തിരുവനന്തപുരം: ജയിൽ മോചിതനായപ്പോൾ പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ സ്വീകരിക്കാനെത്തിയതിന് പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. ആറൻമുള സ്റ്റേഷനിലെ സി.പി.ഒ ഉമേഷിനോടാണ് പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. നന്ദകുമാർ വിശദീകരണം തേടിയത്.
എന്നാൽ താൻ സ്വീകരണത്തിൽ പങ്കെടുത്തിട്ടില്ലെന്നും നിസ്സാരമായ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഒരാളെ അകറ്റി നിർത്തുകയോ ശത്രുവായി കാണുകയോ ചെയ്യുന്നത് പരിഷ്‍കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഉമേഷ് മറുപടി നൽകി. പീഡനക്കേസിലെ പ്രതിക്ക് സുരക്ഷയൊരുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയത് ശരിയാമോ എന്നും ഉമേഷ് മറുപടിക്കത്തിൽ ചോദിച്ചു.
മാവോവാദികൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ പൗരാവകാശ പ്രവർത്തകൻ എ. വാസു ജയിൽ മോചിതനായപ്പോൾ സ്വീകരിക്കാനെത്തി എന്നാണ് കാരണംകാണിക്കൽ നോട്ടീസിന് കാരണമായത്.
പൊലീസിന്റെ അന്തസിന് കളങ്കമുണ്ടാക്കിയതിന് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്. ഗ്രോവാസുവിനോട് അനുഭാവം പ്രകടിപ്പിച്ചതും സ്വീകരിക്കാനെത്തിയതും ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.