വർക്കല: ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ, പ്രയോക്താവോ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. മറിച്ച്, ആ ധർമത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.
സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമം.
മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം ലോകത്താകെ പടർത്തിയ തീർഥാടന കേന്ദ്രമാണ് ശിവഗിരി. കാലത്തിന്റെയും ലോകത്തിന്റെയും മനുഷ്യമനസുകളുടെയും ഇരുളടഞ്ഞ കോണുകളിലേക്കാണ് മനുഷ്യസ്‌നേഹത്തിന്റെ വെളിച്ചം ശിവഗിരിയിൽനിന്നു പടർന്നുകയറിയത്. ആ വെളിച്ചം കാലത്തെ മാറ്റിയെടുത്തു.
ലോകത്തെ മാറ്റിയെടുത്തു. മനുഷ്യമനസുകളെയും മാറ്റിയെടുത്തു. ജാതിക്കും മതത്തിനും എല്ലാവിധ വിഭാഗീയ വേർതിരിവുകൾക്കും അതീതമായ മഹത്വപൂർണമായ ആ സന്ദേശം ഉൾക്കൊള്ളാൻ വർഷംതോറും കൂടുതൽ പേർ ശിവഗിരിയിലേക്കെത്തുന്നു. സത്യത്തിൽ ശിവഗിരി തീർഥാടനം പൂർണമാവുന്നത് ശിവഗിരിക്കുന്നിലേക്കു പതിനായിരക്കണക്കിനാളുകൾ ഒഴുകിയെത്തുന്നിടത്തല്ല.
മറിച്ച് അവിടേക്കെത്തുന്ന പതിനായിരങ്ങൾ ശ്രീനാരായണ ഗുരുവിന്റെ കാരുണ്യപൂർവമായ മഹാസന്ദേശങ്ങൾ ഉൾക്കൊള്ളുന്നിടത്തും, അവ ഉൾക്കൊണ്ടു മടങ്ങിപ്പോയി സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകർത്തുന്നിടത്തുമാണ്. ശിവഗിരിയിലേക്കു കൂടുതൽ കൂടുതൽ ആളുകൾ വർഷംതോറും തീർഥാടകരായി എത്തേണ്ടത് നല്ല കാര്യമാണ്. വരുന്ന തീർത്ഥാടകരെല്ലാം ശ്രീനാരായണഗുരുവിന്റെ മാനവികതയുടെ മഹാസന്ദേശം അതിന്റെ പൂർണമായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു എന്ന് ഉറപ്പുവരുത്തുന്നതിൽകൂടി ഈ നിഷ്‌കർഷ ഉണ്ടാവണം.
ഗുരുസന്ദേശം ഉൾക്കൊള്ളുന്നതിൽ ശ്രദ്ധവെക്കാതെ നടത്തുന്ന തീർഥാടനങ്ങൾ പൊള്ളയായ ആചാരാനുഷ്ഠാനങ്ങൾ മാത്രമായി തരംതാണു പോകും. അന്ധമായ ആചാരാനുഷ്ഠാനങ്ങൾക്ക് എതിരെയായിരുന്നു ഗുരു എന്നും പ്രവർത്തിച്ചുപോന്നിരുന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ പൊള്ളയായ ആചാരം ഗുരുനിന്ദപോലും ആയിപ്പോവും. അതുണ്ടാവാതിരിക്കാനാണ് ഗുരുവിന്റെ മഹത്വമാർന്ന സന്ദേശങ്ങൾ പൂർണമായും ഉൾക്കൊള്ളാനുള്ളതാവണം ഓരോ തീർത്ഥാടകന്റെയും യാത്ര എന്നുറപ്പുവരുത്തണമെന്നു പറഞ്ഞത്.
ഇവിടെയാണ് എന്തായിരുന്നു യഥാർഥ ഗുരുസന്ദേശം എന്ന ചോദ്യത്തിലേക്കു നാം വരുന്നത്. മനുഷ്യസ്‌നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. അത്തരം വേർതിരിവുകൾ കൽപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഗുരു അതു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെത്തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളിൽ പ്രതിഷ്ഠിക്കാൻ ആരെങ്കിലും ശ്രമിച്ചാലോ? അതിൽകവിഞ്ഞ ഗുരുനിന്ദയുണ്ടാവാനില്ല. അക്കാര്യം ഓർമിക്കണം. ഓർമിച്ചാൽ മാത്രം പോര, അത്തരം ശ്രമങ്ങൾക്കെതിരായി നല്ല ജാഗ്രത പുലർത്തണം.
ആ ജാഗ്രതയുണ്ടായില്ലെങ്കിൽ ഗുരു എന്തിനൊക്കെവേണ്ടി നിലകൊണ്ടോ അതിനൊക്കെ എതിരായ പക്ഷത്തേക്കു ഗുരുവിനെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. അതുണ്ടായിക്കൂട. അത്തരം ദുർവ്യാഖ്യാനങ്ങൾ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാൻ കഴിയണം.
സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി അല്ലെങ്കിൽ മത സന്യാസിയായി കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകൾക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ എന്ന് ചിന്തിക്കണം.
ഗുരുവിന്റെ ജാതി എന്താണ് എന്ന് ഒരാൾ ഒരിക്കൽ ഗുരുവിനോടുതന്നെ ചോദിച്ചതും ഗുരു അതിനു കൃത്യമായി മറുപടി പറഞ്ഞതും ചരിത്രം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും വത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാർ നമ്മെ അവരുടെ വിഭാഗത്തിൽപ്പെട്ടവനായി വിചാരിക്കുന്നു. അക്കാരണത്താൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു'.
ഇതാണ് ഗുരുവിന്റെതായി ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള വാക്കുകൾ. ഒരു സംശയത്തിനും ആ വാക്കുകൾ പഴുതു നൽകുന്നില്ല. എന്നിട്ടും ഗുരു മതാചാര്യനാണെന്നു പറഞ്ഞാലോ? ഇക്കാര്യങ്ങളിൽ അന്തിമമായി ഗുരുവിന്റെ സ്വന്തം വാക്കുകൾ തന്നെയുള്ളപ്പോൾ വ്യാഖ്യാതാക്കൾ ആയി നടിച്ച് ആരും പുത്തൻ ഭാഷ്യവുമായി ഇറങ്ങേണ്ടതില്ല.
സർവമത സമ്മേളനത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചുവല്ലോ. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം' എന്ന് സമ്മേളനപ്പന്തലിൽ എഴുതിവച്ചു അദ്ദേഹം. എന്താണ് അതിനർത്ഥം? മതങ്ങൾ തമ്മിൽ വാദിച്ച് കലഹിക്കരുത് എന്നതുതന്നെ! 'പല മതസാരവുമേകം' എന്ന് പഠിപ്പിച്ച ഗുരു ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അങ്ങനെയുള്ള ഗുരുവിന്റെ സ്മൃതി തുടിച്ചുനിൽക്കുന്ന പവിത്രമായ സ്ഥലമാണ് ശിവഗിരി. ആ ശിവഗിരി എന്നും എല്ലാവർക്കും അവകാശപ്പെട്ടതായിത്തന്നെ തുടരണം.
'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം' എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കൽപം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവർക്കുമായി എന്നും തുറന്നിരിക്കണം. ആ ആശയത്തിന്റെ അനുരണനങ്ങൾ കേരളത്തിന്റ മുക്കിലും മൂലയിലുമുണ്ടാകണം. ലോകമാകെ ശ്രദ്ധിക്കുന്ന മാതൃകാസ്ഥാനമായി ഈ നാടുതന്നെ മാറിത്തീരണം.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങൾക്കെതിരെയുള്ള പ്രവർത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവർത്തനം. ഈ മൂന്ന് പ്രവർത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകൻ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയിൽ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാർത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാൻ സന്ദേശങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാർഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.