മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ കുറവ് വരാൻ സാധ്യതയുണ്ടെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ജൂ​ലൈ അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലാണ് സീറ്റുകൾ കുറയാൻ സാധ്യത. ഇതുസംബന്ധിച്ച് താലുക്ക് തലത്തിൽ പഠനം നടത്തുമെന്നും എസ്.എസ്.എൽ.സി ജയിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കും. കഴിഞ്ഞ വർഷം സീറ്റുകളും ബാച്ചുകളും വർധിപ്പിച്ചിരുന്നു. ഇക്കുറിയും സീറ്റുകളും ബാച്ചുകളും വർധിപ്പിക്കാനുള്ള നടപടിയുണ്ടാകും. ഇതിന് മ​ന്ത്രിസഭ യോഗത്തിന്റെ കൂടി അനുവാദം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. കാണാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കരുതെന്നും മന്ത്രി മാധ്യമപ്രവർത്തകരെ ഉപദേശിച്ചു.ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം, അധിക ബാച്ചുകളുടെ ആവശ്യകത, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കലായിരുന്നു കാർത്തികേയൻ കമ്മിറ്റിയുടെ ദൗത്യം.

മലബാർ മേഖലയിലെ ജില്ലകൾ അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാൻ 150 പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാണ് കമ്മിറ്റിയുടെ മുഖ്യ നിർദേശങ്ങളിലൊന്ന്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ല.

Tags:    
News Summary - Sivankutty said that seats are likely to be less in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.