മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്ക് പൗരപ്രമുഖരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേട്. റെയിൽവേയിൽ 30 മീറ്ററാണ് ബഫർ സോണെന്നും സിൽവർ ലൈനിൽ അഞ്ച് മീറ്ററാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഇത് വസ്തുതവിരുദ്ധമാണെന്ന് കെ റെയിൽ അധികൃതർ വിവരാവകാശ നിയമപ്രകാരം ഡിസംബർ 21ന് നൽകിയ മറുപടി വ്യക്തമാക്കുന്നു.
ഡബിൾ ലൈനായ പദ്ധതിയുടെ നാലു ട്രാക്കുകളുടെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 15 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്ന ഭൂമി സുരക്ഷിത മേഖലയാകുമെന്നാണ് കെ റെയിൽ അറിയിച്ചത്. ഇതോടെ രണ്ടു ഭാഗത്തുമായി മൊത്തം 30 മീറ്റർ ഭൂമി കെട്ടിട നിർമാണ നിരോധിത മേഖലയാവും. ട്രാക്കിന്റെ ഇരുഭാഗത്തുമായി ഏറ്റെടുക്കുന്ന 15 മീറ്റർ ഭൂമിയാണ് കെ.ആർ.ഡി.സി.എൽ അതിർത്തിയായി നിശ്ചയിച്ചത്. ഈ 15 മീറ്റർ കഴിഞ്ഞ് പിന്നെയും അഞ്ചു മീറ്റർ കൂടി ബഫർ സോണാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് ഇരുഭാഗത്തുമായി മൊത്തം 10 മീറ്റർ വീതിയിലുള്ള സ്ഥലം കൂടി നിരോധിത മേഖലയാവും. എന്നാൽ, ഈ കണക്കുകളൊന്നും പറയാതെ കെ.ആർ.ഡി.സി.എൽ അതിർത്തി കഴിഞ്ഞ് ഒരുവശത്തേക്ക് ബഫർ സോണായി നിശ്ചയിച്ച അഞ്ചു മീറ്ററിന്റെ കാര്യം മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചത്. രണ്ടു ട്രാക്കുകൾക്കിടയിൽ വേണ്ട സ്ഥലവും ഇരു ലൈനുകൾക്കുമിടയിലുള്ള വീതിയും ഉൾപ്പെടുത്താത്ത കണക്കാണിത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ റെയിൽപാതയിൽ 626 വളവുകളുണ്ടെന്നും ഇത് നിവർത്താൻ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ട ഭൂമിയേക്കാൾ കൂടുതൽ വേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ വാദവും വസ്തുതകൾക്ക് നിരക്കുന്നതല്ല. തിരുവനന്തപുരം- മംഗളൂരു ലൈനിൽ 19 കി.മീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളുവെന്നും ഇത്ര ദൂരും ഇരട്ടിപ്പിച്ചിട്ടും വേഗം കൂടിയില്ലെന്നുമാണ് മറ്റൊരു വാദം. ഇത് വിചിത്രമായ വാദമാണെന്നും ഒരു കി.മീറ്റർ ദൂരമാണ് ഇരട്ടിപ്പിക്കാൻ ബാക്കിയെങ്കിലും അത് മൊത്തം വേഗത്തെ ബാധിക്കുമെന്നും റെയിൽവേ ഡിവിഷനൽ എൻജിനീയറായി വിരമിച്ച ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഭൂനിരപ്പിൽനിന്ന് എട്ടു മീറ്റർ ഉയർത്തിയാണ് പാത നിർമിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന് കാരണമാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, കൃത്യമായ പഠനം നടത്താതെയാണിത് പറയുന്നതെന്ന് ഈ രംഗത്തെ വിദഗ്ധനായ അലോക് കുമാർ വർമ പറയുന്നു. അതിവേഗ പാതകൾക്കു വേണ്ട എംബാങ്ക്മെന്റ് സാധാരണ പാതകളുടേതിൽനിന്ന് വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശത്തു കൂടെയാണ് കൂടുതലും സിൽവർ ലൈൻ കടന്നു പോകുന്നത്. നിരവധി സ്ഥലങ്ങളിൽ ആഴത്തിലുള്ള കുഴികളും കുന്നുകൾ മുറിച്ചു മാറ്റലും വേണ്ടിവരും. ഹൈഡ്രോളജിക്കൽ പഠനം നടത്താതെയാണ് അലൈൻമെന്റ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.