അനര്‍ഹർ പെന്‍ഷന്‍ വാങ്ങിയത് പരിശോധിക്കാന്‍ രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ തയാറായില്ല; രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

കോഴിക്കോട്: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹർ വാങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനര്‍ഹർ പെന്‍ഷന്‍ വാങ്ങിയ സംഭവം പരിശോധിക്കാന്‍ രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ തയാറായില്ലെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് 2022ല്‍ സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ എവിടെയായിരുന്നു. രണ്ട് വര്‍ഷമായി പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.

സ്പാര്‍ക്കും സേവനയും താരതമ്യം ചെയ്തു നോക്കിയാല്‍ തന്നെ ശമ്പളം വാങ്ങുന്ന ആരെങ്കിലും സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താം. എന്നിട്ടും സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് അറിയില്ല.

സമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ വാങ്ങുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ തയാറാകണം. സമൂഹകിക സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടിയുള്ള കമ്പനിയെ കുറിച്ചും സി.എ.ജി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്നുള്ള സമരത്തിന് യു.ഡി.എഫില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഒറ്റക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ട്. കിട്ടുന്ന അവസരങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രത്തിനെതിരെ സംസാരിക്കുന്നുണ്ട്.

കേരളത്തില്‍ ആദ്യമായി കേന്ദ്രത്തിന്‍റെ അവഗണനക്കെതിരെ പ്രതിപക്ഷമാണ് സംസാരിച്ചത്. പാര്‍ലമെന്‍റിലും നിയമസഭയിലും പുറത്തും വയനാട്ടിലെ ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം യു.ഡി.എഫിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Social Welfare Pension Row: VD Satheesan criticise Pinarayi Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.