തലശ്ശേരി: തലശ്ശേരിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ യുവതിയുടെ ചെവിയിൽ പാമ്പ് കയറിയെന്ന കുറിപ്പുമായി കഴിഞ്ഞ ദിവസം മുതലാണ് വാട്ട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, വിഡിയോ തങ്ങൾ കണ്ടിരുന്നുവെങ്കിലും ആശുപത്രിയിലോ സമീപത്തോ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് കോഓപറേറ്റീവ് ആശുപത്രി അധികൃതർ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും ഈ ദൃശ്യം വൈറലായിരിക്കുകയാണ്. യുവതിയുടെ ചെവിയിൽ നിന്നും പാമ്പിനെ പുറത്തേക്കെടുക്കാൻ ശ്രമിക്കുന്നതായാണ് വിഡിയോ ദൃശ്യത്തിലുള്ളത്. സ്ഥലവും തീയതിയും വീട്ടുപേരും സമയവും ഉൾപ്പെടെയുള്ള കുറിപ്പുസഹിതമാണ് വിഡിയോ പ്രചരിക്കുന്നത്.
ഒപ്പം വനം വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും എന്ന തരത്തിലുള്ള നിർദേശങ്ങളും കുറിപ്പിലുണ്ട്. എന്നാൽ, ഇത് വ്യാജ വിഡിയോ ആണെന്നും ഒരിക്കലും ഇത്രയും വലുപ്പമുള്ള പാമ്പിന് മനുഷ്യന്റെ ചെവിയിൽ കടന്നുകൂടാൻ സാധിക്കില്ലെന്നും സ്നേക്ക് റെസ്ക്യൂവറും സർപ്പ വളന്റിയറുമായ ബിജിലേഷ് കോടിയേരി പറഞ്ഞു. വിഡിയോ വ്യാജമാണെന്ന് ഫയർഫോഴ്സും പൊലീസും പറഞ്ഞു. ഇതേ സ്ത്രീയെ ഉപയോഗിച്ച് നിർമിച്ച സമാന രീതിയിലുള്ള മറ്റൊരു വിഡിയോയും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്നുണ്ട്. അതിൽ ചെവിയിൽ പാമ്പിന്റെ വാൽഭാഗം കുടുങ്ങിയതായാണ് കാണിക്കുന്നത്.
കേരളത്തിന്റെ പുറത്തെവിടെയോ റീൽസിനായി ചിത്രീകരിച്ച വിഡിയോ എഡിറ്റ് ചെയ്താണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ജനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.