എൻജിനീയർമാരുടെ കസേര ഒഴിഞ്ഞുതന്നെ; തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിസന്ധി

കൊച്ചി: ആവശ്യത്തിന്​ അസി. എൻജിനീയർമാരില്ലാത്തത്​ സംസ്ഥാനത്ത്​ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം 110ഓളം തദ്ദേശ സ്ഥാപനങ്ങളിലാണ്​ അസി. എൻജിനീയർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്​. സ്ഥാനക്കയറ്റ നടപടികൾ നിലച്ചതാണ്​ രണ്ട്​ വർഷത്തോളമായി ഒഴിവുകൾ നികത്താതിരിക്കാൻ കാരണമെന്ന്​ ജീവനക്കാർ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറിക്കൊപ്പം പ്രാധാന്യമുള്ളതാണ്​ എൻജിനീയറിങ്​ വിഭാഗത്തിലെ അസി. എൻജിനീയർമാരുടെ തസ്തിക. സിവിൽ എൻജിനീയറിങ് ജോലികളുടെയും ബജറ്റിൽ വിഭാവനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെയും നടത്തിപ്പ്​, എം.പി-എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിന്‍റെ വിനിയോഗം, കെട്ടിട പെർമിറ്റ്​ അപേക്ഷകൾ തീർപ്പാക്കൽ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റും മൂല്യനിർണയവും തുടങ്ങിയവ അസി. എൻജിനീയറുടെ ചുമതലയാണ്​.

നിലവിൽ ഫസ്റ്റ്​ ഗ്രേഡ്​ ഓവർസിയർമാരാണ്​ ഇവരുടെ ജോലികൾ കൂടി ചെയ്യുന്നത്​. ത്രിതല പഞ്ചായത്ത്​ ഭരണസമിതികളുടെ കാലാവധി തീരാൻ ഒരു വർഷത്തോളം മാത്രം ബാക്കിനിൽക്കെ അസി. എൻജിനീയർമാരില്ലാത്തതിനാൽ പല പദ്ധതികളും പൂർത്തീകരിക്കാനാവാത്ത സാഹചര്യമാണ്​. നിലവിലെ 110ഓളം ഒഴിവുകളിൽ 90 എണ്ണം ഫസ്റ്റ്​ ഗ്രേഡ്​ ഓവർസിയർമാർക്ക്​ സ്ഥാനക്കയറ്റം നൽകി നികത്തേണ്ടതാണ്​. ഫസ്റ്റ്​ ഗ്രേഡ്​ ഓവർസിയർമാരുടെ സീനിയോരിറ്റി ലിസ്റ്റുമായി ബന്ധപ്പെട്ട്​ ട്രൈബ്യൂണലിൽ കേസുണ്ടെന്നാണ്​ സ്ഥാനക്കയറ്റത്തിന്​ തടസ്സമായി സർക്കാർ പറയുന്നത്​.

എന്നാൽ, ഈ കേസ്​ 2023ൽ സുപ്രീംകോടതി തീർപ്പാക്കിയതാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സീനിയോരിറ്റി ലിസ്റ്റിൽനിന്ന്​ സ്ഥാനക്കയറ്റം നടത്താൻ തടസ്സമില്ലെന്നുമാണ്​ ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്​.

ഫസ്റ്റ്​ ഗ്രേഡ്​ ഓവർസിയർമാർക്ക്​ അസി. എൻജിനീയർമാരായി സ്ഥാനക്കയറ്റം നൽകിയാൽ ആനുപാതികമായി ​സെക്കന്‍റ്​, തേഡ്​ ​ഗ്രേഡ്​ ഓവർസിയർമാർക്കും സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ നിലവിൽ പി.എസ്​.സി റാങ്ക്​ ലിസ്റ്റിലുള്ളവർക്ക്​ നിയമനത്തിന്​ വഴിയൊരുങ്ങും.

റാങ്ക്​ലിസ്റ്റ്​ കാലാവധി ഒരു വർഷത്തിനകം തീരാനിരിക്കെ നിയമനം ലഭിക്കാതെ പുറത്താകുമെന്ന ആശങ്കയിലാണ്​ ഉദ്യോഗാർഥികൾ. നിയമനം ലഭിക്കുന്ന എൻജിനീയർമാർ ജോലിഭാരം ചൂണ്ടിക്കാട്ടി ഒരു വർഷത്തിനകം മറ്റ്​ വകുപ്പുകളിലേക്ക്​ മാറുന്നതാണ്​ തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്നാണ്​ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്​ അടുത്തിടെ പറഞ്ഞത്​.

Tags:    
News Summary - Shortage of engineers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.