പാലക്കാട്: ക്രിസ്മസ്, പുതുവർഷം അടുത്തതോടെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ തീർന്നു. ചെന്നൈ-തിരുവനന്തപുരം മെയിലിൽ സ്ലീപ്പർ വെയ്റ്റ് ലിസ്റ്റ് ഡിസംബർ 20-23 കാലയളവിൽ 200ന് മുകളിലാണ്. അനന്തപുരി എക്സ്പ്രസിൽ ഡിസംബർ 23ന് വെയ്റ്റിങ് ലിസ്റ്റ് 350 കടന്നു. ബംഗളൂരു-എറണാകുളം എക്സ്പ്രസിൽ വെയിറ്റിങ് 114 മുതൽ 228 വരെയാണ്. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ 300ലെത്തി. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ ഡിസംബർ 20 മുതൽ സ്ലീപ്പർ ടിക്കറ്റ് കിട്ടാനില്ല. ചില ദിവസങ്ങളിൽ വെയിറ്റിങ് 200ലേക്ക് അടുക്കുന്നു. തേർഡ് എ.സിയിലും സമാനമാണ് അവസ്ഥ. ബംഗളൂരു-മംഗളൂരു-കർണാടക ട്രെയിനിൽ വെയിറ്റിങ് രണ്ട് ദിവസം മുമ്പുതന്നെ 150 കടന്നു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഐലൻഡ് എക്സ്പ്രസിൽ ഡിസംബർ 20, 21 തീയതികളിൽ ടിക്കറ്റ് കിട്ടാനില്ല. 22ന് ശേഷമുള്ള ദിവസങ്ങളിലാകട്ടെ സ്ലീപ്പർ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 200ന് മുകളിലാണ്.
മൈസൂരു കൊച്ചുവേളി എക്സ്പ്രസിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ഇല്ല. മുംബൈയിൽനിന്നും ഹൈദരാബാദിൽ നിന്നുമുള്ള ടിക്കറ്റുകൾക്കും സമാന അവസ്ഥയാണ്. നേത്രാവതി എക്സ്പ്രസിൽ ഡിസംബർ 20 മുതൽ സ്ലീപ്പറിലും തേർഡ് എ.സിയിലും ടിക്കറ്റ് കിട്ടാനില്ല. ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്പ്രസിലും വെരാവൽ - തിരുവനന്തപുരം എക്സ്പ്രസിലും സമാന അവസ്ഥയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കലാവധി വെട്ടിക്കുറച്ചതും ദുരിതം വർധിപ്പിച്ചു. പരിഹാരത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതി മാറ്റി നേരത്തേ തന്നെ നടപടി കൈക്കൊള്ളണമെന്നാണ് മലയാളികൾ ആവശ്യപ്പെടുന്നത്. വൈകിയുള്ള സ്പെഷല്‍ പൊതുവെ സഹായകരമാവില്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ വർഷവും പ്രത്യേക ട്രെയിനുകളുണ്ടായിരുന്നില്ല. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് ട്രെയിനുകൾ അനുവദിച്ചത്. ബംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമുൾപ്പെടെ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.