മലപ്പുറം: പ്രതിഷേധങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതി സർവേ നടപടികളുമായി കെ റെയിൽ അധികൃതർ. ഇതിെൻറ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷന് തൊട്ടുപിറകിൽ റെയിൽവേ ഭൂമിയിൽ ലോഡു കണക്കിന് കല്ലുകൾ ഇറക്കി. കമ്പിവേലി കെട്ടി തിരിച്ച ഭൂമിയിൽ ചങ്ങലയിട്ടാണ് കല്ല് സൂക്ഷിക്കുന്നത്.
തിരൂരിൽ സർവേ നടത്താൻ തമിഴ്നാട്ടിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെ ഏതാനും ദിവസം മുമ്പ് സമരസമിതി തടഞ്ഞ് ബസ് കയറ്റി തിരിച്ചയച്ചിരുന്നു. എന്നാൽ, സർവേ നടപടി വീണ്ടും ആരംഭിക്കുന്നതിെൻറ ഭാഗമായാണ് കല്ലുകൾ എത്തിച്ചതെന്നാണ് അറിയുന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സർേവ കല്ലുകൾ നാട്ടുന്നത് തടയുകയും ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയും ചെയ്യുേമ്പാഴും പിറകോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. പദ്ധതിക്ക് സ്വന്തം നിലയിൽ പണം കണ്ടെത്തുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതിന് പിറകെയാണ് നടപടികൾക്ക് വേഗം കൂടിയത്.
പ്രതിഷേധം പലവിധം
പദ്ധതിയുടെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവർ വിവിധ തലങ്ങളിൽ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, ഫലമുണ്ടായില്ല. പരപ്പനങ്ങാടി സിൽവർ ലൈൻ വിരുദ്ധ സമര സമിതി നേതാക്കൾ, വ്യാപാരികൾ, കെട്ടിട ഉടമ പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം ഒക്ടോബർ 27ന് പ്രിൻസിപ്പൽ െസക്രട്ടറിയെയും കെ റെയിൽ എം.ഡിയെയും കണ്ട് നിവേദനം നൽകിയിരുന്നു. ഇതേ സംഘം കെ.പി.എ. മജീദ് എം.എൽ.എയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു. നവംബർ 16ന് പരപ്പനങ്ങാടി ചെട്ടിപ്പടി പുത്തൻതെരു മഹാഗണപതി ക്ഷേത്രം, മനാറുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ്, അബ്റാർ മസ്ജിദ്, എം.ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വെളുത്ത മണ്ണിൽ ജുമാമസ്ജിദ്, നെടുവ സൗത്ത് എൽ.പി സ്കൂൾ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫിസ്, പൊതുഗതാഗത സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്കും നിവേദനം നൽകി. ഇതിന് പിറകെയാണ് തിരൂരിൽ ഉദ്യോഗസ്ഥരെ തടഞ്ഞത്. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.
പാത കടന്നുപോകുന്നത്
ചങ്ങരംകുളം, നടുവട്ടം, കാലടി, തവനൂർ, തിരുനാവായ സൗത്ത് പല്ലാർ, തലക്കാട്, തൃക്കണ്ടിയൂർ, തിരൂർ, താനാളൂർ, താനൂർ, നെടുവ, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിലൂടെയാണ് നിർദിഷ്ട പാത മലപ്പുറം ജില്ലയിൽ കടന്നു പോകുന്നത്.
നിലവിലെ റെയിൽവേ പാതക്ക് സമാന്തരമായാണ് പരപ്പനങ്ങാടി അടക്കമുള്ള പ്രദേശങ്ങളിൽ പാത നിർമിക്കുകയെന്നാണ് പറയുന്നത്. ഇവിടെ നിന്നൊക്കെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പരപ്പനങ്ങാടി പോലുള്ള പ്രദേശങ്ങളിൽ ഒരു ഭാഗത്ത് അറബി കടലും മറ്റൊരു ഭാഗത്ത് കടലുണ്ടി പുഴയും നിർമാണ നിരോധിത മേഖലകളും സർക്കാർ ഭൂമിയും കഴിച്ചാൽ പിന്നെ എവിടെയാണ് സ്ഥലം ലഭ്യമാക്കുക എന്ന ചോദ്യവും സമര സമിതി നേതാക്കൾ ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.