ശബരിമല പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തി പാമ്പ്; വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.


നൂറുകണക്കിന് ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കൈവരിയിൽ നീണ്ടുനിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടാൻ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയിൽ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിന് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

Tags:    
News Summary - snake at sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.