സുരേഷിന്റെ ‘റമദാൻ സമ്മാനം’: പുനലൂർ മുൻ നഗരപിതാവ് സലാമിന് ഇനി സ്വന്തം വീട്

വാടക വീട്ടിൽ കഴിയുന്ന പുനലൂർ നഗരസഭ മുൻ ചെയർമാൻ യു.കെ. അബ്ദുൽ സലാമിന് പ്രമുഖ പ്രവാസി വ്യവസായി എസ്.പി. സുരേഷ് നിർമിച്ചു നൽകിയ വീട്. ഉൾചിത്രത്തിൽ സുരേഷ്

സുരേഷിന്റെ ‘റമദാൻ സമ്മാനം’: പുനലൂർ മുൻ നഗരപിതാവ് സലാമിന് ഇനി സ്വന്തം വീട്

പുനലൂർ (കൊല്ലം): ദീർഘകാലത്തെ നിസ്വാർഥ പൊതുപ്രവർത്തനത്തിനൊടുവിൽ വാടകവീട്ടിൽ കഴിയുന്ന പുനലൂരിന്‍റെ മുൻ നഗരപിതാവിന് പ്രവാസി വ്യവസായിയുടെ റമദാൻ സമ്മാനമായി സ്വന്തം വീട്. തനിക്കും കുടുംബത്തിനും തലചായ്ക്കാൻ ഒരു കൂരയെങ്കിലും നിർമിക്കാൻ കഴിയാത്ത മുൻ നഗരസഭ ചെയർമാൻ യു.കെ. അബ്ദുൽ സലാമിനാണ് പ്രമുഖ പ്രവാസി വ്യവസായി എസ്.പി. സുരേഷ് സ്വന്തമായി സ്ഥലവും പുതിയ വീടും നൽകിയത്.

ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ സി.പി.എമ്മിന്‍റെ വേരോട്ടത്തിന് ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് യു.കെ എന്ന അബ്ദുൽ സലാം. നല്ല കാലത്ത് പാർട്ടിക്കാർക്ക് എന്നും താങ്ങും തണലുമായിരുന്ന യു.കെയുടെയും കുടുംബത്തിന്‍റേയും ജീവിത സാഹചര്യങ്ങൾ ചെറുപ്രായം മുതൽ നേരിൽ മനസിലാക്കിയാണ് സ്വന്തം നാട്ടുകാരൻ കൂടിയായ സുരേഷ്, ഫുൾ ഫർണിഷ്ഡ് വീട് റമദാൻ സമ്മാനമായി കൈമാറിയത്.

പുനലൂർ നഗരസഭ മുൻ ചെയർമാനും സി.പി.എം നേതാവുമായിരുന്ന യു.കെ. അബ്ദുൽസലാമിന് പ്രവാസി വ്യവസായി നിർമിച്ചു നൽകിയ വീട് കൈമാറുന്നു

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റുകൂടിയായ എസ്.പി സുരേഷ്, തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായാണ് അർഹതപ്പെട്ട മറ്റ് രണ്ടുപേർക്ക് കൂടി വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്. പുനലൂർ പേപ്പർമിൽ അരയേക്കർ ഭാഗത്ത് ആറു സെന്‍റു ഭൂമി വാങ്ങി നിർമിച്ച രണ്ട് വീടുകളിൽ ആദ്യത്തേതാണ് രണ്ടു തവണ നഗരസഭ കൗൺസിലറും ഒരു പ്രാവശ്യം ചെയർമാനുമായിരുന്ന യു.കെക്ക് കൈമാറിയത്. രണ്ട് ബെഡ് റൂം, അടുക്കള, ഹാൾ, ബാത്ത് റൂം, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉള്ള വീട്ടിൽ ആവശ്യമുള്ള എല്ലാം ഫർണിച്ചറും രണ്ടു മാസത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും സജ്ജമാക്കിയിരുന്നു.

സി.പി.എം സംഘടിപ്പിച്ച ഗൃഹപ്രവേശന ചടങ്ങിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും നേതാക്കളുമടക്കം നിരവധി പേർ പ​ങ്കെടുത്തു. ഇവർ ഉപഹാരമായി നൽകിയ പണം സമാഹരിച്ച് പുനലൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച് യു.കെയുടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കും പണം ലഭ്യമാക്കാനും തീരുമാനിച്ചു.

ചടങ്ങിൽ എസ്.പി സുരേഷിന് സി.പി.എം പുനലൂർ ഏരിയ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന കമ്മറ്റിയംഗം എസ്. ജയമോഹൻ കൈമാറി. സൗഹൃദ സംഗമം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗം എം.എ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ. പി. സജി, ജില്ല കമ്മറ്റിയംഗങ്ങളായ ജോർജ് മാത്യു, എസ്. ബിജു, കോൺഗ്രസ് നേതാവ് നെൽസൺ സെബാസ്റ്റ്യൻ, എൻ.സി.പി നേതാവ് ഡി. ധർമരാജൻ, നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത, ജില്ല പഞ്ചായംഗം ഡോ. കെ. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സി. വിജയൻ, വാർഡ് മെമ്പർ ഷിബു, എ.ആർ. കുഞ്ഞുമോൻ, എസ്. അൻവർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - SP Suresh's 'Ramadan gift' to punalur municipality former chairman UK Abdul Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.