കാസർകോട് എരഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ച റിയാസ്, സമദ്, യാസിൻ, കണ്ണൂർ വ​ള്ളി​ത്തോ​ട് ച​ര​ൾ പു​ഴ​യി​ൽ മുങ്ങിമരിച്ച വിൻസെന്‍റ്, ആൽവിൻ, കേളകം ബാവലിപ്പുഴയിൽ മുങ്ങിമരിച്ച ജെറിൻ ജോസഫ് എന്നിവർ

സംസ്ഥാനത്ത് ഇന്ന് മുങ്ങിമരിച്ചത് നാല് കുട്ടികൾ ഉൾപ്പെടെ ആറു പേർ

കണ്ണൂർ: ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മുങ്ങിമരിച്ചത് ആറു പേർ. കാസർകോടും കണ്ണൂരിലുമായാണ് ആറു പേർ മരിച്ചത്. ഇതിൽ നാലുപേർ വിദ്യാർഥികളാണ്.

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മൂന്നു വിദ്യാർഥികളാണ് മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ് - ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയതായിരുന്നു മൂവരും.

ഉച്ചയോട് കൂടി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. റിയാസിനെയാണ് ആദ്യം കണ്ടെത്തിയത്. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മറ്റ് രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ണൂർ ഇരിട്ടി വ​ള്ളി​ത്തോ​ട് ച​ര​ൾ പു​ഴ​യി​ൽ ഒരു വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസന്‍റ് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച ഉച്ച രണ്ടോടെയാണ് അപകടം. ക്രിസ്മസിന് ബന്ധുവീട്ടിൽ വന്നതായിരുന്നു വിൻസന്‍റും ആൽബിനും. പുഴയിൽ മുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കണ്ണൂർ കേളകത്ത് ബാവലിപ്പുഴയിലെ കുണ്ടേരി ആഞ്ഞലി കയത്തിൽപെട്ടാണ് യുവാവ് മുങ്ങി മരിച്ചത്. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - six people drowned to death in kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.