടയച്ചത്.
തൃശൂർ, മലപ്പുറം, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൊല്ലങ്കോട് സൗന്ദര്യം ആസ്വദിക്കാൻ ആളുകൾ ബൈക്കുകളിൽ എത്തുന്നത്. സാഹസികമായി സൗന്ദര്യം ആസ്വദിക്കുന്നതാണ് ദുരിതമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ലഹരിയിൽ മൂന്നാെള വെച്ച് അമിതവേഗത്തിൽ പോകുന്നവർ കുറവല്ല. ബൈക്കുകളിൽ അമിതവേഗതയിൽ പോയതിനാൽ മംഗലം-ഗോവിന്ദാപുരം റോഡിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 13ലധികം അപകട മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കൊല്ലങ്കോട്-പാലക്കാട് റോഡിൽ നാലിലധികം അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് പരിശോധനകളും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളും ഉണ്ടെങ്കിലും ഇവയെല്ലാം മറികടന്നാണ് ഇവരുടെ റോഡിലെ അഭ്യാസപ്രകടനങ്ങൾ. സാധാരണക്കാരായ യാത്രക്കാരെ ഭീതിയിലാക്കി കൊണ്ടുള്ള ഇത്തരം റൈഡർമാരുടെ നിരത്തുകളിലെ അഭ്യാസപ്രകടനങ്ങളിൽ കർശനമായി നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്. എ.ഐ കാമറകൾ ഉണ്ടെങ്കിലും അമിതവേഗതയിൽ രാത്രിയിൽ വരെ റോഡിൽ ഇറങ്ങുന്നവർ കൊല്ലങ്കോട്ട് മേഖലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.