സാമൂഹ്യ സുരക്ഷ പെൻഷൻ: കോട്ടക്കൽ നഗരസഭയിലെ ഒരുവാർഡിൽ 42 ൽ 38 പേരും അനർഹർ

കോഴിക്കോട്: കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ അനർഹരായ 38 പേർ സാമൂഹ്യ സുരക്ഷ കൈപ്പറ്റുന്നു എന്ന് ധനകാര്യ റിപ്പോർട്ട്. നഗരസഭയുടെ ഏഴാം വാർഡിൽ 42 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധനയുടെ ഭാഗമായി കോട്ടക്കൽ നഗരസഭയിൽ ഏഴാം വാർഡിൽ പെൻഷൻ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ധനകാര്യ വിഭാഗം പരിശോധിച്ചു.

 

പരാതിയിൽ ചൂണ്ടിക്കാണിച്ച 42 ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പരാതിയിലെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് റിപ്പോർട്ട്. ഫീൽഡ് തല പരിശോധനയിൽ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും വിവിധ കാരണങ്ങളാൽ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയല്ല എന്നാണ് കണ്ടെത്തിയത്. നഗരസഭയിലെ ഏഴാം വാർഡിലെ 42 പേരിൽ 38 പേർക്കും പെൻഷന് ലഭിക്കാൻ അർഹതയില്ല. ഈ റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്.

 

പാണ്ടാരമംഗലം എം.കെ. രവീന്ദ്രനാഥന് എ.സി വീടും മകന് ബി.എം.ഡബ്ല്യു കാറുമുണ്ടെന്നാണ് റിപ്പോർട്ട്. നായാടിപ്പാറിയലെ കെ. കമലാക്ഷിയമ്മയുടെ ഭർത്താവ് വിമുക്തഭടനാണ്. അദ്ദേഹത്തിന് ഒരു ലക്ഷത്തിലധികം രൂപയാണ് വരുമാനം. പണ്ടാരമംഗലത്തെ എം. ഉണ്ണികൃഷ്ണന്റെ ഭാര്യ ചന്ദ്രികക്ക് സർവീസ് പെൻഷനുണ്ട്. നായാടിപ്പാറ പി. ഉണ്ണികൃഷ്ണൻ രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട്ടിലാണ് താമസിക്കുന്നത്. മകൻറെ പേരിൽ ഇന്നോവ വാഹനമുണ്ട്. ആധുനിക രീതിയിൽ നിർമിച്ച 2000 സ്ക്വയർ ഫീറ്റിൽ അധികം വിസ്തീർണമുള്ള മകൻറെ എ.സിവീട്ടിൽ താമസിക്കുകയാളാണ് പണ്ടാരമംഗലം എൻ. ഷണ്മുഖൻ.

നായാടിപ്പാറ എം. ശ്രീധരനും ഐ. കല്യാണി കുട്ടിയും ഒരു ലക്ഷത്തിലധികം വരുമാനമുള്ള അവിവാഹിതനായ മകനോടൊപ്പമാണ് താമസിക്കുന്നത്. എ.സി വീട്ടിലാണ് എ.കെ. കുഞ്ഞിലക്ഷമിയുടെ താമസം. വി.കെ. പത്മവതിയുടെ ഭർത്താവ് കേന്ദ്ര-സംസ്ഥാന പെൻഷനുകൾ കൈപ്പറ്റുന്നുണ്ട്. എ.സി. യുള്ള വീട്ടിൽ താമസിക്കുന്ന പണ്ടാരമംഗലത്തെ എ. മുരളീധരമേനോനും കെ.പി പത്മകുമാരിക്കും സാമൂഹ്യസുരക്ഷ പെൻഷന് അർഹതയില്ല.

നായാടിപ്പാറയിൽ കെ.വി. വേലായുധനും പൂഴിത്തറയിലെ എം. ചന്ദ്രിക ഉണ്ണികൃഷ്ണ വാര്യർ എന്നിവർ എ.സി വീട്ടിലാണ് താമസിക്കുന്നത്. പണ്ടാരമംഗലത്തെ എം. ഭാസ്കരൻ പി.വി. സുലോചനഎന്നിവർക്ക് എ.സിയുള്ള വീടുണ്ട് കൂടാതെ മറ്റ് രണ്ട് കെട്ടിടങ്ങളും ഉണ്ട്. പണ്ടാരമംഗലത്തെ യു. ഉണ്ണികൃഷ്ണൻ വസന്തകുമാരി എന്നിവർക്കും എ.സിയുള്ള വീടുണ്ട്.

നായാടിപ്പാറയിൽ പത്മിനി അമ്മയുടെ ഭർത്താവ് വിമുക്തഭടൻ ആയിരുന്നു. കുടുംബ പെൻഷൻ ലഭിക്കുന്നുണ്ട്. കെ. പത്മിനി ആധുനികരീതിയിൽ നിർമിച്ച 2000 സ്ക്വയർഫീറ്റിൽ അധികം വിസ്തീർണം വരുന്ന വീട്ടിലാണ് താമസിക്കുന്നത്. കോട്ടപ്പടി എം. വി ഗോപാലകൃഷ്ണൻ, ടി.വി. രമാദേവി എന്നിവർ എ.സിയുള്ള വീട്ടിലാണ് താമസിക്കുന്നത്. താഴെത്തെ വീട് വാടകക്ക് നൽകിയിരിക്കുന്നു.

നായാടിപ്പാറ പി.വി. വിശാലാക്ഷിയുടെ ഭർത്താവ് വിമുക്തഭടനാണ്. നായടിപ്പാറ കുഞ്ഞുമുഹമ്മദിനും പാത്തുമ്മക്കും ആധുനിക രീതിയിൽ നിർമിച്ച 2000 സ്ക്വയർ ഫീറ്റിൽ അധികം വരുന്ന എ.സി വീടുണ്ട്. കോട്ടപ്പടി സി.പി നമ്പീശൻ, ടി.ഉമ എന്നിവർക്ക് എ.സി യുള്ള വീടുണ്ട്.

പണ്ടാരമംഗലം കെ.വി. വിജയന്റെ ഭാര്യ എയ്ഡഡ് സ്കൂൾ അധ്യാപികയായിരുന്ന കാര്യം മറച്ചു വെച്ചാണ് പെൻഷൻ വാങ്ങുന്നത്.1000 സിസിയിൽ അധികം കപ്പാസിറ്റിയുള്ള യാത്രാവാഹനം സ്വന്തമായുണ്ട്. നായാടിപ്പാറ പി. ലക്ഷ്മിയുടെ ഭർത്താവ് വിമുക്തഭടനാണ്. പണ്ടാരമംഗലം പി.കെ സുഭദ്രയുടെ വീട്ടിൽ എ.സിയുണ്ട്. നിലവിൽ താമസിക്കുന്ന വീടിൻറെ വിസ്തീർണ്ണം 2,600 സ്ക്വയർ ഫീറ്റിൽ അധികം ഉണ്ട്. രണ്ട് ഏക്കറിലധികെ ഭൂമിയുമിണ്ട്.

കോട്ടപ്പടി ആമപ്പാറക്കൽ അച്ചു എസിയുള്ള വീട്ടിലാണ് താമസിക്കുന്നത്. കോട്ടപ്പടി എം.എം. രാമചന്ദ്രനും മരതകവും എ.സിയുള്ള വീട്ടിലാണ് താമസിക്കുന്നത്. പണ്ടാരമംഗലം കെ.ടി. ഗോപകുമാർ എ.സിയുള്ള വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ സുനിത ജീവനക്കാരിയാണ്. പണ്ടാരമംഗലം എ.കെ. സുകുമാരന് എ.സി.യുള്ള വീടുണ്ട്. പണ്ടാരമംഗലം എം.വി ഉഷാകുമാരി നിലവിൽ അംഗനവാടി വർക്കറാണ്. പണ്ടാരമംഗലം വി.വി. ശോഭ നിലവിൽ താമസിക്കുന്നത് 2,000 സ്ക്വയർഫീറ്റിൽ അധികം വിസ്തീർണമുള്ള എ.സി വീട്ടലാണ്. വാഹനവും ഉണ്ട്.

42 പേരുടെ വീടുകളിലാണ് പരിശോധിച്ചപ്പോൾ മൂന്നുപേർക്ക് മാത്രമേ പെൻഷന് അർഹതയുള്ളൂ. ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അനർഹമായി പട്ടികയിൽ കടന്നുകൂടിയ 38 പേരുടെ പെൻഷൻ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

തെറ്റായ വിവരങ്ങൾ നൽകി പെൻഷൻ കൈപ്പറ്റിയവരിൽ നിന്നും കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണം. അനർഹരായി കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് പെൻഷൻ അനുവദിക്കുന്നതിനായി നഗരസഭയിൽ സമർപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും പരിശോധനക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫയലുകൾ നഗരസഭ നൽകിയില്ല.

അനർഹരായവർക്ക് പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ വലിയ വീഴ്ചയാണ് വരുത്തി. വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും പെൻഷൻ അനുവദിച്ച് ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് വിജിലൻസ് സമഗ്രമായ പരിശോധന നടത്തണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

അനർഹമായി പെൻഷൻ വാങ്ങിയ 38 പേരും ബാങ്ക് അക്കൗണ്ടു വഴിയാണ് പെൻഷൻ കൈപ്പറ്റിയത്. സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പെൻഷൻ എത്തിച്ചു കൊടുക്കുന്ന അവസരത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് സാഹചര്യമുണ്ട്. ഇത് പെൻഷൻ കൈപ്പറ്റുന്നത് ഒരു പരിധിവരെ തടയുന്നതിന് സഹായകമാണ്.

ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് ഉണ്ടാകില്ല. അതിനാൽ ബാങ്ക് അക്കൗണ്ട് വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - Social security pension: 38 out of 48 people are ineligible in one ward in Kottakal municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.