കോന്നി: മലയാലപ്പുഴ വാസന്തി മഠത്തിൽ ആഭിചാരക്രിയക്ക് പണം നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളായ എട്ട് വയസ്സുകാരി ഉൾപ്പെടുന്ന കുടുംബത്തെ പൂട്ടിയിട്ട സംഭവത്തിൽ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുടുംബത്തെ മോചിപ്പിച്ച ശേഷം ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി. ആഭിചാര കേന്ദ്രം നടത്തുന്ന ശോഭന തിലകും ഭർത്താവ് ഉണ്ണികൃഷ്ണനും സംഭവത്തിനു ശേഷം ഒളിവിൽപോയതായും പൊലീസ് പറഞ്ഞു. പത്ത് ദിവസമാണ് എട്ടു വയസ്സുകാരിയെയും കുടുംബത്തെയും ക്രൂരമായ പീഡനങ്ങൾക്ക് ശോഭന തിലകും കൂട്ടാളികളും ഇരകളാക്കിയത്.
ദിവസവും മർദിക്കുകയും പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാൻ അവസരം നൽകാതെ പീഡിപ്പിക്കുകയുമായിരുന്നു. നാല് മാസം മുമ്പ് ഇവിടെ എത്തിച്ച ഇവരെ കുട്ടിയെ അടക്കം ഉപയോഗിച്ച് ആഭിചാരക്രിയകൾ നടത്തി. ഇതര മതസ്ഥരായ ഇവരെ നിർബന്ധിച്ച് കളം വരച്ച് ദുർമന്ത്രവാദം നടത്താൻ ഉപയോഗിക്കുമായിരുന്നുവെന്ന് ശുഭയുടെ ഭർതൃമാതാവ് എസ്തർ പറയുന്നു.
ശുഭക്കും ഭർത്താവ് അനീഷിനും കേസിൽ ജാമ്യമെടുക്കാൻ നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് പത്ത് ദിവസമായി ഉപദ്രവം നടത്തിയത്. ഇലന്തൂർ നരബലി സംഭവത്തിന് പിന്നാലെ ആഭിചാരക്രിയകൾ നടത്തിയ സംഭവത്തിൽ ശോഭന തിലകിനെ അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാർ വീട് അടിച്ചുതകർക്കുകയും ചെയ്തു.
നിരവധി പരാതിയാണ് ഇവർക്കെതിരെ എത്തിയിരുന്നത്. ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ ഇവിടെ എത്തിയ സ്ത്രീയെ ശോഭന വടികൊണ്ട് അടിക്കുന്നതിന്റെയും ഇവർ മയങ്ങിവീഴുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെഴുവേലിയിൽ വാസന്തി എന്ന ശോഭന തിലക് വാസന്തി അമ്മാൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.