കൊച്ചി: നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ ലഭ്യമാക്കാൻ ബാങ്കുകളുടെ കണ്‍സോർട്യവുമായി സപ്ലൈകോ കരാര്‍ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ചേര്‍ന്ന് രൂപവത്കരിച്ചതാണ് കണ്‍സോർട്യം.
കരാർ പ്രകാരം 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് സപ്ലൈകോക്ക് കൺസോർട്യം വായ്പ നൽകുക. നേരത്തേയുള്ള പി.ആർ.എസ് വായ്പ പദ്ധതി പ്രകാരം 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസോർട്യം വായ്പയിലൂടെ പ്രതിവർഷം 21 കോടി രൂപയുടെ ബാധ്യത സപ്ലൈകോക്ക് കുറയും. പി.ആർ.എസ് വായ്പ സംബന്ധിച്ച് കർഷകർക്കുണ്ടായിരുന്ന വിവിധ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ ക്രമീകരണം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ, തിരിച്ചടവ് വൈകുന്ന സാഹചര്യമുണ്ടായാൽ കർഷകൻ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവുകയും സിബിൽ സ്കോർ കുറയുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയിലേക്ക് മാറാൻ സപ്ലൈകോ തീരുമാനിച്ചത്. സർക്കാർ ജാമ്യം നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കൺസോർട്യം മുഖാന്തരം സപ്ലൈകോക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത്.
എസ്.ബി.ഐ അസി. ജനറൽ മാനേജർ ഡോ. എസ്. പ്രേംകുമാർ, കാനറ ബാങ്ക് ചീഫ് മാനേജർ ജി. പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡീ. ജനറൽ മാനേജർ ആർ.എൻ. സതീഷും കരാറിൽ ഒപ്പുവെച്ചു. സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷിയും എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിഹരനും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.