പാലക്കാട്: വൈദ്യൂതി ഉപഭോഗവും ഊർജ നഷ്ടവും വിലയിരുത്താൻ സംസ്ഥാനത്ത് ഒന്നര പതിറ്റാണ്ട് മുമ്പ് കേന്ദ്ര പദ്ധതിയിൽ സ്ഥാപിച്ച സ്മാർട്ട് മീറ്ററുകളിറേയും ‘കട്ടപ്പുറത്ത്’ . 48 ടൗണുകളിലായി സ്ഥാപിച്ച 20,015 മീറ്ററുകളിൽ പ്രവർത്തിക്കുന്നത് 346 എണ്ണം മാത്രമാണ്. അതായത് 1.73 ശതമാനം മാത്രം. ലക്ഷങ്ങൾ ചെലവിട്ട കേന്ദ്ര പദ്ധതിയുടെ മീറ്ററുകൾ തെരഞ്ഞെടുക്കപ്പെട്ട സെക്ഷൻ ഓഫിസ് പരിധിയിൽ നോക്കുകുത്തിയാണ്.

സ്മാർട് മീറ്ററിന് വേണ്ടി വീണ്ടും ടെണ്ടർ നടപടി ആരംഭിച്ചിരിക്കെയാണ് മുൻതലമുറ സ്മാർട് മീറ്ററുകളുടെ ‘കാര്യക്ഷമത’ വീണ്ടും ചർച്ചയാകുന്നത്. 11 കെ.വി ഫീഡറുകളിൽ ഘടിപ്പിച്ച ഫീഡർ 983 മീറ്ററുകളിൽ 259 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സെക്ഷൻ ഓഫിസുകളുടെ അതിർത്തിയിൽ ഘടിപ്പിച്ച 662 ബോർഡർ മീറ്ററുകളിൽ 616ഉം നോക്കികുത്തിയാണ്. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകളിൽ സ്ഥാപിച്ച 18370ഡി.ടി.ആർ മീറ്ററുകളിൽ ആകെ പ്രവർത്തിക്കുന്നത് 41 എണ്ണമാണ്. ഇതിന്റെ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സ്മാർട് മീറ്ററുകൾ സ്ഥാപിച്ച ഘട്ടത്തിൽ കാര്യങ്ങൾ നന്നായി നടന്നിരുന്നു.

ഒരേസമയം, സെക്ഷൻ ഓഫിസുകളിലെ നൂറിലേ​റെ മീറ്ററുകളിൽ ഒരേ സമയം റീഡിങ് എടുത്ത് കാര്യക്ഷമത അളക്കുന്ന നടപടിയും ആദ്യമാസങ്ങളിൽ കാര്യക്ഷമമായി നടന്നു. വൈദ്യുതി നഷ്ടവും വൈദ്യുതി മോഷണവും കണ്ടെത്താനാകുമെന്നതായിരുന്നു ​പ്രധാന നേട്ടം. എല്ലാ മീറ്ററുകളും പ്രവർത്തിച്ചാലാണ് ഫലം ലഭ്യമാകുകയെന്നിരിക്കേ സോഫ്റ്റ്‍വേയർ തകരാറ് കാരണവും അറ്റകുറ്റപണി ഇല്ലാതെയും ഓരോ മീറ്ററുകൾ ക്രമത്തിൽ പ്രവർത്തന രഹിതമായി. ഇവ നന്നാക്കുന്ന പ്രവർത്തനം ആരുടെയും ബാധ്യത അല്ലാതായിത്തീരുകയും ചെയ്തു. എറണാകുളം,കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിലെ പ്രധാന ടൗണുകളിൽ ഇപ്പോഴും ഈ മീറ്ററുകൾ പ്രദർശനവസ്തുവായി കിടപ്പുണ്ട്.

ആർ.എ.പി ഡി.ആർ.പി

കേന്ദ്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിന് കീഴിൽ വരുന്ന പദ്ധതിയായ പവർ ഡെവലപ്‌മെന്റ് ആൻഡ് റിഫോം പ്രോഗ്രാം (ആർ.എ.പി ഡിആർ.പി) രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയത് 2002ലാണ്. ഓട്ടോമറ്റിക് സ്മാർട് മീറ്ററുകൾ ഘടിപ്പിച്ച് നേരിട്ടുള്ള മീറ്റർ റീഡിങ് ഒഴിവാക്കി വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള മീറ്റർ ഡാറ്റ അക്വിസിഷൻ സിസ്റ്റത്തിന്റെ (എം‌.ഡി.‌എ‌.എസ്) ഭാഗമായാണ് സ്മാർട് മീറ്ററുകൾ ടൗണുകളിലെ സെക്ഷൻ ഓഫിസുകളിലെത്തിയത്. ഊർജ്ജ നഷ്ടവും (സാങ്കേതിക നഷ്ടം + മോഷണം + ബില്ലിംഗിലെ കാര്യക്ഷമതയില്ലായ്മ) വാണിജ്യ നഷ്ടവും (പേയ്മെന്റിലെ സ്ഥിരസ്ഥിതി + ശേഖരണത്തിലെ കാര്യക്ഷമതയില്ലായ്മ ) കണക്കാക്കി കാര്യക്ഷമത വർധിപ്പിക്കാനുള്ള മറ്റ് നടപടികൾ ഉൾപ്പെട്ട പദ്ധതിയായിരുന്നു ഇത്.


Tags:    
News Summary - Smart meters were installed in the state a decade and a half ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.