1987ൽ മാധ്യമം പത്രം പ്രസിദ്ധീകരണം തുടങ്ങി ഏതാനും ആഴ്ചകളാകുന്നു. ഫാറൂഖ് കോളജിൽ അധ്യാപകനാണ് അന്ന് ഞാൻ. ഒരു ദിവസം ഞാൻ താമസിക്കുന്ന കോളജ് ക്വാർട്ടേഴ്സിലേക്ക് പ്രഫ. സിദ്ദീഖ് ഹസനും ഒ. അബ്ദുറഹ്മാനും വന്നു. പത്രത്തിെൻറ എഡിറ്റോറിയൽ വിഭാഗത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു അത്. കോളജ് ചുമതലകൾക്കിടയിൽ കിട്ടുന്ന ഒഴിവുവേളകൾ അന്നുമുതൽ 'മാധ്യമ'ത്തിനുവേണ്ടി നീക്കിവെച്ചുതുടങ്ങി.
പ്രഫ. സിദ്ദീഖ് ഹസൻ മുഖേനയാണ് ഞാൻ മറ്റു പല രംഗങ്ങളിലും ഇടപെട്ടിട്ടുള്ളത്. അവയിലൊന്നാണ് 'സിജി'. അന്ന് ഫാറൂഖ് കോളജിെൻറ സഹോദരസ്ഥാപനമായ അൽഫാറൂഖ് എജുക്കേഷനൽ സെൻററിെൻറ ഡയറക്ടറായിരുന്ന ഡോ. കെ.എം. അബൂബക്കർ 'സിജി'യുടെ അമരക്കാരനായി വന്നതിലും പ്രഫ. സിദ്ദീഖ് ഹസെൻറ മുൻകൈ ഉണ്ടായിരുന്നു. ഡോ. അബൂബക്കർതന്നെയും മനസ്സിൽ കൊണ്ടുനടന്നിരുന്ന കരിയർ ഗൈഡൻസ് സ്ഥാപനത്തിന് സാക്ഷാത്കാരം നൽകിയതിൽ സിദ്ദീഖ് ഹസൻ സാഹിബിെൻറ സജീവമായ ഇടപെടലുണ്ട്. ആരംഭകാലത്ത് സാമ്പത്തിക പരാധീനതകൾ പരിഹരിക്കാനും ഡോ. അബൂബക്കറുടെതന്നെ ആവശ്യങ്ങൾ നിവർത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അതേസമയം, 'സിജി'ക്ക് വിശാലമായ അടിത്തറ ഉറപ്പുവരുത്തണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അവഗണിക്കപ്പെട്ടുകിടക്കുന്ന മുസ്ലിം, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴിൽ ഉന്നതിയാണ് 'സിജി'യിലൂടെ ലക്ഷ്യംവെച്ചത് എന്നതിനാൽ സംഘടനാപരമായ താദാത്മ്യങ്ങളിൽനിന്ന് അത് മുക്തമായിരിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. താൻ അമീറായ ജമാഅത്തെ ഇസ്ലാമിയുടേതാകരുത് 'സിജി' എന്ന പ്രഫ. സിദ്ദീഖ് ഹസെൻറ നിഷ്കർഷ ഡോ. അബൂബക്കറിെൻറകൂടി ബോധ്യമായിരുന്നു. ഈ ദീർഘവീക്ഷണമാണ് 'സിജി'യെ വിശാലവും സ്വതന്ത്രവുമായ പ്ലാറ്റ്ഫോമാക്കി മാറ്റിയത്.
പ്രഫ. സിദ്ദീഖ് ഹസെൻറ നേതൃത്വത്തിൽ വന്ന മറ്റു സംരംഭങ്ങളിലും പങ്കാളിയാകാൻ അവസരമുണ്ടായിട്ടുണ്ട്. അൽ ഹറമൈൻ സ്കൂൾ, മീൻടൈം' ഇംഗ്ലീഷ് മാഗസിൻ എന്നിവ അതിലുൾപ്പെടും. 'മീൻടൈം' സാമ്പത്തിക പരാധീനതകൾ കാരണം നിലച്ചു. അൽ ഹറമൈൻ സ്കൂൾ വളർന്ന് മികച്ച സി.ബി.എസ്.ഇ വിദ്യാലയങ്ങളിലൊന്നായി.
ഒപ്പമുള്ളവരിലേക്കുകൂടി പകരുന്ന ആത്മാർഥതയും സമർപ്പണബോധവുമായിരുന്നു സിദ്ദീഖ് ഹസേൻറത്. അദ്ദേഹത്തോടൊപ്പം ഓടിയെത്തുക എളുപ്പമല്ല. വ്യക്തിപരമായി പറഞ്ഞാൽ, അദ്ദേഹം പ്രതീക്ഷിച്ച വിതാനത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന കുറ്റബോധം എനിക്കുണ്ട്. സഹപ്രവർത്തകരിലേക്കും അനുയായികളിലേക്കും ഊർജം പ്രസരിപ്പിച്ച നേതാവ് -അതായിരുന്നു പ്രഫ. സിദ്ദീഖ് ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.