കോഴിക്കോട് : അട്ടപ്പാടിയിലെ ടി.എൽ.എ കേസിലുള്ള (അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസ്) സ്വന്തം മണ്ണിൽ കൃഷിയിറക്കുമെന്ന് ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മ. ചൊവ്വാഴ്ച അട്ടപ്പാടിയിലെ കോടതിയിൽ വിചാരണ കേൾക്കാൻ നഞ്ചിയമ്മ പോയിരുന്നു. അതിന് ശേഷമാണ് നഞ്ചിയമ്മയും കുടുംബവും ടി.എൽ.എ ഉത്തരവായ ഭൂമിയിൽ കൃഷി ഇറക്കാൻ തീരുമാനിച്ചത്. ഈമാസം 16 ന് നഞ്ചിയമ്മ സ്വന്തം ഭൂമിയിൽ കൃഷിയിറക്കുമെന്ന് കലക്ടറെ അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസികൾ 1987 മുതൽ ഒറ്റപ്പാലം ആർ.ഡി.ഒ ഓഫീസിലും പാലക്കാട് കലക്ടറർ ഓഫിസിലും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കാനായി കയറിയറങ്ങി. പല കേസുകളും ഒടുവിൽ കോടതികളിൽ കാലങ്ങൾ തള്ളി നീക്കുന്നതല്ലാതെ തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ല. ആദിവാസികൾക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുള്ള ഭൂമി പോലും സർക്കാർ തിരിച്ചുപിടിച്ച് നൽകിയില്ല.
അതേസമയം ടി.എൽ.എ കേസ് നിലവിലുള്ള ഭൂമിക്ക് വ്യാജ ആധാരം ഉണ്ടാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നികുതി അടച്ച് വിൽപനയും കൈമാറ്റവും കൈയേറ്റവും നടത്തുന്നു. ആദിവാസി ഭൂമിയ്ക്ക് ആദിവാസികൾക്ക് പട്ടയവും നികുതി രശീതും കൈവശ സർട്ടിഫിക്കറ്റും സെറ്റൽ മെൻറ് ആധാരവും നൽകില്ല. അതേസമയം ഭൂമി കൈയേറിയത് സംബന്ധിച്ച് പരാതി നൽകിയാൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂരേഖകൾ ചോദിക്കുന്നത് പതിവാണ്.
ആദിവാസി ഭൂമിയുമായി യാതൊരു ബന്ധധവും ഇല്ലാത്ത ആളുകൾ തമ്മിൽ കരാറുണ്ടാക്കുന്നു. വ്യാജ നികുതി രശീതും ആധാരാവും ഹാജരാക്കി കോടതികളിൽ നിന്ന് ഏകപക്ഷീയമായി വിധിയുണ്ടാക്കുകയാണ്. നഞ്ചിയമ്മയുടെ ഭൂമിയുടെ ടി.എൽ.എ കേസ് കന്തസ്വാമിയും നഞ്ചിയമ്മയുടെ ഭർത്തൃപിതാവും തമ്മിലായിരുന്നു. ഇപ്പോൾ ഇരു കുടുംബങ്ങളുടെയും അവകാശികൾ തമ്മിലാണ് കേസ്. എന്നാൽ കെ.വി മാത്യു എന്നയാൾ വ്യാജ രേഖയുണ്ടാക്കി നികുതി അടച്ച് ഭൂമിക്ക് മേൽ അവകാശം ഉന്നിയിക്കുകയാണ്. കെ.വി മാത്യുവിൽനിന്ന് 50 സെ ന്റ് ഭൂമി വാങ്ങിയ നിരപ്പത്ത് ജോസഫ് കുര്യനും കേസിൽ കക്ഷി ചേർന്നു.
ടി.എൽ.എ കേസുള്ള ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കോടതികളെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി സമ്പാദിക്കുണ്ട്.. കോടതി ഉത്തരവ് ലഭിച്ചാൽ പൊലീസ് സംരക്ഷണയിൽ ആദിവാസി ഭൂമി കൈയേറുകയാണ്. സർവേ സെറ്റൽ മെന്റ് രജിസ്ട്രറിൽ ഭൂമിയുടെ ഉടമസ്ഥർ ആരോണെന്നോ ഭൂമി കൈമാറിയത് അവരാണെന്നോ പരിശോധിക്കാതെയാണ് ഉത്തരവുണ്ടാകുന്നത്. ഇത്തരം തീരുമാനങ്ങൾ ആദിവാസി സംരക്ഷണ നിയമങ്ങൾക്ക് വിരുധമാണ്. സർവേ സെറ്റൽ മെന്റ് രജിസ്ട്രറും, ടി.എൽ.എ ഉത്തരവുകളും അംഗീകരിക്കാത്ത നിലപാടാണ് കോടതികൾ പലപ്പോഴും സ്വീകരിക്കുന്നതെന്ന് ആദിവാസി മഹാസഭ കൺവീനർ ടി.ആർ ചന്ദ്രൻ പറഞ്ഞു.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ആദിവാസികൾ നീതി നിഷേധിച്ചിട്ട്. 1975 ലാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് കേരള നിയമസഭ നിയമം പാസാക്കിയത്. അന്യാധീനപ്പെട്ട ഒരു സെന്റ് ഭൂമിപോലും തിരിച്ചു പിടിച്ചു നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തവർക്കെതിരെ 1989 ലെ പട്ടികജാതി-പട്ടികവർഗ(അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് എടുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശിപാർശ നൽകിയിട്ടും സർക്കാർ സംവിധാനം ഭൂമാഫിയ സംഘത്തെ സഹായിക്കുകയാണ്.
അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിമരണവും കുട്ടിമരണവും മാറ്റാൻ കൃഷി മാത്രമാണ് ജീവിത മാർഗമെന്ന് നഞ്ചിയമ്മ മാധ്യമം ഓൺലൈനോട് പറഞ്ഞു. കൃഷി ചെയ്യാതെ ആദിവാസികൾക്ക് ജീവിക്കാനാവില്ല. അതിനാൽ പഴയ അഗളി വില്ലേജ് ഓഫീസ് പരിസരത്തുള്ള ഭൂമിയിൽ നഞ്ചിയമ്മയും കുടുംബവും 16 ന് കൃഷിയിറക്കുമെന്ന് ചൂണ്ടിക്കാട്ടി ടി.ആർ. ചന്ദ്രൻ പാലക്കാട് കലക്ടർക്ക് കത്ത് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.