നഞ്ചിയമ്മ പരാതിയുമായി അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിൽ എത്തിയപ്പോൾ 

കള്ളരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുത്തവരെ ജയിലിൽ അടക്കണം -നഞ്ചിയമ്മ

കോഴിക്കോട്: അട്ടപ്പാടിയിൽ കള്ളരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തവരെ ജയിലിൽ അടക്കണമെന്ന് ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ. നിയമസഭയിൽ എം.കെ. മുനീറിന്റെ ചോദ്യത്തിന് മന്ത്രി കെ. രാജൻ നൽകിയ മറുപടി 'മാധ്യമം' ഓൺലൈനിൽ വായിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നഞ്ചിയമ്മ. മന്ത്രി അയ്യാ... ശട്ട സഭയിലെ ശൊല്ലിയാച്ച്... തിരുട്ട് കായിതമെന്റ്. സർ, ഉള്ളെ പോട വേണ്ടിയത് താനെ. തിരുടർകളെ (മന്ത്രി നിയമസഭയിൽ പറഞ്ഞു. കള്ള രേഖയാണെന്ന്. സാർ, കള്ളന്മാരെ ജയിലിലടച്ചു കൂടെ... ) എന്നായിരുന്നു നഞ്ചിയമ്മയുടെ ആദ്യ പ്രതികരണം.

അട്ടപ്പാടിയിലെ ആദിവാസി മക്കൾ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ല. ആദിവാസികൾ സത്യം മാത്രമാണ് പറഞ്ഞത്. ആദിവാസികളുടെ ഭൂമി പലരും കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് ഉദ്യോഗസ്ഥരാണ് സഹായം നൽകിയത്. കള്ള രേഖകൾ ഉണ്ടാക്കിയവരാണ് തെറ്റ് ചെയ്തതത്. അതെല്ലാം ഇപ്പോൾ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നു. കെ.കെ. രമ എം.എൽ.എയാണ് ആദ്യം നിയമസഭയിൽ ഭൂമിയുടെ കാര്യം ചോദിച്ചത്. തുടർന്നാണ് മന്ത്രി അന്വേഷണം നടത്തുമെന്ന് അറിയച്ചത്.

ഇപ്പോൾ എം.കെ. മുനീർ എം.എൽ.എ ആണ് നിയമസഭയിൽ അന്വേഷണത്തെക്കുറിച്ച് ചോദിച്ചത്. നിയമസഭയിൽ മന്ത്രി സത്യം തുറന്നു പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കള്ളന്മാർക്കെതിരെ നടപടിയെടുക്കണം. കള്ളം ചെയ്തവരെ ജയിലിൽ അടക്കാൻ നമ്മുടെ നാട്ടിൽ നിയമമുണ്ട്. ആദിവാസികളെയും അവരുടെയും ഭൂമിയും സംരക്ഷിക്കാനും നിയമമുണ്ട്. അട്ടപ്പാടിയിൽ ആദിവാസി മക്കൾക്കെതിരെ നടന്നതും നടക്കുന്നതും അതിക്രമമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം.

അട്ടപ്പാടിയിലുള്ള ആദിവാസികൾ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയും നേരിൽ കണ്ട് പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് അഗളിയിലെ പൊലീസ് കാര്യങ്ങൾ അന്വേഷിക്കുകയാണ്. അടുത്ത ദിവസം അഗളി പൊലീസ് സ്റ്റേഷനിൽ പോകും. ഭൂമിക്ക് കള്ളരേഖ ഉണ്ടാക്കിയവരെക്കുറിച്ച് മന്ത്രി നിയമസഭയിൽ സത്യം പറഞ്ഞ സ്ഥിതിക്ക് കള്ളന്മാർക്കെതിരെ കേസെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അഗളി സ്റ്റേഷനിൽ മൊഴി കൊടുക്കാൻ നാളെ പോകുമെന്നും നഞ്ചിയമ്മ പറഞ്ഞു.

സർക്കാർ നടത്തിയ അന്വേഷണത്തിൽ സത്യം കണ്ടെത്തിയ സ്ഥിതിക്ക് നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. അട്ടപ്പാടിയിൽ ആദിവാസികൾക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല. തൻറെ പേരക്കുട്ടികൾക്ക് ജീവിക്കാനുള്ള ഭൂമിയാണ് കള്ളരേഖയുണ്ടാക്കി തട്ടിയെടുത്തത്. കെ.വി. മാത്യു എന്നയാൾ കള്ളരേഖ ഉണ്ടാക്കിയെന്ന് സർക്കാർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഞങ്ങൾ വെറുതെ പറഞ്ഞതല്ല. ഞങ്ങൾ പരാതി കൊടുത്തപ്പോൾ ഇതെല്ലാം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അതൊന്നും തന്നെ പരിഗണിച്ചില്ല. ഇക്കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്ന 'മാധ്യമ'ത്തിന് നഞ്ചിയമ്മ നന്ദിയും അറിയിച്ചു. 

Tags:    
News Summary - Singer Neshiyamma wants those who grabbed the land by making fake documents to be put in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.