കൽപറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സി.ബി.എ അന്വേഷണം ഏറ്റെടുത്തത്.
കണ്ണൂരിലെത്തിയ സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം, കല്‍പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ശനിയാഴ്ച സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും. സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടൻ ഇറക്കണമെന്ന് കേന്ദ്ര സർക്കാറിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ഓർമപ്പെടുത്തി. കേന്ദ്രം വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു.
രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ഇതിന് ഉത്തരവാദി ആരെന്നും സംസ്ഥാന സർക്കാറിനോട് ചോദിച്ച കോടതി, എല്ലാ കാര്യത്തിലും സർക്കാറിന്‍റെ മേൽനോട്ടം ഉണ്ടാകണമെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.