മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതിനാലെന്ന് കെ. സുരേന്ദ്രൻ

ആലപ്പുഴ: മകൻ ഹരികൃഷ്ണൻ കെ.എസിന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതു കൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനം നടത്തുന്ന ദിവസം തന്നെ ഇത്തരമൊരു വാർത്ത കൊടുത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

വാർത്ത 100 ശതമാനം അവാസ്തവമാണ്. ഒരു ശ്വാസത്തിൽപ്പോലും സുരേന്ദ്രനോ സുരേന്ദ്രനു വേണ്ടി മറ്റുള്ളവരോ ഇതിൽ ഇടപെട്ടിട്ടില്ല. ഈ തെറ്റായ വാർത്ത നൽകിയതിനെതിരെ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിങ്ങൾക്ക് ആരേക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിച്ച് വാർത്ത കൊടുക്കാം. എന്ത് അന്വേഷണവും നടത്താം. പക്ഷേ, ഒരു വാർത്ത കൊടുക്കുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ടവരോട് സംസാരിച്ച് എന്താണ് നടന്നതെന്ന് ആരായുന്നത് നല്ലതാണ്. മുൻപ് എന്റെ മകൻ കുഴൽപ്പണം കടത്തിയെന്ന് വാർത്ത കൊടുത്തവരാണ് മാധ്യമങ്ങൾ. ഇപ്പോൾ മകന്റെ ജോലിയും പ്രശ്നമായി -സുരേന്ദ്രൻ പറഞ്ഞു.

രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലാണ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്. മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നാണ് ആരോപണം. 2021 ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫിസർ അടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്.

പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിൽ എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണനയെന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ 48 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാലു പേരില്‍ കെ. സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണനാണ് നിയമനം ലഭിച്ചത്. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ നിയമനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - son got the job because he was qualified says K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.