കൊച്ചി: അരിക്കൊമ്പൻ എന്ന കാട്ടാനയെ ഹൈകോടതിക്ക് സമീപത്തെ മംഗളവനത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ കാമ്പയിൻ. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്ത് മേഖലകളിൽ ജനജീവിതം ദുസ്സഹമാക്കിയ അക്രമകാരിയായ ആനയുടെ വിഷയത്തിൽ നടപടികൾ നീളുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ കാമ്പയിൻ.
ശ്രദ്ധേയമായ സാമൂഹികവിഷയങ്ങളിൽ ഗൗരവമായി ഇടപെടുന്ന ചെയ്ഞ്ച്.ഒആർജിയിലാണ് (change.org) കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലും സമാന പോസ്റ്റുകൾ വന്നിട്ടുണ്ട്. ‘ഒരുകാലത്ത് ആനത്താരകൾ നിലനിന്നിരുന്ന വനമായിരുന്നു എറണാകുളം നഗരം. നൂറ്റാണ്ടുകളായി മനുഷ്യർ നടത്തിയ ചൂഷണമടക്കമുള്ള ഇടപെടലുകളിലൂടെയാണ് എറണാകുളത്തെ ഇന്ന് കാണുന്ന ആധുനിക നഗരമാക്കി മാറ്റിയത്. ഗ്രാമീണ, ഹൈറേഞ്ച് മേഖലകളിൽ താമസിക്കുന്നവർ സാമൂഹിക -സാമ്പത്തിക കാരണങ്ങൾ മൂലമാണ് പിന്നാക്കം പോയത്.
എന്നാലും അവർ മറ്റാരെക്കാളും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. കാടുകളിലേക്ക് നുഴഞ്ഞുകയറിയവരെന്ന് കുറ്റപ്പെടുത്തുന്നത് അസംബന്ധവും ചരിത്ര വസ്തുതകളുടെ നിഷേധവുമാണ്. ഗ്രാമീണ ഹൈറേഞ്ച് പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരവാസികളെപ്പോലെ അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ എല്ലാ അവകാശവുമുണ്ട്.
കാട്ടിലെ വന്യജീവികളെക്കാൾ നിർണായകവും വിലപ്പെട്ടതുമാണ് അവരുടെ ജീവിതവും അവകാശങ്ങളും. അക്രമകാരിയായ വന്യമൃഗങ്ങളെക്കാൾ പൗരന്മാരുടെ ആശങ്കകൾക്ക് ഭരണകൂടം മുൻഗണന നൽകണമെന്നാണ് കാമ്പയിൻ ഉയർത്തുന്നവർ മുന്നോട്ടുവെക്കുന്നത്.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തെ മംഗളവനം ഹൈകോടതിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ്. അരിക്കൊമ്പന്റെ പ്രധാന ഭക്ഷണമാണ് അരി. കടവന്ത്ര സപ്ലൈകോ മംഗളവനത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ടുതന്നെ അരിക്കൊമ്പനെ സ്ഥലംമാറ്റാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് മംഗളവനമെന്ന് കാമ്പയിൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. അരിക്കൊമ്പനെ മംഗളവനം വനമേഖലയിലേക്ക് മാറ്റണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായി കാമ്പയിനൊപ്പം ചേർത്ത വിശദീകരണത്തിൽ വ്യക്തമാക്കുന്നു. നിരവധിപേരാണ് കാമ്പയിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.