കോഴിക്കോട്: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനത്തു. മധ്യ-തെക്കൻ കേരളത്തിലാണ് വ്യാപക മഴ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന മഴക്ക് ശമനമില്ല. റോഡുകളും വീടുകളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും വ്യാപകമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഞ്ഞ അലർട്ട്
മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജൂൺ ഒന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
രണ്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
സംസ്ഥാനത്ത് ആകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളിലെ 2054 പേരെ മാറ്റിപാർപ്പിച്ചു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.