കോട്ടയം: ആത്മഹത്യചെയ്ത കടയുടമയുടെ മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ബന്ധുക്കൾ ബാങ്ക് ഉപരോധിച്ചു. തിങ്കളാഴ്ച മരിച്ച കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ മൃതദേഹവുമായാണ് നാഗമ്പടത്തെ കർണാടക ബാങ്കിന്റെ കോട്ടയം ശാഖ ഉപരോധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരും വെവ്വേറെ നടത്തിയ ഉപരോധത്തിനിടെ ബാങ്കിനുനേരെ കല്ലേറും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധത്തെ തുടർന്ന് മൂന്നുമണിക്കൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.
ബാങ്കിന്റെ ഭീഷണി മൂലമാണ് ബിനു ആത്മഹത്യ ചെയ്തതെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് നാഗമ്പടം സ്റ്റാൻഡ് പരിസരത്തുനിന്ന് കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി. തോമസിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ബാങ്കിനു മുന്നിലേക്ക് മാർച്ച് ആരംഭിച്ചത്. കോട്ടയം ഡിവൈ.എസ്.പി എൻ.കെ. മുരളി, ഈസ്റ്റ് എസ്.എച്ച്.ഒ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിനാൽ ബാങ്കിനു മുന്നിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇതിനിടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി ആംബുലൻസ് ബാങ്കിനുമുന്നിലെത്തി. ഭാര്യ ഷൈനിയും മക്കളായ നന്ദനയും നന്ദിതയും ഒപ്പമുണ്ടായിരുന്നു.
10 മിനിറ്റ് മൃതദേഹം ബാങ്കിനു മുന്നിലെ റോഡിലിറക്കിവെച്ചു പ്രതിഷേധിച്ചു. തുടർന്ന് ആംബുലൻസിലേക്കു മാറ്റി. അൽപനേരം റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പെട്ടെന്ന് ബാരിക്കേഡിനിടയിലൂടെ ബാങ്കിന്റെ കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഇവരെ തടഞ്ഞതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി. ജെയ്ക് താഴെ വീണു. ഇതിനിടെയാണ് റോഡിൽനിന്ന് വലിയ കല്ലുകളും ഇഷ്ടികക്കഷണവും പൊലീസിന്റെ ഹെൽമറ്റും അടക്കം ബാങ്കിലേക്ക് വലിച്ചെറിഞ്ഞത്. ബാങ്കിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഷട്ടർ പൂട്ടിയിരുന്നതിനാൽ പ്രതിഷേധക്കാർക്ക് ഉള്ളിൽ കടക്കാനായില്ല. ബാങ്കിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാങ്ക് മാനേജർക്കെതിരെ നടപടിയെടുക്കാതെ പിൻമാറില്ലെന്ന് അറിയിച്ചു. റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളും കുത്തിയിരുന്നു. ജില്ല കലക്ടറോ പൊലീസ് മേധാവിയോ ഇടപെടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഇരുവിഭാഗവും പറഞ്ഞു.
ഉച്ചക്ക് രണ്ടിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം.കെ. തോമസുകുട്ടി, നഗരസഭ കൗൺസിലർമാരായ സാബു മാത്യു, ടി.സി. റോയ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
‘അച്ഛനെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് നയിച്ചു’
കോട്ടയം: ആത്മഹത്യ ചെയ്ത ബിനുവിന്റെ മകൾ നന്ദന പറയുന്നത്: ‘‘കർണാടക ബാങ്കിന്റെ കോട്ടയം ശാഖ മാനേജർ അച്ഛനെ ഭീഷണിപ്പെടുത്തി മാനസികമായി തളർത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നു. പുതിയ മാനേജർ വന്നതോടെയാണ് ഭീഷണി തുടങ്ങിയത്. ഇയാൾ വിളിക്കുമ്പോൾ പേടിച്ചാണ് അച്ഛൻ ഫോൺ എടുക്കുന്നത്. പേടിപ്പിച്ച് സമ്മർദത്തിലാക്കുകയാണ് ചെയ്തിരുന്നത്. അവര്‍ പറഞ്ഞ ദിവസം തന്നെ കുടിശ്ശിക അടച്ചു. പിന്നീട് ഈ മാസത്തെ കുടിശ്ശിക 24നു മുമ്പ് അടക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിയായി. ഒരു വലിയ തുക അടച്ചതിന് തൊട്ടുപിന്നാലെ അടുത്ത തുക കൂടി അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇവർക്ക് മനസ്സിലാവില്ലേ. ബാങ്ക് ജീവനക്കാരൻ കടയിൽവന്ന് ഭീഷണിപ്പെടുത്തിയ ദിവസം അച്ഛൻ വലിയ വിഷമത്തിലായിരുന്നു. അന്ന് ഭയന്നുപോയ അച്ഛന് കടയില്‍നിന്ന് ഇറങ്ങി. കുറച്ചുകഴിഞ്ഞ് അമ്മയുടെ ഫോണിലേക്ക് വിളിച്ചു. ബാങ്കുകാരുടെ പേരുപറഞ്ഞ് ആത്മഹത്യ ചെയ്യുമെന്നും വായ്പയുടെ പേരില്‍ സമാധാനം തരുന്നില്ലെന്നും പറഞ്ഞു സങ്കടപ്പെട്ടു’’- മകൾ പറഞ്ഞു.
ആരോപണം അന്വേഷിക്കും -എസ്.പി
കോട്ടയം: ആത്മഹത്യ ചെയ്ത ബിനുവിന്റെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്. കടയിൽ വന്ന് ഭീഷണിപ്പെടുത്തിയതായും പണം ബലം പ്രയോഗിച്ച് എടുത്തതായും വീട്ടുകാരുടെ പരാതിയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.
ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബാങ്ക്
കോട്ടയം: കെ.സി. ബിനുവിനെ വായ്പ തിരിച്ചടക്കാൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നേരേത്ത രണ്ടു ലക്ഷം രൂപയാണ് കട ഈട് വെച്ച് വായ്പ എടുത്തിരുന്നത്. പിന്നീട് പുതുക്കി അഞ്ചുലക്ഷമാക്കി.രണ്ടു തവണകൾ മുടങ്ങിയതിനെ തുടർന്ന് ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർച്ചയായി ശ്രമിച്ചിട്ടും കിട്ടാതായതോടെ ഈ മാസം എട്ടിന് കടയിലേക്ക് ആളെ വിട്ടു. പണമടക്കണമെന്നും അല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു. അന്ന് കടയിലുണ്ടായിരുന്ന പണം എടുത്തുതന്നിരുന്നു. 12ന് എത്തി മുടങ്ങിയ രണ്ടു തവണകളും നേരത്തേ ഉണ്ടായിരുന്ന കുടിശ്ശികയും അടക്കം 43000 രൂപ അടച്ചു. പിന്നീട് ബാങ്കിൽനിന്ന് ബിനുവിനെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.