മലപ്പുറം: സിൽവർ ലൈൻ സ്ഥാപിക്കാൻ റെയിൽവേയുടെ 185 ഹെക്ടർ ഭൂമി കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ദക്ഷിണ റെയിൽവേക്ക് വേണ്ടി ഡെപ്യൂട്ടി ചീഫ് എൻജിനിയർ സി. സൗമ്യ സമരസമിതി പ്രതിനിധി എം.ടി. തോമസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം. അർധ അതിവേഗ റെയിൽ പാതക്കായി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും അലൈൻമെൻറിൽ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചതായി കെ റെയിൽ അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് സമരസമിതി മലപ്പുറം ജില്ല ചെയർമാൻ അബൂബക്കർ ചെങ്ങാട്ടിനെ അറിയിച്ചു.കെ റെയിൽ അധികൃതർ മുന്നോട്ടുവെച്ച പ്രൊപ്പോസൽ മാത്രമാണിതെന്നും ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയവും ബോർഡും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് റെയിൽവേ പറയുന്നത്.
185 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാനും റെയിൽവേ തീരുമാനിച്ചിട്ടില്ല. റെയിൽവേ ലൈനിന് സമാന്തരമായി വരുന്ന സിൽവർ ലൈൻ പാതയുടെ അലൈൻമെൻറ് പലയിടങ്ങളിലും മാറ്റണമെന്ന് ദക്ഷിണ റെയിൽവേ നിർദേശം നൽകിയിരുന്നു. ഇതിന് ശേഷമുള്ള അലൈൻമെൻറ് വിശദാംശങ്ങൾ കെ റെയിൽ സമർപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.