ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ രാജസ്ഥാൻ പൊലീസിനും നേരെ വെടിവെപ്പ് നടന്നത്.
കമാലി ഗേറ്റിന് സമീപത്തെ ദർഗക്കഎ സമീപമാണ് സംഭവം. സ്ഥിരം കുറ്റവാളികളായതിനാൽ പ്രതികൾ നിറതോക്കുകളുമായാണ് നടന്നിരുന്നത്. ഇതൊന്നും നോക്കാതെ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒരാളെ ഉടൻ വിലങ്ങ് അണിയിച്ചതിനാൽ അയാൾക്ക് തോക്കെടുക്കാനായില്ല. എന്നാൽ, ഇതിനിടയിൽ കുതറി മാറിയ രണ്ടാമനാണ് തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തത്. മൂന്ന് തവണ ഇയാൾ വെടിവെച്ചു. ഇതിൽ ഒന്ന് അജ്മീർ എ.എസ്.പിയുടെ ചെവിക്ക് സമീപം കൊണ്ടു. പിന്നാലെ ഇയാൾക്ക് നേരെ ‘ആലുവ സ്ക്വാഡ്’ ചാടി വീണ് കീഴടക്കുകയായിരുന്നു. ഇതിനിടയിൽ വിലങ്ങുമായി ഓടിയ മറ്റേ പ്രതിയേയും പിന്തുടർന്ന് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശികളായ ഷെഹ്സാദി, സാജിദ് എന്നിവരാണ് പിടിയിലായത്.
ആലുവയിൽ കഴിഞ്ഞ ആഴ്ച നടന്ന 45 ലക്ഷം രൂപയുടെ ഇരട്ടക്കവർച്ച കേസിലെ പ്രതികളാണിവർ. നിരവധി കേസുകൾ പിടികൂടി കഴിവുതെളിയിച്ച ‘ആലുവ സ്ക്വാഡി’ലെ 45 പേരടങ്ങുന്ന പൊലീസ് സംഘത്തിന്റെ നിരന്തര നിരീക്ഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വികളും ലോഡ്ജുകളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതികൾ കേരളം വിട്ടു. ആദ്യം മധ്യപ്രദേശിലേക്കും പിന്നീട് രാജസ്ഥാനിലേക്കും കടന്നെന്ന വിവരം കിട്ടി. തുടർന്നാണ് ആലുവ സ്ക്വാഡ് രാജസ്ഥാനിലെത്തിയത്.
അന്വേഷണ സംഘത്തെ അവിടത്തെ പൊലീസ് വളരെയധികം സഹായിച്ചു. ഇവരുമായി നടത്തിയ തിരച്ചിലിലാണ് അജ്മീറിൽ പ്രതികളെ കണ്ടെത്തിയത്. പൊലീസുദോഗസ്ഥർക്കെതിരെ നിറയൊഴിച്ചതിനാൽ വധശ്രമത്തിന് 307 വകുപ്പ് പ്രകാരം അജ്മീർ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ശനിയാഴ്ചയോടെ ആലുവയിലെത്തിക്കുമെന്നാണ് അറിയുന്നത്.
തൊട്ടടുത്ത ദിവസങ്ങളിലായിരിന്നു ആലുവയിൽ മോഷണം. ഈ ദിവസങ്ങളിലടക്കം തൃശൂരടക്കം സംസ്ഥാനത്ത് സമാനമായ കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളെ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്താലേ കൂടുതൽ തെളിവുകൾ കിട്ടുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.