മലപ്പുറം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ വീട്ടിൽ എ.സിയുള്ളവർക്കും സാമൂഹിക സുരക്ഷ പെൻഷൻ

കോഴിക്കോട് : മലപ്പുറം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ വീട്ടിൽ എ.സിയുള്ളവർക്കും സാമൂഹിക സുരക്ഷ പെൻഷൻ. ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ അഞ്ച് പേർക്ക് എ.സി വീടുകളുണ്ട്. മൂന്ന് പേർ 2000ലധികം ചതുരശ്രഅടി വസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമാണ്.

പുഷ്പലത, അബൂബക്കർ പൊയിൽതൊടി, ടി.പി. അബ്ദുള്ള, നഫീസ, നാരായണൻ നായർ എന്നീ അഞ്ച് ഗുണഭോക്താക്കൾ താമസിക്കുന്ന വീടുകളിൽ എ.സിയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ജമീല നാടകശ്ശേരി, സഫിയ കാവുന്നത്ത്, മൊയ്തീൻകോയ നാടകശ്ശേരി എന്നിവരാണ് വലിയ വീടുകളിൽ താമസിച്ച് പെൻഷൻ വാങ്ങുന്നവർ.

സാറ്റന്റിങ് കമ്മിറ്റി മിനിട്ട്സ് ബുക്ക്, മറ്റ് രേഖകൾ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഈ ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കുകയും ഫീൽഡ് തല പരിശോധനയും വിലയിരുത്തലും നടത്തിയത്. പെൻഷൻ വാങ്ങുന്ന 17 ഗുണഭോക്തക്കളെയാണ് പരിശോധിച്ചത്. അതിൽ അനർഹരായി കണ്ടെത്തിയ എട്ട് പേരുടെ സാമൂഹിക സുരക്ഷ പെൻഷനുകൾ റദ്ദാക്കുന്നതിന് ഗ്രാമപഞ്ചയത്ത് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് റിപ്പോർട്ടിൽ ധനവകുപ്പ് ശിപാർശ നൽകി.

പട്ടികയിലുള്ള നഫീസ വിധവ പെൻഷൻ ഗുണഭോക്താവും, മറ്റുള്ളവർ വാർധക്യകാല പെൻഷൻ ഗുണഭോക്താക്കളുമാണ്. ഇത്തരത്തിൽ വീടുകളിൽ എ.സിയുള്ള അപേക്ഷകർക്ക് പെൻഷൻ അനുവദിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഗ്രമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി. ഈ അപേക്ഷകളുടെ ഭൗതിക സാഹചര്യ പരിശോധനയുടെ സമയത്ത് താമസിക്കുന്ന വീട്ടിൽ എ.സി ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് പെൻഷൻ അനുവദിച്ചതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നൽകി. ഈ സാഹചര്യത്തിൽ ഗുണഭോക്താക്കളുടെ പെൻഷൻ റദ്ദു ചെയ്യാൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ശിപാർശ ചെയ്തു.

ഫീൽഡുതല പരിശോധന നടത്തിയതിൽ ജമീല നാടകശ്ശേരി, മൊയ്തീൻകോയ നാടകശ്ശേരി എന്നിവർ ഭാര്യാ ഭർത്താക്കൻമാരാണെന്നും കണ്ടെത്തി. ഇവർ താമസിക്കുന്ന, മൊയ്തീൻ കോയയുടെ പേരിലുള്ള വീടിന് നിലവിൽ 2597.97 ചതുരശ്ര അടി വിസ്തീർണവുണ്ട്. ഇതിൽ 1413.94 ചതുരശ്ര അടി വരുന്ന ഭാഗം പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇവരുടെയും പെൻഷൻ റദ്ദ് ചെയ്യാൻ ശിപാർശ നൽകി.

സഫിയ കാവുന്നത്തിന്റെ പെൻഷൻ അപേക്ഷയിൽ വീട്ടുനമ്പർ 369 ആണ്. എന്നാൽ, പരിശോധനയിൽ ഇവർക്ക് 2234.37 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. മകന്റെ പേരിലുള്ള 369 എ എന്ന വീട്ടിലാണ് താമസിക്കുന്നത്. സഫിയ കാവുന്നത്തിന്റെ പെൻഷൻ റദ്ദു ചെയ്യാൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുന്ന കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് തീരുമാനം സ്വീകരിക്കാമെന്നും ശിപാർശ ചെയ്തു.

ക്രമനമ്പർ ഏഴ് ആയ അബൂബക്കർ പെൻഷൻ നിലവിൽ (2023 മാർച്ച് 17ന് മരിച്ചു) സസ്പെന്റ് ചെയ്തിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ അബൂബക്കറിന്റെ വാർധക്യകാല പെൻഷൻ റദ്ദു ചെയ്യാൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ശിപാർശ ചെയ്തു.

Tags:    
News Summary - Social security pension for those who have AC at home in Malappuram Chelembra Gram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.