കൊച്ചി: കനത്ത മഴയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ 95.96 കോടിയുടെ കൃഷിനാശം. 8,898 ഹെക്ടറിലെ 39,000 കർഷകരുടെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. കൃഷിവകുപ്പ് പ്രാഥമികമായി ശേഖരിച്ച കണക്കാണിത്. കൃത്യമായ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ യഥാർഥ കൃഷിനാശം ഇതിലും വളരെ കൂടാനാണ് സാധ്യത.
മഴ ശക്തിപ്പെട്ട ജൂലൈ ഒന്ന് മുതൽ ആറ് വരെയുള്ള കണക്കാണ് കൃഷിവകുപ്പ് തയാറാക്കിയിട്ടുള്ളത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് കൃഷിനാശം ഏറ്റവും കൂടുതൽ. ആലപ്പുഴയിൽ 4219 ഹെക്ടറിലെയും പാലക്കാട് 2512 ഹെക്ടറിലെയും കൃഷി നശിച്ചു. മറ്റ് ജില്ലകളിൽ 200ഉം 300ഉം ഹെക്ടറിനിടയിൽ പ്രദേശത്താണ് കൃഷിനാശം. വിളവെടുപ്പിന് പാകമായ പച്ചക്കറികളും വാഴയും നെല്ലുമെല്ലാം നശിച്ചവയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ റബർ, കുരുമുളക്, തെങ്ങ്, ഏലം എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കാർഷിക വിളകൾ വൻതോതിൽ നശിച്ചത് കർഷകർക്ക് വൻ തിരിച്ചടിയായി. കൃഷിനാശത്തിന്റെ കൃത്യമായ കണക്കുകൾ കൃഷിഭവനുകൾ വഴി സർക്കാർ ശേഖരിച്ചുവരുന്നതേയുള്ളൂ.
ബാങ്ക് വായ്പയടക്കം ഉപയോഗപ്പെടുത്തി കൃഷിയിറക്കിയവരെ കടക്കെണിയിലാക്കുന്നതാണ് മഴ സൃഷ്ടിച്ച പ്രതിസന്ധി. ഇതിനിടെ, നേരത്തേ മഴയിലും വരൾച്ചയിലും കൃഷിനാശം സംഭവിച്ച കർഷകർ കൃഷിവകുപ്പ് വഴി അപേക്ഷ നൽകി സർക്കാർ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്. 39 കോടിയോളം രൂപയാണ് ഇത്തരത്തിൽ കർഷകർക്ക് നൽകാനുള്ളത്. ഫണ്ടില്ലെന്നതാണ് നഷ്ടപരിഹാരം വൈകാൻ കാരണമായി അധികൃതർ പറയുന്നത്. സർക്കാറിനോട് തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടുന്ന മുറക്ക് വിതരണം ചെയ്യുമെന്നുമാണ് വിശദീകരണം. ഇതിന് പുറമെയാണ് ഇപ്പോൾ സംഭവിച്ച നാശനഷ്ടം. കർഷകർ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷകൾ ബന്ധപ്പെട്ട കൃഷിഭവനുകൾ പരിശോധന പൂർത്തിയാക്കിയിട്ടും തുക ലഭ്യമാകാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.